- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാവേലി എക്സ്പ്രസിൽ എഎസ്ഐ മർദ്ദിച്ചയാളെ തിരിച്ചറിഞ്ഞു; മർദ്ദനമേറ്റത് കൂത്തുപറമ്പ് സ്വദേശി പൊന്നൻ ഷമീറിന്; സ്ത്രീപീഡനം, മാല പിടിച്ചു പറിക്കൽ, ഭണ്ഡാര മോഷണം തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതി; ഷമീറിനെ ഇനിയും കണ്ടെത്താൻ സാധിച്ചില്ലെന്ന് പൊലീസ്
കണ്ണൂർ: മാവേലി എക്സ്പ്രസിൽ പൊലീസിന്റെ മർദനത്തിന് ഇരയായ ആളെ തിരിച്ചറിഞ്ഞു. കൂത്തുപറമ്പ് സ്വദേശി പൊന്നൻ ഷമീർ എന്നയാൾക്കാണ് മർദനമേറ്റത് എന്നാണ് പൊലീസ് നൽകുന്ന വിവരം. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇയാളുടെ പേരിൽ സ്ത്രീപീഡം അടക്കം ക്രിമിനൽ കേസുകൾ ഉണ്ടെന്നാണ് പൊലീസ് ഭാഷ്യം. മാല പിടിച്ചു പറിക്കൽ, ഭണ്ഡാര മോഷണം തുടങ്ങിയ കേസുകളിലാണ് പൊന്നൻ ഷമീർ പ്രതിയായിട്ടുള്ളത്. അഞ്ച് കേസുകളാണ് ഇയാൾക്കെതിരെ ഉള്ളതെന്നാണ് റിപ്പോർ്ടുകൾ.
ഷമീറിന്റെ ദൃശ്യങ്ങൽ കണ്ട് ബന്ധുക്കളാണ് തിരിച്ചറിഞ്ഞത്. സിസിടി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് ഇയാളെ കണ്ടെത്തിയത്. അൻപതുകാരനായ ഷമീർ ഇരിക്കൂരിലാണ് നിലവിൽ താമസിക്കുന്നത്. ഇയാളെ ഇപ്പോഴും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇയാൾ മദ്യപിച്ചാണ് യാത്രചെയ്തതെന്നും സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നും പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. ഇയാളെ മർദിച്ച എഎസ്ഐ എംസി പ്രമോദിനെ സസ്പെന്റ് ചെയ്തിരുന്നു. ഇന്റലിജൻസ് എഡിജിപിയാണ് നടപടി സ്വീകരിച്ചത്.
ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്രചെയ്തതിനു മാവേലി എക്സ്പ്രസിലെ യാത്രക്കാരനെ മർദിച്ചതിൽ പൊലീസിന് വീഴ്ചപറ്റിയെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. എഎസ്ഐ മനുഷ്യത്വ രഹിതമായി പെരുമാറിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് എസ്പി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നടപടി.
ട്രെയിനിലെ ടിടിഇയുടെ ആവശ്യപ്രകാരമാണ് പൊലീസ് ഉദ്യോഗസ്ഥൻ ഇടപെട്ടത്. ട്രെയിനിൽ നിന്ന് ഇറക്കുമ്പോൾ ചവിട്ടിയത് ഗുരുതരമായ തെറ്റാണെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ ടിടിഇ കുഞ്ഞഹമ്മദ് റെയിൽവെയ്ക്ക് വിശദീകരണം നൽകിയിരുന്നു. മദ്യപൻ ശല്യം ചെയ്യുന്നതായി വനിതാ യാത്രക്കാർ പരാതി നൽകിയിരുന്നുവെന്ന് ടിടിഇ റിപ്പോർട്ട് നൽകി. വനിതാ യാത്രക്കാർ ആവശ്യപ്പെട്ടിട്ടും മാറി ഇരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനറൽ ടിക്കറ്റുമായി സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്ത യാത്രക്കാരനെ, സ്ലീപ്പർ കംപാർട്ട്മെന്റിലേക്ക് പരിശോധനയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ ചവിട്ടി പുറത്താക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കയ്യിലുള്ള ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ട പൊലീസ്, യാത്രക്കാരൻ ബാഗിൽ ടിക്കറ്റ് തിരയുന്നതിനിടെ ചവിട്ടുകയും മർദിക്കുകയും ചെയ്യുകയായിരുന്നു. ശേഷം വടകര സ്റ്റേഷനിൽ ഇറക്കിവിട്ടു. മാവേലി എക്സ്പ്രസ് കണ്ണൂരിൽ നിന്ന് പുറപ്പെട്ട സമയത്താണ് സംഭവമുണ്ടായത്. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യാത്രക്കാരനാണ് ദൃശ്യങ്ങൾ പകർത്തിയത്.
മറുനാടന് മലയാളി ബ്യൂറോ