കൊച്ചി: തിരഞ്ഞെടുപ്പിനു മുമ്പേ കൊച്ചി കോർപ്പറേഷനിൽ യു.ഡി.എഫ് തോൽവി സമ്മതിച്ചുവോ?ഗ്രൂപ്പും വിമതരുംമൂലം കൊച്ചി നഗരസഭയിൽ 15 സിറ്റിങ് സീറ്റുകൾ നഷ്ടപ്പെടുമെന്ന 'ടൈംസ് ഓഫ് ഇന്ത്യ'ക്ക് നൽകിയ അഭിമുഖത്തിൽ മേയർ ടോണി ചമ്മണി പറഞ്ഞതാണ് എൽ.ഡി.എഫ് നേതാക്കൾ പ്രചാരണ വിഷയമാക്കുന്നത്.പ്രസ്താവന വിവാദമായതോടെ മേയർ ടോണി ചമ്മണി തിരുത്തി. താൻ അങ്ങനെ പറഞ്ഞിട്ടില്‌ളെന്നും പത്രത്തിനെതിരെ കേസ് കൊടുക്കുമെന്നുമാണ് ടോണി ചമ്മണി ഇപ്പോൾ പറയുന്നത്.

കഴിഞ്ഞ ദിവസം നഗരസഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ വികസന അജണ്ട പുറത്തിറക്കി നേതാക്കൾ നടത്തിയ വാർത്താസമ്മേളനത്തിൽ ഇക്കാര്യം ചർച്ചയായി. 15 സിറ്റിങ് സീറ്റുകൾ നഷ്ടപ്പെടുമെന്ന് താൻ പറഞ്ഞിട്ടില്‌ളെന്ന് മേയറും വിശദീകരിച്ചു. വാർത്ത പ്രസിദ്ധീകരിച്ച 'ടൈംസ് ഓഫ് ഇന്ത്യ'ക്കെതിരെ പ്രസ് കൗൺസിലിനെ സമീപിക്കുമെന്നും ലേഖകനെതിരെ കേസ് ഫയൽ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, ഇതോടെ അതുവരെ നഗരസഭാ ഭരണനേട്ടം വിശദീകരിച്ചിരുന്ന മന്ത്രിമാരായ കെ. ബാബു, ഇബ്രാഹീംകുഞ്ഞ്, കെ.വി. തോമസ് എംപി, എംഎ‍ൽഎമാരായ ബെന്നി ബഹനാൻ, ഡൊമിനിക് പ്രസൻേറഷൻ, ഹൈബി ഈഡൻ, ജി.സി.ഡി.എ ചെയർമാൻ എൻ. വേണുഗോപാൽ, ഡി.സി.സി പ്രസിഡന്റ് വി.ജെ. പൗലോസ് എന്നിവർ നിശ്ശബ്ദരായി. എന്നാൽ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ടൈംസ് ഓഫ് ഇന്ത്യ'ലേഖകൻ തന്റെ വാർത്തയിൽ ഉറച്ചുനിൽക്കുകയും മേയറുടെ സംഭാഷണം റെക്കോഡ് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു.

മേയറുടെ പ്രസ്താവന അബദ്ധവും അനവസരത്തിലുമായി എന്നാണ് പാർട്ടി വിലയിരുത്തിയത്. എറണാകുളത്തെ എംഎ‍ൽഎമാർ ഇത് ചർച്ചചെയ്യുകയും ചെയ്തു. പ്രസ്താവന തെറ്റായിപ്പോയി എന്നാണ് ഒരു നേതാവ് പ്രതികരിച്ചത്. അതേസമയം, സിറ്റിങ് സീറ്റുകൾ പോലും നഷ്ടപ്പെടുമെന്ന മേയറുടെ പ്രസ്താവന തെരഞ്ഞെടുപ്പ് രംഗത്തെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കിയാണെന്ന് എൽ.ഡി.എഫ് നേതാക്കളായ പി. രാജീവും പി. രാജുവും സി.കെ. മണിശങ്കറും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഗ്രൂപ്പുപോരും നഗരഭരണത്തിലെ പൊട്ടിത്തെറിയുമാണ് വിമതർ പ്രത്യക്ഷപ്പെടാൻ കാരണം. 15 സിറ്റിങ് സീറ്റുകൾ നഷ്ടപ്പെടുമെന്ന് പറഞ്ഞ സംസ്ഥാനത്തെ ആദ്യ മേയറാണ് ടോണി ചമ്മണിയെന്നും അവർ പറഞ്ഞു. ഗ്രൂപ്പ് പോര്മാത്രമല്ല, ചമ്മിണിയുടെ ഭരണത്തിൽ നടന്ന വ്യാപകമായ അഴിമതിയും ഇവിടെ എൽ.ഡി.എഫ് പ്രചാരണആയുധമാക്കുന്നുണ്ട്്.