വിക്ടോറിയ: മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ ഓണാഘോഷം ഏറ്റവും വിപുലവും വർണാഭാവുമായി ഓഗസ്റ്റ് 16 ന് നടത്തും.സ്പ്രിങ് വേൽ  കമ്മ്യൂണിറ്റി ഹാളിലാണ് മെൽബണിലെ പ്രഥമ മലയാളീ സംഘടനയുടെ ഈ വർഷത്തെ ഓണാഘോഷം അരങ്ങേറുക.

നാട്ടിൽ നിന്നും, കുടുംബ സദസ്സുകൾക്ക് ഹരമാകുന്ന, പ്രായഭേദമന്യേ എല്ലാവർക്കും ചിരിയുടേയും, ചിന്തയുടെയും, കലയുടെയും  വിരുന്നൂട്ടുന്ന സെലിബ്രിറ്റികളെ കൊണ്ട് വരുന്ന കാര്യം സജീവ പരിഗണനയിൽ ഉണ്ടെന്നും ഇതുസംബന്ധിച്ചു ചേർന്ന യോഗം അറിയിച്ചു.
ഓണാഘോഷ ദിനത്തോടനുബന്ധിച്ചു പ്രചരിപ്പിക്കുന്ന സുവനീറിലേക്ക്, കഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവ  ക്ഷണിച്ചു കൊള്ളുന്നതായും ഭാരവാഹികൾ അറിയിച്ചു.

മലയാളീ സമൂഹത്തിന്റെ വായനാശീലം വളർത്തുന്നതിനു വേണ്ടി ഒരു ഗ്രന്ഥശാല തുടങ്ങുവാനുള്ള സ്ഥലവും, പുസ്തകങ്ങൾ വാങ്ങുവാനുള്ള ഫണ്ടും കണ്ടെത്തേണ്ടാതിനായുള്ള കമ്മിറ്റിയെ നിയോഗിക്കുവാനും യോഗം തീരുമാനിച്ചു.  മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ, ഈ വർഷത്തെ പുതിയ ഭാരവാഹികളുടെ പ്രഥമ എക്‌സിക്യൂട്ടീവ് യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

ഹാലം കമ്യൂണിറ്റി ഹാളിൽ നടന്ന യോഗം സംഘടനയുടെ രക്ഷാധികാരിയും, മെൽബണിലെ ആദ്യ പ്രവാസിയും ആയിരുന്ന  ഡോ : രാമൻ മാരാരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ടാണ് നടപടിക്രമങ്ങൾ ആരംഭിച്ചത്.  ഡോ : രാമൻ മാരാരുടെ പേരിൽ, മെയ് 31ന് നടാടെ ഫുട്‌ബോൾ ടൂർണമെന്റ് നടത്തി, ഓണദിനത്തിൽ സമ്മാനദാനം നടത്തുവാനും, നിലവിൽ ഒഴിവു വന്ന രക്ഷാധികാരിയുടെ സ്ഥാനത്തേക്ക് സംഘടനയുടെ പഴയകാല പ്രവർത്തകരെ, പുതിയ രക്ഷാധികാരികളായും, ഉപദേശക സമിതി അംഗങ്ങളുമായി തിരഞ്ഞെടുക്കുവാൻ വേണ്ട നടപടികൾ കൈക്കൊള്ളുവാൻ, കഴിഞ്ഞ ജനറൽ ബോഡി മീറ്റിംഗിൽ തീരുമാനം ആയിട്ടുള്ളതിനാൽ,  മേൽപറഞ്ഞ  തീരുമാനത്തെ നിലവിലുള്ള സംഘടനാ നിയമാവലിയിൽ ഉൾപ്പെടുത്തി, അത് വിപുലീകരിക്കാവാനും യോഗം തീരുമാനിച്ചു.

മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ  എന്ന സംഘടനയെ അതിന്റെ പ്രതാപ കാലത്തേക്ക് മടക്കി കൊണ്ടുവരുവാൻ, ഈ സംഘടനയുടെ ജീവാത്മാവും, പരമാത്മാവും രക്ഷാധികാരിയുമായിരുന്ന ഡോ : രാമൻ മാരാരുടെ ദീർഘ വീക്ഷണത്തോട് നീതി പുലർത്തി കൊണ്ട് അദ്ദേഹം സ്വപ്നം കണ്ട മലയാളീ ഐക്യം ഈ കങ്കാരു ദേശത്തിലെ പ്രവാസ ലോകത്തിൽ പ്രായോഗികമാക്കുവാൻ എല്ലാവരും ആത്മാർഥമായി സഹകരിക്കണം എന്ന് സംഘാടകർ അറിയിച്ചു.