കണ്ണൂർ: തോക്കുക്കളുമായി കഴിഞ്ഞ ദിവസം അമ്പായത്തോട്ടിൽ പ്രകടനം നടത്തിയ മാവോയിസ്റ്റ് സംഘത്തിലുള്ളവരെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. കഴിഞ്ഞ കുറേയധികം വർഷങ്ങളായി പൊലീസ് തിരയുന്ന മാവോയിസ്റ്റ് നേതാവ് സി.പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് അമ്പായത്തോട്ടിൽ പ്രകടനം നടത്തിയെന്നാണ് വിവരം. മാവോയിസ്റ്റ് അംഗങ്ങളാ രാമു, കവിത, കീർത്തി എന്നിവരും അമ്പായത്തോട്ടിലെത്തിയ സംഘത്തിൽ ഉണ്ടെന്നാണ് വിവരം. സംഭവത്തിൽ ഇപ്പോഴും അന്വേഷണം തുടരുകയാണെന്ന് അധികൃതർ പറയുന്നു.

തോക്കേന്തിയ ആറംഗ സംഘമാണ് കൊട്ടിയൂർ അമ്പായത്തോട് ടൗണിൽ പ്രകടനം നടത്തിയത്. ഒരു വനിതയും സംഘത്തിലുണ്ടായിരുന്നു. ശനിയാഴ്ച വൈകിട്ട് ആറരയോടെ കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽനിന്നെത്തിയ ഇവർ പ്രകടനത്തിനുശേഷം ഇവിടേക്കു തന്നെ മടങ്ങി.'നക്സൽ ബാരി സിന്ദാബാദ്' ഉൾപ്പെടെയുള്ള മുദ്രാവാക്യങ്ങൾ വിളിച്ചായിരുന്നു പ്രകടനം. മാവോയിസ്റ്റ് അനുകൂല ലഘുലേഖകളും വിതരണം ചെയ്തു. കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ നിന്ന് ഇറങ്ങി വന്ന സംഘത്തിൽ ഒരു വനിത അടക്കം ആറ് പേരാണ് ഉണ്ടായിരുന്നത്.

കടയിൽ നിന്ന് അരിയും സാധനങ്ങളും വാങ്ങി പോസ്റ്ററുകൾ പതിപ്പിച്ച ശേഷമാണ് സംഘം കാട്ടിലേക്ക് മടങ്ങിയത്. വനിതാ മതിലിനെതിരെയാണ് മാവോയിസ്റ്റ് സംഘം പോസ്റ്റർ ഒട്ടിക്കുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തത്. നേരത്തെ, വയനാട് തലപ്പുഴക്കടുത്ത് പേര്യയിൽ ആയുധധാരികളായ ഒമ്പതംഗ മാവോയിസ്റ്റ് സംഘമെത്തിയ വാർത്തകൾ പുറത്ത് വന്നിരുന്നു. ആ സംഘത്തിലെ മൂന്ന് പേർ സ്ത്രീകളായിരുന്നു. പോസ്റ്ററുകൾ പതിച്ചതിനൊപ്പം ഇവർ ലഘുലേഖകൾ പ്രദേശവാസികൾക്ക് വിതരണം ചെയ്യുകയും ചെയ്തു.

കടയിൽ നിന്നും അരിയുൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങിയാണ് ഇവർ മടങ്ങിയത്. മാവോവാദി സംഘം കടയിലെത്തുമ്പോൾ കുറച്ചു പേർ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. മലയാളത്തിലാണ് ഇവർ സംസാരിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. സാധനങ്ങളുടെ പേരുകൾ എഴുതിയ കുറിപ്പുമായാണ് ഇവർ കടയിലെത്തിയത്. ആവശ്യമായ സാധനങ്ങൾ എടുത്ത ശേഷം 1,200 രൂപ കടയുടമയ്ക്ക് സംഘം നൽകി.ബ്രാഹ്മണ്യ ഹിന്ദുത്വത്തെ കുഴിച്ച് മൂടുക, മാവോയിസ്റ്റ് വിപ്ലവ ബദലിനായി പൊരുതുക എന്നാണ് പോസ്റ്ററിലുള്ളത്. കബനി ദളത്തിന്റെ ബുള്ളറ്റിനായ കാട്ടുതീയുടെ കോപ്പികളാണ് വിതരണം ചെയ്തത്.