ഡബ്ലിൻ: പീലി വിടർത്തി നിൽക്കുന്ന മയിലിന്റ പശ്ചാത്തലത്തിലൊരുക്കിയ നിറച്ചാർത്തുള്ള വേദിയിൽ നൂപുരമണിഞ്ഞ് ഡബ്ലിൻ ഗ്രിഫിത്ത് അവന്യൂവിലെ സ്‌കോൾമൂർ സ്‌കൂൾ ഹാളിൽ തിങ്ങി നിറഞ്ഞ സദസിനു മുമ്പാകെ ആഞ്ചലാ പ്രിൻസ്, ജസീക്കാ പ്രിൻസ്, മിഷോമി ഷജിത്ത്, ദിയാ സാജു, അമീഷ് ബെയിൻസ് എന്നീ കുട്ടികൾ ഒട്ടും പിഴവില്ലാതെയും തുടക്കക്കാരുടെ പതർച്ചയുമില്ലാതെ ഭരതനാട്യത്തിന്റെ ആദ്യ ചുവടുകൾ വച്ചു.

നൃത്താദ്ധ്യാപിക രഞ്ജിനി രാജന്റെ ചിട്ടയായ ശിക്ഷത്തിൽ കുട്ടികൾ അവതരിപ്പിച്ച പുഷ്പാഞ്ജലിയും, അലാരിപ്പും, നടേശകൗത്വവും, തില്ലാനയും താളഭാവനാട്യചാതുരികൾ ഒത്തിണങ്ങുന്നവയായിരുന്നു.

അയർലണ്ടിലെ അറിയപ്പെടുന്ന കലാകാരനായ ശംഭുദാസ് രചനയും സംഗീത സംവിധാനവും നിർവ്വഹിച്ച് സാബു ജോസഫ് ആലപിച്ച മയൂരയുടെ ടൈറ്റിൽ സോങ്ങിനൊപ്പം രഞ്ജിനിയും, ധന്യാ കിരണും, ഷിനി സിബിയും, സപ്താ രാമനും ചുവടുകൾ വച്ചു. ഇവരൊരുക്കിയ ഫ്യൂഷൻ നൃത്തരൂപവും കാണികളെ ആകർഷിച്ചു. സാബു ജോസഫും, ജാസ്മിൻ പ്രമോദും, നിഖിൽ തോമസും അരങ്ങേറ്റ വേദിയിൽ ആലപിച്ച ഗാനങ്ങൾ പരിപാടിയുടെ മാറ്റു കൂട്ടി. പ്രൊഫഷണൽ പരിപാടികളെ വെല്ലുന്ന തരത്തിലുള്ള രംഗപടമൊരുക്കി സ്‌റ്റേജ് സംവിധാനം നിർവ്വഹിച്ച അജിത്ത് കേശവനും, റിസ്സൺ ചുങ്കത്തും ശ്രദ്ധാകേന്ദ്രങ്ങളായി മാറി.



മികവുറ്റ രീതിയിൽ ശബ്ദവും വെളിച്ചവും ഒരുക്കിയത് സോൾ ബീറ്റ്‌സായിരുന്നു. ഷെറിൻ മാത്യുവും, സന്തോഷ് എബ്രഹാമും ശബ്ദവും വെളിച്ചവും വിന്യസിക്കുകയും, കിരൺ ബാബു ഇവ ഏറ്റവും മെച്ചപ്പെട്ട രീതിയിൽ നിയന്ത്രിക്കുകയും ചെയ്തത് പരിപാടിയുടെ വിജയത്തിനു കാരണമായി മാറി. അവതാരകരുടെ റോളുകളിൽ ദീപു ജോയിയും ആഗ്നൽ ജേക്കബ്ബും ഏറെ ശ്രദ്ധിക്കപ്പെട്ടു. മയൂരാ ഡാൻസ് സ്‌ക്കൂളിനുവേണ്ടി രഞ്ജിനി രാജനും കുട്ടികളുടെ മാതാപിതാക്കളെ പ്രതിനിധീകരിച്ച് സുജാ ഷജിത്തും നന്ദി രേഖപ്പെടുത്തി. നർത്തകർക്കുവേണ്ടി ചമയമൊരുക്കിയത് ബിന്ദുരാമനായിരുന്നു.

നൃത്ത പരിപാടിയുടെ അവസാന ഇനമായ മംഗളത്തിനു ചുവടുകൾ വച്ച് നർത്തകരെല്ലാം പിരിഞ്ഞു പോകുമ്പോൾ സദസ്സിൽ നിന്നുയർന്ന കരഘോഷം മികച്ച സംഘാടനം കൊണ്ട് ധന്യമായ ഒരു നല്ല പരിപാടി ആസ്വദിച്ചതിനുള്ള തെളിവായി മാറി.