ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ആം ആദ്മി പാർട്ടി നേതാവ് മായങ്ക് ഗാന്ധി പാർട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവിൽനിന്നു രാജിവച്ചു. മഹാരാഷ്ട്രയിലെ ആം ആദ്മി പാർട്ടിയുടെ ചുമതലയുണ്ടായിരുന്ന വ്യക്തിയാണു മായങ്ക്.

മായങ്കിനെതിരെ പാർട്ടിയിൽ എതിർപ്പുയർന്നതിനെത്തുടർന്ന് ആം ആദ്മി പാർട്ടിയുടെ മഹാരാഷ്ട്ര യൂണിറ്റ് പിരിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെയാണു മായങ്ക് പാർട്ടി ദേശീയ എക്‌സിക്യുട്ടീവിൽനിന്നു രാജിവച്ചത്.

രാഷ്ട്രീയത്തിൽ താത്പര്യം നഷ്ടപ്പെട്ടതായും കേജരിവാളിൽ രാജ്യത്തിന് ഒരുപാട് പ്രതീക്ഷകളുണെ്ടന്നും മായങ്ക് ഗാന്ധി തന്റെ ബ്ലോഗിൽ എഴുതിയ തുറന്ന രാജിക്കത്തിൽ വ്യക്തമാക്കി. അഭിപ്രായ വ്യത്യാസങ്ങളുയർത്തി മുതിർന്ന നേതാക്കളായ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും പാർട്ടിയിൽനിന്നു പുറത്തായതിനു പിന്നാലെയാണു മായങ്ക് ഗാന്ധിയും ദേശീയ എക്‌സിക്യൂട്ടീവിൽനിന്നു രാജിവച്ചത്.

എന്ത് വിലകൊടുത്തും പാർട്ടിയെ തകർക്കാൻ കെജ്‌രിവാൾ ശ്രമിക്കുന്നെന്ന മായങ്കിന്റെ ആരോപണത്തിൽ നടപടിയെടുക്കാൻ വിസമ്മതിച്ചതിനാലാണ് മഹാരാഷ്ട്ര ഘടകം പിരിച്ചുവിട്ടത്. കുറച്ചുനാളായി രാഷ്ട്രീയത്തിലെ താൽപര്യം നഷ്ടപ്പെട്ടെന്ന് ഇതിനു ശേഷമാണ് 'അരവിന്ദിനും മറ്റ് സുഹൃത്തുക്കൾക്കും' എന്ന് അഭിസംബോധന ചെയ്ത് ബ്ലോഗിൽ തുറന്ന കത്ത് പ്രസിദ്ധീകരിച്ചത്. ഇത്തരത്തിലുള്ള മനോഭാവവുമായി ദേശീയ എക്‌സിക്യൂട്ടീവിൽ തുടരുന്നത് അഭികാമ്യമല്ല. എത്രയും പെട്ടെന്ന് രാജിയിൽ തീരുമാനമെടുക്കണമെന്നാണ് അപേക്ഷ. മഹാരാഷ്ട്രയിൽ നിന്ന് അനുയോജ്യനായ മറ്റൊരാളെ തൽസ്ഥാനത്തേക്ക് തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കത്തിൽ പറയുന്നു.

പാർട്ടി സ്ഥാപകരായ യോഗേന്ദ്ര യാദവിനും പ്രശാന്ത് ഭൂഷണും എതിരായ കേജ്‌രിവാളിന്റെ തർക്കം മുറുകിയപ്പോഴും തന്റെ ബ്ലോഗിലൂടെ വിമർശനങ്ങളുമായി ഗാന്ധി രംഗത്തെത്തിയിരുന്നു.