ഹൂസ്റ്റൺ: മലയാളി വോട്ടുകൾ ഏറെ നിർണായകമായ മിസോറി സിറ്റി മേയർ തെരഞ്ഞെടുപ്പിൽ റോബിൻ ഇലക്കാട്ടിനെ എൻഡോർസ് ചെയ്ത് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (കേരളാ) ഹൂസ്റ്റൺ ചാപ്റ്റർ.

ആകെയുള്ള ഒരു ലക്ഷം വോട്ടർമാരിൽ ജയപരാജയങ്ങൾ നിർണയിക്കുന്ന 18 ശതമാനം മലയാളികൾ ഉള്ള മിസ്സോറി സിറ്റിയിൽ റൺ ഓഫ് മൽസരത്തിൽ മാറ്റുരയ്ക്കുന്ന റോബിൻ ഇലക്കാട്ടിന് വൻവിജയ പ്രതീക്ഷയാണുള്ളത്. സിറ്റിയിലെ മലയാളി സമൂഹം ഒറ്റക്കെട്ടായി നിന്ന് വോട്ടിങ്ങിൽ പങ്കെടുത്ത് പിന്തുണ നൽകുമെങ്കിൽ റോബിനു വിജയം സുനിശ്ചിതമാണ്.

ഇവിടെ പാർട്ടി അടിസ്ഥനത്തിലല്ല മേയർ തെരഞ്ഞെടുപ്പ് മൂന്നു പ്രാവശ്യം സിറ്റി കൗ ൺസിൽ അംഗവും ഒരു തവണ പ്രോട്ടേം മേയറുമായി അനുഭവ പരിചയം ഉള്ള റോബിൻ ഏറെ ആത്മ വിശാസത്തോടെയാണ് ഡിസംബർ 12 ലെ റൺ ഓഫിൽ മാറ്റുരക്കുന്നത്. റോബിൻ മേയർ ആയി തിരഞ്ഞെടുക്കപ്പെട്ടാൽ ടെക്‌സാസ് സംസ്ഥാനത്തു നിന്നും ഡാളസിലെ സണ്ണിവെയ്ൽ സിറ്റിയിലെ മേയർ സജി ജോർജിനു ശേഷമുള്ള രണ്ടാമത്തെ മലയാളി മേയർ ആയിരിക്കും.

കക്ഷി രാഷ്ട്രീയ ഭേദമന്യേ മലയാളി സമൂഹത്തിന്റെ മുഴുവൻ പിന്തുണയും റോബിന് ആവശ്യമായ സമയത്ത് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (കേരള) ഹൂസ്റ്റൺ ചാപ്റ്ററിന്റെ പൂർണ പിന്തുണ അറിയിക്കുയാണെന്ന് റോബിൻ ഇലക്കാട്ടിനെ എൻഡോർസ് ചെയ്തു കൊണ്ട് ഐഓസി കേരള ദേശീയ വൈസ് പ്രസിഡണ്ട് ബേബി മണക്കുന്നേൽ, ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് തോമസ് ഒലിയാംകുന്നേൽ, ജനറൽ സെക്രട്ടറി വാവച്ചൻ മത്തായി, ട്രഷറർ ഏബ്രഹാം തോമസ് എന്നിവർ അറിയിച്ചു.

നവംബർ 30 മുതൽ ഡിസംബർ 8 വരെ നടക്കുന്ന ഏർളി വോട്ടിങ്ങിലും ഡിസംബർ 12 നും വോട്ടുകൾ ചെയ്യുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. മലയാളി സമൂഹത്തിനു സുപ്രധാനമായ ഈ തിരഞ്ഞെടുപ്പിൽ റോബിന്റെ വിജയം സുനിശ്ചിതമാക്കാൻ ഏവരുടെയും സഹായ സഹകരണങ്ങൾ നേതാക്കൾ അഭ്യർത്ഥിച്ചു.