ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം തുടങ്ങാൻ ഒരു ദിവസം മാത്രം ബാക്കിയിരിക്കെ ഇന്ത്യക്ക് കനത്ത തിരിച്ചടി. പരിശീലനത്തിനിടെ പരിക്കേറ്റ ഓപ്പണർ മായങ്ക് അഗർവാളിന് ഒന്നാം ടെസ്റ്റ് നഷ്ടമാവും. നെറ്റ് പരിശീലനത്തിനിടെ പന്ത് ഹെൽമറ്റിൽ കൊണ്ടാണ് മായങ്കിന് പരിക്കേറ്റത്.

നേരത്തെ ഇന്ത്യൻ ടീമിൽ ഓപ്പണറായിരുന്ന ശുഭ്മാൻ ഗില്ലിനും പരിക്കേറ്റതിനെത്തുടർന്ന് ടെസ്റ്റ് പരമ്പരയിൽ നിന്നു തന്നെ ഒഴിവാക്കിയിരുന്നു. പിന്നീട് ശ്രീലങ്കൻ പര്യടനത്തിന് പോയ ഇന്ത്യൻ ടീമിലെ അംഗങ്ങളായിരുന്ന പൃഥ്വി ഷായെയും സൂര്യകുമാർ യാദവിനെയും ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലേക്ക് തെരഞ്ഞെടുത്തു.

എന്നാൽ ക്രുനാൽ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിക്കുകയും പൃഥ്വിയും സൂര്യകുമാറും അടക്കം 10 ദിവസത്തെ നിർബന്ധിത ഐസോലേഷനിൽ പോവാൻ നിർബന്ധിതരാവുകയും ചെയ്തു. മൂന്നാം ടെസ്റ്റ് മുതലെ ഇവർക്ക് ടീമിനൊപ്പം ചേരാനാവു.

ഈ സാഹചര്യത്തിൽ ആദ്യ ടെസ്റ്റിൽ രോഹിത് ശർമക്ക് ഒപ്പം മായങ്ക് അഗർവാൾ ഓപ്പണറാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇപ്പോൾ മായങ്കിനും പരിക്കേറ്റതോടെ കെ എൽ രാഹുലിനെ ഇന്ത്യ ഓപ്പണർ സ്ഥാനത്തേക്ക് പരിഗണിക്കാൻ നിർബന്ധിതരാവും. ബുധനാഴ്ച മുതൽ നോട്ടിങ്ഹാമിലാണ് അഞ്ച് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ്.

 

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുശേഷം ഇന്ത്യൻ ടീമിനൊപ്പമുണ്ടായിരുന്ന ശുഭ്മാൻ ഗില്ലിന് പുറമെ വാഷിങ്ടൺ സുന്ദർ, നെറ്റ് ബൗളറായിരുന്ന ആവേശ് ഖാൻ എന്നിവർക്കും പരിക്കേറ്റിരുന്നു.തിങ്കളാഴ്ച നെറ്റ്‌സിൽ ബാറ്റിങ് പരിശീലനത്തിനിടെ തലക്ക് പരിക്കേറ്റ മായങ്കിന്റെ ആരോഗ്യനില സൂഷ്മമായി വിലയിരുത്തുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ബിസിസിഐ വ്യക്തമാക്കി.