ലേബർ പാർട്ടിയുടെ ഹൃദയഭൂമികളിലുൾപ്പെടെ കൺസർവേറ്റീവ് പാർട്ടി വൻവിജയം നേടിയ പ്രാദേശിക തിരഞ്ഞെടുപ്പിൽ ലേബറിനെ ഏറ്റവുമധികം നോവിക്കുന്നത് വെസ്റ്റ് മിഡ്‌ലൻഡ്‌സ് മേയർ തിരഞ്ഞെടുപ്പിലെ തോൽവിയാണ്. ഉറപ്പിച്ചിരുന്ന കസേരയാണ് ഇവിടെ നഷ്ടമായത്. നേരീയ ഭൂരിപക്ഷത്തിനാണ് ടോറിയിലെ ആൻഡി സ്ട്രീറ്റ് ലേബർ സ്ഥാനാർത്ഥി സിയോൺ സൈമണിനെ പരാജയപ്പെടുത്തിയതെങ്കിലും, രാജ്യത്താകമാനമുണ്ടായ തിരിച്ചടിയെക്കാൾ വലിയ ആഘാതമായി ലേബർ പാർട്ടിക്കത്.

ലണ്ടന്റെ മാതൃകയിൽ രാജ്യത്താദ്യമായി തിരഞ്ഞെടുപ്പ് നടന്ന ആറ് മെട്രോ മേയർ സ്ഥാനങ്ങളിൽ നാലും ടോറികൾ സ്വന്തമാക്കി. പരമ്പരാഗതമായി ലേബറിന്റെ കൂടെ നിന്നിരുന്ന വെസ്റ്റ് മിഡ്‌ലൻഡ്‌സിലെ തോൽവി ലേബർ പാർട്ടിക്ക് കനത്ത ആഘാതവുമായി. 2015-ൽ വെസ്റ്റ് മിഡ്‌ലൻഡ്‌സിലെ 28 സീറ്റുകളിൽ 21-ഉം ലേബർ നേടിയിരുന്നു.

നേതൃത്വത്തിനെതിരെ ശക്തമായ വാക്കുകളോടെയാണ് തന്റെ തോൽവിയെ സിയോൺ സൈമൺ സ്വീകരിച്ചത്. ലേബറിന്റെ ശക്തികേന്ദ്രങ്ങളിൽപ്പോലുമുണ്ടായ തിരിച്ചടി ശക്തമായ നേതൃത്വത്തിന്റെ അഭാവത്തെയാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബർമ്മിങ്ങാമിലും കവൻട്രിയിലും വോൾവർഹാംപ്ടണിലും സാൻഡ്‌വെല്ലിലുമൊക്കെ നേരിട്ട തിരിച്ചടി അതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പതിറ്റാണ്ടുകളായി ടോറികൾക്കൊപ്പം നിൽക്കാത്ത ടീസ് വാലിയിലും വിജയം നേടാനായത് കൺസർവേറ്റീവ് പാർട്ടിക്ക് കൂടുതൽ ഊർജം പകരുന്നതാണ്. ജൂൺ എട്ടിലെ പൊതുതിരഞ്ഞെടുപ്പിൽ വലിയ വിജയം ഉറപ്പിക്കാമെന്ന് ഈ വിജയം അവർക്ക് ആത്മവിശ്വാസം നൽകുന്നു.

ലിവർപൂൾ, മാഞ്ചസ്റ്റർ്, എന്നിവയാണ് ലേബർ പാർട്ടിക്ക് വിജയിക്കാനായ മേയർ സ്ഥാനങ്ങൾ. ലിവർപൂളിൽ സ്റ്റീവ് റോതറാമും മാഞ്ചസ്റ്ററിൽ ആൻഡി ബേൺഹാമും വിജയിച്ചു. ടീസ് വാലിയിൽ ടോറിയിലെ ബെൻ ഹൗച്ചനാണ് ചരിത്ര വിജയം നേടിയത്. വെസ്റ്റ് ാേഫ് ഇംഗ്ലണ്ടിൽ ടിം ബൗൾസ്, വെസ്റ്റ് മിഡ്‌ലൻഡ്‌സിൽ ആൻഡി സ്ട്രീറ്റ്, കേംബ്രിഡ്ജ് ആൻഡ് പീറ്റർബറോയിൽ ജയിംസ് പാമർ എന്നിവരും കൺസർവേറ്റീവുകളുടെ അഭിമാനമുയർത്തി.

ലണ്ടൻ മാതൃകയിൽ മെട്രോ മേയർമാരായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് കൂടുതൽ അധികാരങ്ങളുണ്ടാവുമെന്നതാണ് സവിശേഷത. ബജറ്റിലും ട്രാൻസ്‌പോർട്ട്, പൊലീസ് തുടങ്ങിയ സേവനങ്ങളിലും മേയർക്കായിരിക്കും പരമാധികാരം.

പി.കെ.ശ്രീമതി ടീച്ചർ പ്രചാരണത്തിന് പോവുക വഴി കേരളത്തിലും വെസ്റ്റ് മിഡ്‌ലൻഡ്‌സ് മേയർ തിരഞ്ഞെടുപ്പ് വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇവിടെ മത്സരിച്ച കമ്യൂണിസ്റ്റ് സ്ഥാനാർത്ഥി ഗ്രഹാം സ്റ്റീവൻസണിന് 5696 വോട്ട് നേടാനായി. പോൾ ചെയ്തതിന്റെ 1.16 ശതമാനം മാത്രം വോട്ടാണ് അദ്ദേഹത്തിന് കിട്ടിയത്.