പാലക്കാട്: ശബരിമലയിൽ കേന്ദ്ര മന്ത്രിയേയും ഹൈക്കോടതി ജഡ്ജിയേയും പൊലീസ് അപമാനിച്ചെന്ന് കാട്ടി നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം നേരിട്ട ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രനെ പരിഹസിച്ച് പാലക്കാട് എംപി എം ബി രാജേഷ് രംഗത്ത്. ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ കാണിക്കയിടരുതെന്ന് പ്രസംഗിച്ചപ്പോൾ വരമ്പത്ത് തന്നെ കൂലി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് രാജേഷ് ഫേസ്‌ബുക്കിൽ കുറിച്ചു.അനാവശ്യ വാദങ്ങൾ ഉന്നയിക്കരുതെന്ന് ശോഭ സുരേന്ദ്രനോട് നിർദേശിച്ച കോടതി 25,000 രൂപ പിഴ ഒടുക്കണമെന്നും വിധിച്ചിരുന്നു. ഇത്തരത്തിൽ കോടതിയിൽ നിന്നേറ്റ തിരിച്ചടിക്കാണ് എം ബി രാജേഷ് ശോഭ സുരേന്ദ്രനെ പരിസഹിച്ച് കുറിപ്പിട്ടത്.

ഭണ്ഡാരത്തിലിടാതെ മാറ്റിവച്ച തുക ഇനി സർക്കാരിലേക്കടക്കാം.പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന് പ്രചരിപ്പിച്ചവരുടെ നേതാവിന് തന്നെ സർക്കാരിലേക്ക് 25,000 രൂപ അടക്കേണ്ടി വന്നിരിക്കുന്നു. ഇതാണ് കാവ്യനീതി.ഹൈക്കോടതിയിൽ അനാവശ്യവാദങ്ങൾ ഉയർത്തി കോടതിയുടെ സമയം മെനക്കെടുത്തിയതിനാണ് പിഴയെന്നും എം ബി രാജേഷ് ചൂണ്ടിക്കാണിച്ചു.

എന്നാൽ, കോടതി വിധി വന്നതിന് പിന്നാലെ പിഴയടക്കില്ലെന്ന് ശോഭാ സുരേന്ദ്രൻ പ്രതികരിച്ചിരുന്നു. ഹൈക്കോടതിക്ക് മുകളിൽ കോടതിയുണ്ടെന്നും സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. വിലകുറഞ്ഞ പ്രശസ്തി തനിക്ക് ആവശ്യമില്ല. മാപ്പ് പറഞ്ഞതിനെക്കുറിച്ച് അറിയില്ല. കോടതിയിലെ കാര്യങ്ങൾ അഭിഭാഷകനോട് ചോദിക്കുമെന്നും അവർ വ്യക്തമാക്കി.

എം ബി രാജേഷിന്റെ പോസ്റ്റിന്റെ പൂർണ രൂപം

ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ കാണിക്കയിടരുതെന്ന് പ്രസംഗിച്ചപ്പോൾ ഇത്ര പെട്ടെന്ന് വരമ്പത്ത് തന്നെ കൂലി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല. ഭണ്ഡാരത്തിലിടാതെ മാറ്റിവച്ച തുക ഇനി സർക്കാരിലേക്കടക്കാം.പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന് പ്രചരിപ്പിച്ചവരുടെ നേതാവിന് തന്നെ സർക്കാരിലേക്ക് 25,000 രൂപ അടക്കേണ്ടി വന്നിരിക്കുന്നു. ഇതാണ് കാവ്യനീതി.ഹൈക്കോടതിയിൽ അനാവശ്യവാദങ്ങൾ ഉയർത്തി കോടതിയുടെ സമയം മെനക്കെടുത്തിയതിനാണ് പിഴ. ചാനലുകളിൽ വന്നിരുന്ന്പ്രേക്ഷകരുടെ സമയം മെനക്കെടുത്തുന്നതിനും അനാവശ്യ വാദങ്ങൾ ഉയർത്തുന്നതിനും പിഴയിട്ടിരുന്നെങ്കിൽ ചാനലുകൾക്കും ഒരു നല്ല വരുമാനമാവുമായിരുന്നു. ഇനിയും അത് ആലോചിക്കാവുന്നതാണ്.