കോഴിക്കോട്: മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാനസമ്മേളന വേദിയിൽ പ്രസംഗിക്കാൻ അവസരം ചോദിച്ച വനിതാ ലീഗ് നേതാവ് ഖമറുന്നീസ അൻവറിനു പരസ്യ ശാസന. കോഴിക്കോട്ടെ പ്രധാന നേതാവ് മായിൻ ഹാജിയാണ് പ്രസംഗിക്കാൻ എഴുന്നേറ്റ വനിതാ ലീഗ് അധ്യക്ഷ ഖമറുന്നീസ അൻവറിനെ ശകാരിച്ചത്. സ്ത്രീകൾ ആണുങ്ങൾക്കു മുന്നിൽ പ്രസംഗിക്കുന്ന പതിവ് ലീഗിൽ ഇല്ലെന്നു പറഞ്ഞാണ് മായിൻഹാജി ഖമറുന്നീസയെ അധിക്ഷേപിച്ചത്. ലീഗ് സംസ്ഥാന സെക്രട്ടറിയാണ് മായിൻഹാജി. മായിൻഹാജി ഖമറുന്നീസയെ ശകാരിക്കുന്ന സംഭാഷണം പുറത്തായിട്ടുണ്ട്.

യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം കോഴിക്കോട് നടക്കുമ്പോഴായിരുന്നു സംഭവം. കെ.എം ഷാജി പ്രസംഗിക്കുമ്പോഴായിരുന്നു വിവാദങ്ങളുടെ തുടക്കം. ഷാജിയുടെ പ്രസംഗ ശേഷം തനിക്കു സംസാരിക്കണമെന്നു ഖമറുന്നീസ അൻവർ ആവശ്യപ്പെട്ടു. മായിൻഹാജി പ്രകോപിതനായി സംസാരിച്ചത്. ലീഗിന്റെ ചരിത്രത്തിൽ പെണ്ണുങ്ങൾ ആണുങ്ങളുടെ മുന്നിൽ സംസാരിച്ച ചരിത്രം ഇല്ലെന്നു മായിൻ ഹാജി പറഞ്ഞു. ഇസ്ലാമിലെ പുരോഗമനവാദികൾ എന്നറിയപ്പെടുന്ന മുജാഹിദ് വിഭാഗം പോലും ഇത്തരത്തിൽ അനുവദിക്കാറില്ലെന്നും മായിൻഹാജി പറയുന്നുണ്ട്.

തനിക്ക് സംസാരിക്കാൻ അവസരം ലഭിച്ചില്ലെന്നു ഖമറുന്നീസ അൻവർ സ്ഥിരീകരിച്ചു. എന്നാൽ, അന്നു ഖമറുന്നീസ അൻവർ വേദിയിൽ പോലും ഇല്ലായിരുന്നെന്നും സമ്മേളനത്തിന് ഇല്ലാത്ത ആൾ എങ്ങനെ സംസാരിക്കാൻ അവസരം ചോദിക്കും എന്നുമായിരുന്നു മായിൻ ഹാജി ആദ്യം പറഞ്ഞത്. പിന്നീട് തിരുത്തേണ്ടിയും വന്നു.

നവംബർ 10, 11, 12 തിയ്യതികളിൽ കോഴിക്കോട് ആണ് സമ്മേളനം നടന്നത്. അവസാനദിവസമായ 12നു സമാപന സമ്മേളനം നടക്കുന്ന വേദിയിലായിരുന്നു ശകാരവും അപമാനവും അരങ്ങേറിയത്. മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളായിരുന്നു ഉദ്ഘാടകൻ. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരുന്നു.

ഏകീകൃത സിവിൽ കോഡും മുത്തലാഖുമെല്ലാം ചർച്ചയാകുമ്പോഴാണ് ഈ സംഭവം പുറത്തുവരുന്നത്. ഈ നിയമസഭ തെരഞ്ഞെടുപ്പിൽ ഖമറുനീസാ അൻവറിന് മുസ്ലിം ലീഗ് സീറ്റ് നൽകുമെന്നും സൂചനയുണ്ട്. എന്നാൽ അവസാന നിമിഷം അട്ടിമറിക്കപ്പെട്ടു. സംഭവത്തോടെ ലീഗിന്റെ സ്ത്രീ വിരുദ്ധതയാണ് പുറത്തായതെന്നാണ് വിമർശനം.