തിരുവനന്തപുരം : കോർപറേഷന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് സ്ഥാപിച്ച എൽ ഇ ഡി ടിവിയിൽ മേയർ ആര്യാ രാജേന്ദ്രന്റെ വിവാഹ നിശ്ചയ വീഡിയോയും ചിത്രങ്ങളും. ഓഫീസ് സമയത്ത് വലിയ സ്‌ക്രീനിൽ മേയറുടെ വ്യക്തിപരമായ ചടങ്ങിലെ ദൃശൃങ്ങൾ കണ്ടതോടെ വിവിധ ആവശ്യങ്ങൾക്കായി എത്തിയ ആളുകളും ഓഫീസ് ജീവനക്കാരും അമ്പരന്നു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

കോർപറേഷൻ ഓഫീസിന് ഉള്ളിലേക്കുള്ള പ്രധാന കവാടത്തിനകത്ത് വലതു വലശത്ത് ചുമരിലാണ് ടിവി സ്ഥാപിച്ചിരിക്കുന്നത്. അതിന് താഴെ സുരക്ഷാ ജീവനക്കാരനെയും നിയോഗിച്ചിട്ടുണ്ട്. അതിലാണ് മേയറുടെ വിവാഹ നിശ്ചയ വീഡിയോ കണ്ടത്. ഇതോടെ പ്രതിപക്ഷ പാർട്ടികളും ആരോപണവുമായി രംഗത്തെത്തി.

അധികാരം ഉണ്ടെന്ന് കരുതി എന്തും ചെയ്യാമെന്നും ആരും ചോദിക്കില്ലെന്ന ധാർഷ്ട്യമാണ് മേയർക്കും ഭരണസമിതിക്കുമെന്നാണ് പ്രതിപക്ഷ നേതാക്കൾ ആരോപിക്കുന്നത്. എന്നാൽ മേയറുടെ ഫേസ്‌ബുക്കിൽ നിന്നും പത്രസമ്മേളനത്തിന്റെ ലൈവ് ടിവിയിലൂടെ കാണിക്കാനുള്ള ശ്രമത്തിനിടെയുണ്ടായ സാങ്കേതിക പിഴവ് കാരണമാണ് മേയറുടെ വിവാഹ നിശ്ചയ വീഡിയോകൾ ദൃശ്യമായതെന്നാണ് മേയറുടെ ഓഫീസ് പറയുന്നത്. ഏതായലും കോർപറേഷൻ ഓഫീസിലെ ടിവിയിൽ മേയറുടെ വിവാഹ നിശ്ചയ വീഡിയോ ദൃശ്യമായതിന്റെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചു തുടങ്ങി.

മാർച്ച് ആറിനാണ്് മേയർ ആര്യാ രാജേന്ദ്രനും ബാലുശേരി എംഎൽഎ സച്ചിൻദേവും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. എകെജി സെന്ററിൽ വച്ചായിരുന്നു ചടങ്ങുകൾ. ഫെബ്രുവരി 16 നായിരുന്നു വിവാഹ വാർത്തകൾ പുറത്തു വന്നത്.നിലവിൽ ഇരുവരുടെയും വിവാഹ തിയതി നിശ്ചയിച്ചിട്ടുണ്ട്. സെപ്റ്റംബർ നാലിനാണ് ഇരുവരും വിവാഹം തിരുവനന്തപുരം എകെജി ഹാളിലാകും വിവാഹച്ചടങ്ങുകൾ നടക്കുക. സെപ്റ്റംബർ ആറിന് കോഴിക്കോട് റിസപ്ഷനും നടക്കും.

നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയാണ് കോഴിക്കോട് സച്ചിൻ ദേവ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് തിരുവനന്തപുരം സ്വദേശിയായ ആര്യ രാജേന്ദ്രൻ. വിവാഹം സംബന്ധിച്ച് ഇരു കുടുംബങ്ങളും തമ്മിൽ ധാരണയായതായി ആര്യയും സച്ചിനും സ്ഥിരീകരിച്ചിരുന്നു. ബാലസംഘം, എസ്എഫ്ഐ തുടങ്ങിയ സംഘടനകളിൽ പ്രവർത്തിച്ച ഇരുവരും സുഹൃത്തുക്കളായിരുന്നു.

21ാം വയസിൽ ആര്യ തിരുവനന്തപുരം മേയർ പദവിയിലെത്തിയ ആര്യ ദേശീയ ശ്രദ്ധ നേടിയിരുന്നു. ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റാണ് ആര്യ. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ ബാലുശേരിയിൽ നിന്നാണ് സച്ചിൻ ദേവ് വിജയിച്ചത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെയായിരുന്നു നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ എസ്എഫ്ഐയുടെ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയാണ് സച്ചിൻ.

വിവാഹ വാർത്തയ്ക്ക് പിന്നാലെ ആര്യ രാജേന്ദ്രനെതിരെ സൈബർ ആക്രമണവും വ്യാപകമായിരുന്നു. ഫേസ്‌ബുക്കിൽ മേയറുടെ പോസ്റ്റുകൾക്കും കല്യാണം സംബന്ധിച്ചുള്ള വാർത്ത പോസ്റ്റുകൾക്കുമാണ് ആര്യ രാജേന്ദ്രനെ അധിക്ഷേപിച്ചുകൊണ്ടുള്ള കമന്റുകൾ എത്തിയത്. മേയറേ തേപ്പുകാരിയെന്നും മറ്റ് ദ്വായാർഥങ്ങളും അടങ്ങിയ അധിക്ഷേപങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്.

'തേപ്പ് മാറ്റി ഇനി അങ്ങോട്ട് മേയറടി എന്നാക്കിയാലോ!' എന്നാണ് ഒരാൾ മേയറുടെ പോസ്റ്റിന് താഴെയായി കമന്റിട്ടിരിക്കുന്നത്. 'ഒരു പാവം ചെക്കനെ തേച്ചൊട്ടിച്ചു... എന്നിട്ട് എങ്ങോട്ടാണ് പൊങ്കാലയും കൊണ്ട്..' എന്നാണ് മറ്റൊരു കമന്റ് പോസ്റ്റിന് താഴെയായി രേഖപ്പെടുത്തിയത്.
'ഇന്ത്യയിലെ പ്രായം കുറഞ്ഞ തേപ്പുകാരി', 'എന്തിന് തേച്ചു മേയറൂട്ടി?'എന്നുള്ള കമന്റുകളും മറ്റ് പോസ്റ്റുകളിലായി പ്രത്യക്ഷപ്പെട്ടിരുന്നു.