- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അപൂർവ നേട്ടത്തിൽ എംബി രാജേഷ്; സഭയിലെ കന്നിപ്രവേശനത്തിൽ മുഴുനീള സ്പീക്കർ ആകുന്ന ആദ്യ വ്യക്തി; തെരഞ്ഞെടുപ്പ് മത്സരത്തിലൂടെയാണെങ്കിലും വിജയമുറപ്പിച്ച് രാജേഷ്; അധികാരമേൽക്കുക നിയമസഭയുടെ 23 ാം സ്പീക്കറായി
തിരുവനന്തപുരം: കേരള നിയമസഭയുടെ 23 മത് സ്പീക്കർ എംബി രാജേഷ് ഇന്ന് അധികാരമേൽക്കും. ഇത്തവണയും മത്സരമുണ്ടെങ്കിലും ആകെയുള്ള 140 അംഗങ്ങളിൽ 99 പേരുടെ പിന്തുണയുള്ള രാജേഷിന്റെ വിജയം ഉറപ്പാണ്. കുണ്ടറയിൽ നിന്നുള്ള കോൺഗ്രസ് അംഗം പി.സി. വിഷ്ണുനാഥാണ് യുഡിഎഫിന്റെ സ്ഥാനാർത്ഥി.ആരോഗ്യ കാരണങ്ങളാൽ ഇന്നലെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാത്ത 3 പേർ ഒഴികെയുള്ളവർക്ക് ഇന്നു വോട്ടു ചെയ്യാം.
രാവിലെ 9ന് വോട്ടെടുപ്പ് ആരംഭിക്കും. സഭയ്ക്കുള്ളിൽ സ്പീക്കറുടെ ഇരിപ്പിടത്തിനു പിന്നിലായി സജ്ജീകരിക്കുന്ന 2 ബൂത്തുകളിൽ ബാലറ്റിലൂടെയാണ് വോട്ട് രേഖപ്പെടുത്തുക. ഇതു പൂർത്തിയായ ഉടൻ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. കേരള നിയമസഭയുടെ 21ാമത്തെ സ്പീക്കർ ആയാണ് രാജേഷ് പദവി ഏറ്റെടുക്കുക.ഇതിനൊപ്പം ഒരപൂർവ്വ നേട്ടം കൂടിയാണ് എംബി രാജേഷിനെ കാത്തിരിക്കുന്നത്.നിയമസഭയിൽ എത്തുമ്പോൾ തന്നെ ഒരാൾ സ്പീക്കറാകുന്നത് ആദ്യമാണ്.
നിയമസഭയിലെ ആദ്യ അവസരത്തിൽ സ്പീക്കറായ മറ്റു രണ്ടുപേർ കൂടിയുണ്ട് ടി.എസ്, ജോൺ, എ.സി. ജോസ്. ഇരുവരും എംഎൽഎ എന്ന നിലയിലെ ആദ്യ ടേമിന്റെ അവസാന കാലത്താണ് സ്പീക്കറായത്. 4ാം നിയമസഭയിൽ അഞ്ചേകാൽ വർഷം കഴിഞ്ഞ് 1976 ഫെബ്രുവരി 17ന് ടി.എസ്. ജോണും 6ാം നിയമസഭയിൽ രണ്ടു വർഷം കഴിഞ്ഞ് 1982 ഫെബ്രുവരി 3ന് എ.സി. ജോസും സ്പീക്കർ ആയിട്ടുണ്ട്. യഥാക്രമം കെ. മൊയ്തീൻകുട്ടി ഹാജിയും എ.പി. കുര്യനും രാജിവച്ച ഒഴിവിലാണിത്.
ഒന്നാം കേരള നിയമസഭയിൽ സ്പീക്കറായ ആർ. ശങ്കരനാരായണൻ തമ്പി നേരത്തെ തിരുവിതാംകൂർ ശ്രീമൂലം സഭയിലും തിരുകൊച്ചി നിയമസഭയിലും അംഗമായിരുന്നു. രണ്ടാമത്തെ സ്പീക്കർ കെ.എം. സീതി സാഹിബ് നേരത്തെ കേരളനിയമസഭയിൽ അംഗമായിട്ടില്ലെങ്കിലും കൊച്ചി നിയമസമിതിയിലും മദ്രാസ് നിയമസഭയിലും ഉണ്ടായിരുന്നു.
മൂന്നാം കേരള നിയമസഭയിൽ സ്പീക്കറായ ഡി. ദാമോദരൻ പോറ്റി രണ്ടാം കേരള നിയമസഭയിൽ അംഗമായിരുന്നതു കൂടാതെ തിരുകൊച്ചി നിയമസഭയിൽ ഡപ്യൂട്ടി സ്പീക്കർ ആയിരുന്നു. അലക്സാണ്ടർ പറമ്പിത്തറ, ചാക്കീരി അഹമ്മദുകുട്ടി എന്നിവരും സ്പീക്കർ ആകുന്നതിനു മുൻപ് കേരള നിയമസഭ കൂടാതെ കേരളപ്പിറവിക്കു മുൻപുള്ള നിയമസഭകളിലും അംഗമായിരുന്നു.
ചിറ്റയം ഗോപകുമാർ രണ്ടു തവണ നിയമസഭാംഗമായതിനു ശേഷമാണ് ഡപ്യൂട്ടി സ്പീക്കർ ആകുന്നത്. ഡപ്യൂട്ടി സ്പീക്കർമാരിൽ അഞ്ചു പേർ ആദ്യ അവസരത്തിൽ തന്നെ ആ പദവിയിലെത്തിയവരാണ്. പി.കെ. ഗോപാലകൃഷ്ണൻ മദ്രാസ് നിയമസഭയിലും കെ. നാരായണ കുറുപ്പ് തിരുകൊച്ചി നിയമസഭയിലും അംഗമായിരുന്നു.
കേരള നിയമസഭയിലേക്കുള്ള ആറാമത്തെ വിജയത്തിനുശേഷമാണ് ജി. കാർത്തികേയൻ സ്പീക്കർ പദവിലെത്തിയത്. തിരുകൊച്ചി ഉൾപ്പെടെ അഞ്ചാമത്തെ വിജയത്തിനുശേഷമാണ് കെ. നാരായണ കുറുപ്പ് ഡപ്യൂട്ടി സ്പീക്കർ പദവിലെത്തിയത്. സ്പീക്കർ, ഡപ്യൂട്ടി സ്പീക്കർ, ആക്ടിങ് സ്പീക്കർ, പ്രോടെം സ്പീക്കർ പദവികളെല്ലാം വഹിച്ചത് എൻ. ശക്തൻ ആണ് - എല്ലാം 13ാം നിയമസഭയിൽ തന്നെ.
10 വർഷം ലോക്സഭാംഗമായിരുന്നെങ്കിലും കേരള നിയമസഭയിൽ പുതുമുഖമാണ് രാജേഷ്
മറുനാടന് മലയാളി ബ്യൂറോ