ദുബായ്: വിദ്യാർത്ഥികൾക്ക് ഒരു വർഷം എടുക്കാവുന്ന അവധി ദിവസങ്ങളുടെ പരിധി പരമാവധി  21 ദിവസമായി നിജപ്പെടുത്തിയതായി ഹ്യൂമൻ ആൻഡ് നോളജ് അഥോറിറ്റി വ്യക്തമാക്കി. 2014- 15 അധ്യയന വർഷം തന്നെ ഇതു പ്രാബല്യത്തിൽ വരുമെന്നും ചില അടിയന്തിര ഘട്ടങ്ങളിൽ ഈ പരിധിക്ക് മാറ്റം അനുവദിക്കുമെന്നും കെഎച്ച്ഡിഎ വക്താവ് വെളിപ്പെടുത്തി.

രോഗങ്ങൾ, കുടുംബത്തിലുണ്ടാകുന്ന അടിയന്തിര സാഹചര്യങ്ങൾ തുടങ്ങിയ സന്ദർഭങ്ങളിലാണ് വിദ്യാർത്ഥികളുടെ അവധി ദിനങ്ങൾ 21 ദിവസത്തിൽ കൂടുതൽ അനുവദിക്കുന്നത്. അതേസസമയം ഈ അധ്യയന വർഷം പ്രവർത്തി ദിനങ്ങളുടെ എണ്ണം 189 ആയി വർധിപ്പിച്ചിട്ടുമുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് പത്തു ശതമാനം വർധനയാണ് അധ്യയന ദിവസങ്ങളിൽ വന്നിട്ടുള്ളത്.

ഹ്യൂമൻ ആൻഡ് നോളജ് അഥോറിറ്റി ഇത്തരത്തിൽ കുട്ടികളുടെ അവധിക്ക് പരിധി വച്ചതോടെ സ്‌കൂൾ അധികൃതരും ഇക്കാര്യത്തിൽ നിലപാട് കർക്കശമാക്കിയിട്ടുണ്ട്. നിശ്ചിത ഹാജൻ നില നിർബന്ധമാണെന്ന് വ്യക്തമാക്കിക്കൊണ്ട് മിക്ക സ്വകാര്യ സ്‌കൂളുകളും രക്ഷിതാക്കൾക്ക് കത്തയച്ചിട്ടുണ്ട്. ചില സ്‌കൂളുകൾ 90 ശതമാനം ഹാജർ നിർബന്ധമാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.

നീണ്ട അവധിയെടുക്കുന്നതിന് മുമ്പായി പ്രിൻസിപ്പലിൽ നിന്ന് നേരിട്ട് അനുമതി വാങ്ങണമെന്നും കൂടാതെ നിശ്ചിത ഫോറം പൂരിപ്പിച്ച് നൽകി പ്രത്യേകം അനുമതി തേടണമെന്നുമാണ് ചില സ്‌കൂളുകൾ നിഷ്‌ക്കർഷിച്ചിരിക്കുന്നത്. സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥികൾ നാട്ടിൽ പോകുന്നതുമായി ബന്ധപ്പെട്ട് നീണ്ട അവധിയെടുക്കുന്നത് പതിവാക്കിയതോടെയാണ് അധികൃതർ ഇത്തരത്തിൽ നിർദ്ദേശം പുറപ്പെടുവിക്കാൻ കാരണം.