- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിൽ ജീവിത സമ്പാദ്യമായ ഏഴു ലക്ഷം നിക്ഷേപത് വെള്ളത്തിൽ എറിഞ്ഞതു പോലായി; പാർക്കിൻസൺസ് രോഗം ബാധിച്ചയാൾക്ക് മരണദിനം വരെയും ഒരു രൂപപോലും തിരികെ നൽകാതെ വഞ്ചിച്ചു ബാങ്ക്; സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായി നിക്ഷേപത്തുകക്ക് കാത്തുനിൽക്കാതെ ത്യാഗരാജപ്പണിക്കരുടെ മടക്കം
മാവേലിക്കര: സഹകരണ രംഗത്തെ തട്ടിപ്പുകൾ നൂറുകണക്കിന് ആളുകളുടെ ജീവനെടുക്കുകയാണ്. ജീവിതസമ്പാദ്യം മുഴുവൻ സഹകരണ പ്രസ്ഥാനത്തിൽ വിശ്വസിച്ചു നിക്ഷേപിച്ചവർക്ക് കിടപ്പാടം പോലും പോകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. കരുവന്നൂരിൽ നിരവധി ജീവനുകൾ ഇത്തരത്തിൽ കാണാം. അതേസമയം മാവേലിക്കര താലൂക്ക് സഹകരണബാങ്ക് തഴക്കര ശാഖയിലെ സാമ്പത്തിക ക്രമക്കേടിനെത്തുടർന്നു പണം നഷ്ടമായവരുമുണ്ട്. ഇക്കൂട്ടത്തിൽ ഒരാളായിരുന്നു ത്യാഗരാജപ്പണിക്കർ.
ജീവിതസമ്പാദ്യം ചികിത്സയ്ക്കു പ്രയോജനപ്പെടാതെ ത്യാഗരാജപ്പണിക്കർ (74) യാത്രയായി. പാർക്കിൻസൺസ് രോഗംബാധിച്ചു ചികിത്സയിലായിരുന്ന തഴക്കര വഴുവാടി ആര്യഭവനത്തിൽ ത്യാഗരാജപ്പണിക്കർ തിങ്കളാഴ്ചയാണു മരിച്ചത്. പണിക്കർക്കു പ്രതിമാസം 70,000 രൂപയോളമാണ് ചികിത്സയ്ക്കായി ചെലവായിരുന്നത്. ഇദ്ദേഹത്തിന്റെയും ഭാര്യ വിജയകുമാരിയുടെയും പേരിൽ എട്ടരലക്ഷത്തോളം രൂപ മാവേലിക്കര താലൂക്ക് സഹകരണബാങ്കിന്റെ തഴക്കര ശാഖയിൽ നിക്ഷേപമായുണ്ടായിരുന്നു.
ചികിത്സയ്ക്കായി കുറച്ചെങ്കിലും പണം നൽകണമെന്നപേക്ഷിച്ചു പലതവണ വിജയകുമാരി ബാങ്കിൽ കയറിയിറങ്ങി. ഇവരുടെയുൾപ്പെടെയുള്ളവരുടെ നിക്ഷേപത്തിൽനിന്ന് ആരോ 50 ലക്ഷംരൂപ വ്യാജവായ്പയെടുത്തിട്ടുണ്ടെന്ന കാരണത്താൽ ബാങ്കധികൃതർ മടക്കി. പണിക്കരുടെ ചികിത്സയ്ക്കായി ആറരലക്ഷം രൂപയാണു കുടുംബത്തിനു ചെലവായത്. ബന്ധുക്കളുടെ സഹായത്താലും വായ്പയെടുത്തുമായിരുന്നു ചികിത്സ.
ഇതുവരെ എട്ടുപേരാണ് തഴക്കര ശാഖയിലെ സാമ്പത്തികത്തട്ടിപ്പുമൂലം ദുരിതമനുഭവിച്ചു മരിച്ചത്. ഒട്ടേറെപ്പേർ ചികിത്സയ്ക്കു പണമാവശ്യപ്പെട്ട് ബാങ്കധികൃതരെ സമീപിക്കുന്നുണ്ട്. 65 വയസ്സുപിന്നിട്ടവരാണ് നിക്ഷേപകരിൽ ഭൂരിഭാഗവുമെന്നതിനാൽ ചികിത്സയ്ക്കായും മറ്റും നെട്ടോട്ടത്തിലാണു പലരും. മരുന്നുവാങ്ങാൻ 1,000 രൂപപോലും കൊടുക്കാനില്ലെന്നുപറയുന്ന ബാങ്കധികൃതർ കഴിഞ്ഞ മാർച്ചിൽ ജീവനക്കാരുടെ മുൻകാല ആനുകൂല്യങ്ങൾ നൽകാനായി രണ്ടുകോടി രൂപ ചെലവഴിച്ചതായി നിക്ഷേപകക്കൂട്ടായ്മ ഭാരവാഹികൾ ആരോപിച്ചു.
2016 ഡിംബറിലാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള മാവേലിക്കര താലൂക്ക് സഹകരണബാങ്കിന്റെ തഴക്കരശാഖയിൽ തട്ടിപ്പുനടന്നതായുള്ള വിവരം പുറത്തുവരുന്നത്. 38 കോടി രൂപയുടെ തട്ടിപ്പു നടന്നെന്നാണു സഹകരണവകുപ്പിന്റെ പ്രാഥമികപരിശോധനയിൽ കണ്ടെത്തിയത്.
അന്വേഷണം പൂർത്തിയാകുമ്പോൾ തട്ടിപ്പിന്റെ കണക്ക് 60 കോടിയിൽപ്പരമാകാമെന്നു വകുപ്പധികൃതർ സൂചിപ്പിക്കുന്നു. ഈടുവാങ്ങാതെ വ്യാജപ്പേരുകളിൽ വായ്പ നൽകിയും ഉരുപ്പടികളില്ലാതെ സ്വർണവായ്പ നൽകിയും മറ്റുമായിരുന്നു തട്ടിപ്പ്. ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്. അന്വേഷണം പൂർത്തിയാകുമ്പോൾ 60 കോടിക്ക് മുകളിലേക്ക് അത് ഉയരാമെന്നാണ് സഹകരണ വകുപ്പ് തന്നെ വ്യക്തമാക്കിയത്.