അബുദാബി: ഫോർമുല വൺ ലോക കിരീടം റെഡ്ബുൾ താരം മാക്‌സ് വേർസ്റ്റപ്പന്. ഫോർമുല വൺ കാറോട്ട സീസണിലെ അവസാനത്തേതായ അബുദാബി ഗ്രാൻപ്രിയിൽ അവസാന ലാപ്പിൽ മുന്നേറിയാണ്
വേർസ്റ്റപ്പൻ ലോകചാംപ്യനായത്. വേർസ്റ്റപ്പൻ മെഴ്‌സിഡീസ് താരം ലൂയിസ് ഹാമിൽട്ടനെ അവസാന ലാപ്പിൽ മറികടന്നാണ് ഒന്നാമതെത്തിയത്. ഡച്ച് താരം വേർസ്റ്റപ്പന്റെ കന്നിക്കിരീടമാണിത്.

അവസാന മത്സരത്തിന് ഇറങ്ങുന്നതിനു മുൻപ് ഇരുവർക്കും ഒരേ പോയിന്റായിരുന്നു. 369.5 വീതം. നിലവിൽ ഏഴു കിരീടങ്ങളുമായി ഇതിഹാസ താരം മൈക്കൽ ഷൂമാക്കറിന് ഒപ്പമുള്ള ഹാമിൽട്ടൻ, വിജയിച്ചിരുന്നെങ്കിൽ ഏറ്റവും കൂടുതൽ എഫ് വൺ കിരീടങ്ങളെന്ന റെക്കോർഡിലെത്തുമായിരുന്നു.

നിലവിലെ ലോക ചാമ്പ്യൻ മെഴ്സിഡസിന്റെ ലൂവിസ് ഹാമിൽട്ടനും , റെഡ് ബുള്ളിന്റെ മാക്‌സ് വേർസ്റ്റപ്പനും തമ്മിലായിരുന്നു കിരീടപ്പോരാട്ടം. ഇരുവർക്കും ഒരേ പോയിന്റായതിനാൽ അബുദാബി ഗ്രാൻപ്രീയിലെ പ്രകടനം നിർണായകമായിരുന്നു.

പോൾ പൊസിഷൻ സ്വന്തമാക്കിയതോടെ നേരിയ മേൽക്കൈ നേടിയിരുന്നു. ഹാമിൽട്ടൻ രണ്ടാം സ്ഥാനത്താണ് മത്സരം തുടങ്ങിയത്. ഏതെങ്കിലും സാഹചര്യത്തിൽ ഇരുവർക്കും ഫിനിഷ് ചെയ്യാൻ കഴിയാതെ പോയാൽ സീസണിൽ കൂടുതൽ ഗ്രാൻപ്രീ വിജയിച്ച വേർസ്റ്റപ്പൻ ലോക ചാമ്പ്യനായി മാറുമായിരുന്നു. എന്നാൽ അബുദാബി ഗ്രാൻപ്രിയിൽ വിജയത്തോടെ കിരീടം സ്വന്തമാക്കാൻ വേർസ്റ്റപ്പന് സാധിച്ചു.

1974ന് ശേഷം ആദ്യമായാണ് സീസണിലെ അവസാന മത്സരത്തിലേക്ക് ഒരേ പോയിന്റുമായി രണ്ട് പേർ എത്തുന്നത്. സീസണിലെ അവസാന പോരിന് മുമ്പേ ലൂവിസ് ഹാമിൽട്ടനും മാക്‌സ് വേർസ്റ്റപ്പനുമിടയിലെ വാക്‌പോര് മുറുകിയിരുന്നു.

ഹാമിൽട്ടനേക്കുറിച്ച് സീസണിന്റെ തുടക്കത്തിലുണ്ടായിരുന്ന ബഹുമാനം നഷ്ടമായതായി വെഴ്സ്റ്റാപ്പൻ വാർത്താസമ്മേളനത്തിൽ തുറന്നടിച്ചിരുന്നു. അതേസമയം തന്റെ നിയന്ത്രണത്തിൽ ഇല്ലാത്ത കാര്യങ്ങളെ കുറിച്ച് സംസാരിക്കാൻ ഇല്ലെന്നാണ് ഹാമിൽട്ടനിന്റെ പ്രതികരണം.