- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുംബന പ്രതിഷേധം ഭേദമെന്ന് എം ബി രാജേഷ്; ഇഷ്ടമില്ലാത്ത സമരങ്ങളെ തടയാനും ആക്രമിക്കാനും ആർക്കും അവകാശമില്ലെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്
ഡിവൈഎഫ്‌ഐയിലെ ചില നേതാക്കൾ ചുംബന സമരത്തെ എതിർത്തു. തടയണമെന്ന് പറഞ്ഞ പ്രമുഖരുമുണ്ട്. ഇതോടെ കൊച്ചി മറൈൻ ഡ്രൈവിലെ നവംബർ 2ലെ ചുംബന കൂട്ടായ്മയെ തടയാൻ ഇടത് യുവജന സംഘടനയുമുണ്ടാകുമെന്ന ചർച്ചയുമെത്തി. ഇതിനിടെയാണ് സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റ് നിലപാട് വിശദീകരിക്കുന്നത്. പുതിയ സമര രീതിയെ എതിർക്കാനുള്ള സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്
ഡിവൈഎഫ്‌ഐയിലെ ചില നേതാക്കൾ ചുംബന സമരത്തെ എതിർത്തു. തടയണമെന്ന് പറഞ്ഞ പ്രമുഖരുമുണ്ട്. ഇതോടെ കൊച്ചി മറൈൻ ഡ്രൈവിലെ നവംബർ 2ലെ ചുംബന കൂട്ടായ്മയെ തടയാൻ ഇടത് യുവജന സംഘടനയുമുണ്ടാകുമെന്ന ചർച്ചയുമെത്തി. ഇതിനിടെയാണ് സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റ് നിലപാട് വിശദീകരിക്കുന്നത്. പുതിയ സമര രീതിയെ എതിർക്കാനുള്ള സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്ന എം ബി രാജേഷ് പക്ഷേ സദാചാര പൊലീസിങ്ങിനേയും അതു പോലെ തള്ളിപ്പറയുന്നു.
ഒരു സമര രീതിയോട് യോജിക്കുന്നില്ല എന്നതിന്റെ പേരിൽ ആർക്കും അത് തടയാനും ആക്രമിക്കാനും അവകാശമില്ല. എതിർപ്പുള്ളവർക്ക് അത് വച്ചുപുലർത്താം. എന്നാൽ തങ്ങൾക്ക് എതിർപ്പുള്ളതൊന്നും അനുവദിക്കാനാവില്ല എന്ന നിലപാടിനെ പിന്തുണക്കാനാവില്ല-ഇതാണ് രാജേഷിന്റെ നിലപാട്. ആൾദൈവങ്ങൾ പോലും സ്‌നേഹസാന്ത്വനങ്ങൾ പ്രകടിപ്പിക്കുന്നത് പരസ്യ ആലിംഗനങ്ങളിലൂടെയും പരസ്യ ചുംബനങ്ങളിലൂടെയുമാണല്ലോ. ഈ സാഹചര്യത്തിൽ ഹൈന്ദവ താലിബാനിസത്തിന്റെ എതിർപ്പ് എങ്ങനെ അംഗീകരിക്കുമെന്നാണ് രാജേഷ് ഉയർത്തുന്ന ചോദ്യം.
എം ബി രാജേഷിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്
കേരളത്തിൽ വർദ്ധിച്ചു വരുന്ന സദാചാര പൊലീസിങ്ങിനെതിരായി കൊച്ചിയിൽ സംഘടിപ്പിക്കുന്ന ചുംബന സമരത്തെ കുറിച്ച് ഒട്ടേറെ സുഹൃത്തുക്കൾ അഭിപ്രായം ആരാഞ്ഞിരുന്നു. അതുകൊണ്ടാണീ കുറിപ്പ്
ഏതൊരു സമര രീതിയോടും യോജിക്കുന്നവരും വിയോജിക്കുന്നവരും ഉണ്ടാകും. എന്നാൽ ഒരു സമര രീതിയോട് യോജിക്കുന്നില്ല എന്നതിന്റെ പേരിൽ ആർക്കും അത് തടയാനും ആക്രമിക്കാനും അവകാശമില്ല. എതിർപ്പുള്ളവർക്ക് അത് വച്ചുപുലർത്താം. എന്നാൽ തങ്ങൾക്ക് എതിർപ്പുള്ളതൊന്നും അനുവദിക്കാനാവില്ല എന്ന നിലപാടിനെ പിന്തുണക്കാനാവില്ല . ഹൈന്ദവ താലിബാനിസത്തോട് തരിമ്പും യോജിക്കാനാവില്ല. സ്‌നേഹചുംബനത്തെ സമരമാർഗമാക്കുന്നതിനെതിരെ കലാപമുണ്ടാക്കുന്നവരുടെ ശ്രദ്ധക്ക് ചിലത് കൂടി.
ഏതാനും വർഷം മുമ്പ് മണിപ്പൂരിൽ മനോരമ സിങ് എന്ന സാധു യുവതിയെ സൈനികർ വീട്ടിൽ നിന്നും പിടിച്ചിറക്കി കൊണ്ടുപോയി കൂട്ടബലാൽസംഗം ചെയ്തുകൊലപ്പെടുത്തിയതിനെതിരെ ഒരു സംഘം സ്ത്രീകൾ നഗ്‌നരായി സൈനിക ആസ്ഥാനത്തിനു മുന്നിൽ നടത്തിയ പ്രതിഷേധം ലോകമന:സാക്ഷിയെ പിടിച്ചുലച്ചതായിരുന്നു. ആ നഗ്‌ന പ്രതിഷേധത്തിൽ അശ്ലീലം കാണാൻ മന:സാക്ഷിയും സംസ്‌കാരവും നീതിബോധവുമുള്ള ആർക്കും കഴിഞ്ഞില്ല.
പിന്നെ കേരളത്തിലെ ആൾദൈവങ്ങൾ പോലും സ്‌നേഹസാന്ത്വനങ്ങൾ പ്രകടിപ്പിക്കുന്നത് പരസ്യ ആലിംഗനങ്ങളിലൂടെയും പരസ്യ ചുംബനങ്ങളിലൂടെയുമാണല്ലോ. അതിൽ പ്രതിഷേധിക്കാതിരിക്കുകയും അതിനെ വാഴ്‌ത്തുകയും ചെയ്യുന്നവർ എന്തേ മറ്റുള്ളവർക്ക് ആ അവകാശം നൽകുന്നില്ല...? രാഷ്ട്രനേതാക്കൾ മുതൽ ലോകമെമ്പാടുമുള്ള മനുഷ്യരാകെ സ്‌നേഹവും ആദരവും സൗഹൃദവും പ്രകടമാക്കാൻ ഉപയോഗിക്കുന്ന സാർവത്രിക ഉപാധിയാണ് പരസ്യ ആലിംഗനവും ചുംബനവും എന്ന് കൂടി ഓർമിക്കുക.
എന്തായാലും മനുഷ്യർ ആയുധമെടുത്തു കുത്തിമരിക്കുന്നതിനെക്കാൾ ഭേദമാണല്ലോ സ്‌നേഹം പങ്കിട്ട് പ്രതിഷേധം പ്രകടിപ്പിക്കുന്നത്. സ്‌നേഹം സംഘർഷ വിഷയമാകുന്ന സമകാല സന്ദർഭത്തിൽ രണ്ടുകവികളെ ഓർത്തു പോകുന്നു. ഒരാൾ ഒക്ടോവിയോ പാസ് . മറ്റൊരാൾ രക്തസാക്ഷിയായ കവിയും നാടക പ്രവർത്തകനുമായ സഫ്ദർ ഹാഷ്മി. ഒക്ടോവിയോ പാസിന്റെ പ്രശസ്തമായ വരികൾ ഇങ്ങനെ
'...രണ്ടു പേർ ചുംബിക്കുമ്പോൾ ലോകം മാറുന്നു.'
സഫ്ദർ പറഞ്ഞത് ' ജീനാ ഹേ തൊ ലട്‌ന ഹേ
പ്യാർ കർനാ ഹേ തൊ ഭി ലട്‌ന ഹേ.'