റിയാദ്: സൗദിയിലെ വിദേശ തൊഴിലാളികൾക്ക് വൻ തിരിച്ചടിയാകുന്ന മൗസൂൻ നിതാഖാത്തിന് ഡിസംബർ 11 ഓടെ തുടക്കമാകും. സ്വദേശിവത്കരണത്തിന്റെ സുപ്രധാന ഘട്ടമെന്ന് വിശേഷിപ്പിക്കുന്ന മൗസൂൻ നിതാഖത്ത് മലയാളികൾക്കാണ് പ്രധാനമായും തിരിച്ചടിയാകുന്നതെന്നാണ് റിപ്പോർട്ട്.

മുഖ്യനടത്തിപ്പ് ചുമതലകളിൽ സ്വദേശികളായവരെ നിയമിക്കുന്നതിനുള്ളതാണ് പുതിയ നിയമം. സൗദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണ് നിതാഖാതിന്റെ മൂന്നാം ഘട്ടമായ മൗസൂൻ നിതാഖാത് നടപ്പിലാക്കുന്നത്. സ്വദേശികളുടെ എണ്ണം വർധിപ്പിക്കുന്നതിനേക്കാൾ മുഖ്യചുമതലകളിൽ സ്വദേശികളെ നിയമിക്കുന്നതിനാണ് പദ്ധതി ഊന്നൽ നൽകുന്നത്.

സൗദിയിലെ സ്ഥാപനങ്ങളുടെയെല്ലാം മുഖ്യനടത്തിപ്പുകാരായി സ്വദേശികളെ നിയമിക്കുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി. ഇതോടെ സുപ്രധാന ജോലികളിൽ നിന്ന് ക്രമേണ വിദേശികളെ ഒഴിവാക്കുകയും ചെയ്യും. മലയാളികളുൾപ്പെടെയുള്ള പ്രവാസികളെയാണ് നിതാഖാത് പ്രതികൂലമായി ബാധിക്കുക.

സ്വകാര്യ മേഖലയിലെ ജോലികളിലേക്ക് സ്വദേശികളെ ആകർഷിക്കുക, വിദേശികൾക്ക് നൽകുന്ന മുൻഗണന ഒഴിവാക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾക്കാണ് പുതിയ മൗസൂൻ നിതാഖാത് പദ്ധതിയിൽ ഊന്നൽ നൽകുന്നത്. സൗദി പൗരന്മാർക്ക് വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് മികച്ച ജോലി ഉറപ്പുവരുത്തുന്നതിലും നിതാഖാത് ഊന്നൽ നൽകുന്നു.

ഡിസംബർ 11ഓടെ ആരംഭിക്കാനിരിക്കുന്ന മൗസൂൻ നിതാഖാതിന്റെ ഭാഗമായി സൗദിയിലെ യുവാക്കൾക്ക് വിവിധ തൊഴിൽ മേഖലകളിൽ പരിശീലനം ആരംഭിച്ചിട്ടുണ്ട്. നിയമം, ടൂറിസം, മാനേജ്മെന്റ്, ടെലികമ്യൂണിക്കേഷൻ എന്നീ വിഷയങ്ങളിൽ സൗദിയിലെ ടെക്നിക്കൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടാണ് പരിശീലനം നൽകുന്നത്.