- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിക്കാഹിനെത്തിയവർക്ക് നൽകിയത് മൂക്കിപ്പൊടി; വിശന്നുവരുന്നവന് ഒരു നേരത്തെ ഭക്ഷണം സൗജന്യം; പൊലീസിന്റെ തല്ലിൽ പ്രതിഷേധം മാക്‌സി മാമയാക്കി; നോട്ടുനിരോധനത്തിന്റെ കലിപ്പ് തീർത്തത് അതുവരെ സ്വരുക്കൂട്ടിയ പണം അടുപ്പിലിട്ട് കത്തിച്ച്; വേറിട്ട വഴിയിൽ നടന്നകന്ന് യഹിയ
തിരുവനന്തപുരം: ജീവിതത്തിലെ തീക്ഷ്ണമായ അനുഭവങ്ങളോട് വ്യത്യസ്തമായ രീതിയിൽ പ്രതികരിച്ച കൊല്ലം കടയ്ക്കൽ കുമ്മിൾ മുക്കുന്നം ആർ.എം.എസ് തട്ടുകട ഉടമ പുതുക്കോട് റുക്സാന മൻസിലിൽ യഹിയ അന്തരിച്ചു.
നോട്ടുനിരോധനം പ്രാബല്യത്തിൽ വന്നപ്പോൾ അടക്കം യഹിയ നടത്തിയ പ്രതിഷേധം അടക്കം വാർത്തകളിൽ പലപ്പോഴും ഇടംപിടിച്ചിരുന്നു. അത്താണിയായ ചായക്കടയിൽനിന്ന് സ്വരൂക്കൂട്ടിയ സമ്പാദ്യമായ 23,000 രൂപ അടുപ്പിലിട്ട് യഹിയ കത്തിച്ചുകളഞ്ഞായിരുന്നു അന്നത്തെ പ്രതിഷേധം. ഇതടക്കം ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങളോട് വ്യത്യസ്തമായ രീതിയിലാണ് യഹിയ പ്രതികരിച്ചിട്ടുള്ളത്.
കൊല്ലം ജില്ലയിലെ കടയ്ക്കലിൽ മുക്കുന്നം ഗ്രാമത്തിലാണ് യഹിയയുടെ സംഭവബഹുലമായ ജീവിതം. ദരിദ്രകുടുംബത്തിലെ 13 മക്കളിൽ ഒരാളായതിനാൽ വിശപ്പ് വളരെ ചെറിയ പ്രായത്തിലേ കൂട്ടുകൂടി. അതുകൊണ്ട് സ്‌കൂളിൽ പോയാലും പഠിക്കാൻ തോന്നിയില്ല. ഭക്ഷണംമാത്രം കൂലിയായിവാങ്ങി പണിയെടുത്തുവളർന്നു.
വർഷങ്ങളോളം ജോലിക്കാരനായിനിന്ന വീട്ടിൽനിന്ന് ആകെ കൂലിവാങ്ങിയത് 100 രൂപ, ബാക്കി ഭക്ഷണത്തിൽ കുറച്ചു. അയൽക്കാരിയായ സുഹ്‌റയെ വിവാഹം കഴിച്ചു. നിക്കാഹിനെത്തിയവർക്ക് നെയ്‌ച്ചോറ് കൊടുക്കാൻ പാങ്ങില്ല, പകരം വലിയവനും ചെറിയവനുമെല്ലാം ഓരോ നുള്ള് മൂക്കിപ്പൊടി കൊടുത്തു.
ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി ഗൾഫിലേക്ക്. അവിടെ ആടിനും ഒട്ടകത്തിനുമൊപ്പം. ബെന്യാമിന്റെ ആടുജീവിതത്തിലെ നജീബിനെ പോലെ. വീട്ടിലെ ദുരിതമോർത്ത് മരുഭൂമിയെ സഹിച്ചു. 18 വർഷത്തിനുശേഷം മടങ്ങാൻ തീരുമാനിച്ചു. കള്ള പാസ്‌പോർട്ടിൽ തലവെട്ടിയൊട്ടിച്ച് വിമാനംകയറി. മുംബൈയിൽ പൊലീസ് പിടികൂടി. ആഴ്ചകളോളം മർദനം. ഒടുവിൽ കഷ്ടംതോന്നി വിട്ടയച്ചു.
നാട്ടിലെത്തി ഉന്തുവണ്ടി ചായക്കട ആരംഭിച്ചു. ഒരിക്കൽ യഹിയക്ക് പൊലീസ് ഏമാന്റെ നല്ല തല്ല് കിട്ടി. കാരണമില്ലാതെ തല്ലിയതെന്തിനെന്ന് ചോദിച്ചപ്പോൾ മറുപടി: ''പൊലീസിനെ കണ്ടപ്പോൾ കൈലിയുടെ മടക്കിക്കുത്ത് അഴിച്ചില്ല!''. അതോടെ യഹിയ ഒരു തീരുമാനം എടുത്തു. മേലാൽ കൈലി ഉടുക്കില്ല. പകരം മാക്‌സി വാങ്ങി ധരിച്ചു. അതിന്റെ കുത്തഴിച്ചിട്ട് ബഹുമാനിക്കണമെന്ന് ഒരുത്തനും പറയില്ല. ബഹുമാനം പിടിച്ചുവാങ്ങാൻ വരുന്നവരോടെല്ലാമുള്ള പ്രതിഷേധം യഹിയയെ മാക്‌സി മാമ ആക്കി.
ഉന്തുവണ്ടി തട്ടുകട ക്രമേണ ആർഎംഎസ് ചായക്കടയായി. തനിനാടൻ കട. കടയിൽ സ്വന്തം നിയമവും നടപ്പാക്കി. വിശന്നുവരുന്നവന് ഒരു നേരത്തെ ഭക്ഷണം ഫ്രീ. ചിക്കൻ ഫ്രൈ ആണ് സ്‌പെഷ്യൽ. കോഴിയെ നാലായി കീറി രാവിലെ മഞ്ഞൾ പുരട്ടി വയ്ക്കും. ഉച്ചയോടെ മുളകുവെള്ളത്തിൽ പുഴുങ്ങി എടുക്കും. മസാല തേച്ച് വൈകുന്നേരംവരെ അടച്ചുവയ്ക്കും. വറ്റൽ മുളകും പിരിയൻ മുളകുമെല്ലാം വിശ്വാസമുള്ള കടയിൽനിന്ന് വാങ്ങി സ്വന്തമായി ഉണ്ടാക്കുന്ന മസാല.
ചോറിന് 10 രൂപ, കപ്പയ്ക്കും 10 രൂപ, അര പ്ലേറ്റ് കോഴിക്കറി 40 രൂപ, അച്ചാറും സലാഡും ഉൾപ്പെടെ 60 രൂപയ്ക്ക് വയറുനിറയെ കഴിക്കാം. 5 ചിക്കൻകറി വാങ്ങിയാൽ ഒരെണ്ണം ഫ്രീ. 10 ദോശയ്ക്ക് രണ്ട് ദോശ ഫ്രീ. എന്നിങ്ങനെ ഓഫറുകൾ. ചന്തയിൽ കോഴി വില കുറയുമ്പോൾ ആർഎംഎസിൽ കോഴിഫ്രൈയുടെ വിലയും കുറയും. പക്ഷേ, ശ്രദ്ധിക്കേണ്ടകാര്യം മറ്റൊന്നാണ്. രണ്ടാമത് വാങ്ങുന്ന ചോറ് ബാക്കിവച്ചാൽ 25 രൂപ ഫൈൻ അടയ്ക്കണം. അല്ലെങ്കിൽ കടയുടമയുടെ വിധം മാറും. ഷട്ടർ താഴ്‌ത്തിയിട്ട് വിരട്ടും. ചിലപ്പോൾ അടിയും കിട്ടും.
ചിക്കൻ പൊരിക്കാൻ ഉപയോഗിച്ച എണ്ണ പിറ്റേന്ന് ഉപയോഗിക്കില്ല. അത് മറ്റ് ഹോട്ടലുകാർക്കോ അപരിചിതർക്കോ വിൽക്കില്ല. റബർ ഷീറ്റ് പുകയ്ക്കാൻ വിറകു കത്തിക്കാൻ കൊടുക്കും. വിശപ്പിന്റെ വില നന്നായി എനിക്കറിയാം. അതുകൊണ്ട് വിശന്നുവരുന്ന ആർക്കും ഒരു നേരത്തെ ഭക്ഷണം ഫ്രീ. ഒരു ദിവസത്തെ അധ്വാനത്തിന് പ്രതിഫലം 500 രൂപ മതി. ബാക്കിയെല്ലാം വിശക്കുന്നവർക്ക് ഫ്രീ.
അങ്ങനെ ഇരിക്കെയാണ് യഹിയയുടെ ജീവിത്തെ മാറ്റിമറിച്ച മറ്റൊരു സംഭവം ഉണ്ടായത്. ഒരു ദിവസം രാത്രി കടയിലെത്തിയ രണ്ടുപേർ വയറു നിറയെ ഭക്ഷണം കഴിച്ചു. ഇറങ്ങാൻനേരം പണം കൊടുക്കുത്തില്ല. യഹിയയെ തള്ളിമാറ്റി കടയിൽ ഉണ്ടായിരുന്ന പണവും വാരി ഓടി. അന്നുമുതൽ പണം കടയിൽ സൂക്ഷിക്കുന്ന സമ്പ്രദായം നിർത്തി. കിട്ടുന്ന പണം റോഡരികിലോ മറ്റോ കുഴിച്ചിടും.
അങ്ങനെ പറമ്പിലും പരിസരത്തുമായി കുഴികളിൽ കിടന്ന യഹിയയുടെ സമ്പാദ്യം പെരുകവെയാണ് 2016 നവംബർ എട്ട് എത്തുന്നത്. പ്രധാനമന്ത്രി നോട്ട് നിരോധിച്ചു. കുഴികളിൽനിന്ന് വാരിയെടുത്തതെല്ലാംകൂടി യഹിയയുടെ മുന്നിൽ 23000 രൂപയുണ്ട്. പണവുമായി നെട്ടോട്ടമായി. ബാങ്കുകൾക്ക് മുന്നിലെ രാജ്യത്തെ പൗരന്മാരുടെ ക്യൂവിൽ യഹിയയും. സഹകരണബാങ്കിൽ മാത്രമേ അക്കൗണ്ടുള്ളൂ.
പ്രമേഹബാധിതനായ യഹിയ നെട്ടോട്ടത്തിനൊടുവിൽ ബാങ്കിനുമുന്നിൽ കുഴഞ്ഞുവീണു. ആശുപത്രിയിൽനിന്ന് നേരെ മടങ്ങിവന്ന് ചിക്കൻ പൊരിക്കാൻ അടുപ്പുകൂട്ടി. നോട്ടുകൾ ഒന്നൊന്നായി അതിൽ ഇട്ട് കത്തിച്ചു. നേരെ ബാർബർ ഷോപ്പിലേക്ക്. തലമുടി നേർപകുതി വടിച്ചുമാറ്റി. നോട്ടുനിരോധനത്തിന്റെ രണ്ടാംവാർഷികത്തിൽ പകുതി മീശയും എടുത്തു. അധികാര ഗർവിനെതിരെയുള്ള സാധാരണക്കാരന്റെ മൂർച്ചയുള്ള സമരം.
നാട്ടുകാർ മാക്‌സി മാമ എന്ന് വിളിക്കുന്ന യഹിയയുടെ അസാധാരണ ജീവിതത്തെക്കുറിച്ച്, കടുംപിടിത്തങ്ങളെക്കുറിച്ച്, രോഷത്തെക്കുറിച്ച് മാധ്യമപ്രവർത്തകൻ സനു കുമ്മിൾ തയ്യാറാക്കിയ ഡോക്യുമെന്ററിയായ ഒരു ചായക്കടക്കാരന്റെ മൻ കി ബാത് കേരളത്തിന്റെ പതിനൊന്നാം രാജ്യാന്തര ഡോക്യുമെന്ററി മേളയിൽ ഏറ്റവും മികച്ച ഷോർട്ട് ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം നേടിയിരുന്നു.
ന്യൂസ് ഡെസ്ക്