- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സതീശന്റെ കടന്നാക്രമണം ഫലം കണ്ടു; താനുദ്ദേശിച്ചത് സഭയ്ക്കു പുറത്ത് ഉയർന്നുവരുന്ന പൊതുവായ രാഷ്ട്രീയ-സാമൂഹിക-സാസ്കാരിക വിഷയങ്ങളിൽ അഭിപ്രായം പറയും എന്നു മാത്രം; കക്ഷി രാഷ്ട്രീയത്തിൽ ഒന്നും പറയില്ല; മാധ്യമ റിപ്പോർട്ടിങ് കാരണം ഉണ്ടായ ആശങ്ക മാത്രം; പറയേണ്ടതേ പറയൂവെന്ന് സ്പീക്കർ; കൈയടിച്ച് സതീശനും
തിരുവനന്തപുരം: സഭയ്ക്ക് പുറത്തും കക്ഷിരാഷ്ട്രീയം പറയില്ലെന്ന് സ്പീക്കർ എംബി രാജേഷ്. സഭയ്ക്കുള്ളിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉയർത്തിയ വികാരം കൂടി പരിഗണിച്ചാണ് പ്രതികരണം. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ അംഗങ്ങളുടെയും താൽപര്യം സംരക്ഷിക്കുന്നതിലും ജനങ്ങളെ ബാധിക്കുന്ന ഏത് വിഷയവും ഉയർത്തുന്നതിനുള്ള പൂർണസ്വാതന്ത്ര്യം നൽകുന്നതിനും സ്പീക്കർ എന്ന നിലയിൽ പ്രതിജ്ഞാബദ്ധനായിരിക്കുമെന്ന് എം.ബി. രാജേഷ്. കേരള നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം നടത്തിയ പ്രസംഗത്തിലായിരുന്നു രാജേഷ് ഇക്കാര്യം വ്യക്തമാക്കിയത്.
'സഭയ്ക്കു പുറത്ത് രാഷ്ട്രീയം പറയും എന്ന മാധ്യമങ്ങളിൽ വന്ന പ്രസ്താവനയെ കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാണിച്ചു. അങ്ങനെയൊരു പ്രസ്താവന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് കാണുമ്പോൾ പ്രതിപക്ഷ നേതാവിനുണ്ടായ ആശങ്ക മറ്റു പലർക്കും ഉണ്ടായിട്ടുണ്ടാവും. യഥാർഥത്തിൽ താൻ പറഞ്ഞത് കക്ഷിരാഷ്ട്രീയം പറയും എന്നല്ല. കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായി സ്പീക്കർ പ്രവർത്തിക്കുകയില്ല. എന്നാൽ സഭയ്ക്കു പുറത്ത് ഉയർന്നുവരുന്ന പൊതുവായ രാഷ്ട്രീയ-സാമൂഹിക-സാസ്കാരിക വിഷയങ്ങളിൽ അഭിപ്രായം പറയും എന്നുള്ളതാണ്.'- രാജേഷ് വ്യക്തമാക്കി.
രാജേഷിന്റെ ഈ വാക്കുകൾ വി.ഡി. സതീശൻ കയ്യടിച്ച് പിന്തുണച്ചു. സ്പീക്കർ പദവിയുടെ അന്തസും ഇത് നിർവഹിക്കുമ്പോൾ പാലിക്കേണ്ട ഔചിത്യവും പാലിച്ചുകൊണ്ടു മാത്രമായിരിക്കും അത്തരം അഭിപ്രായ പ്രകടനങ്ങൾ ഉണ്ടാവുകയെന്നും സഭയ്ക്ക് ഉറപ്പു നൽകുന്നതായി രാജേഷ് കൂട്ടിച്ചേർത്തു. ഇതോടെ പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ സ്പീക്കറും അംഗീകരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിലപാട് വിശദീകരിക്കുന്നത്. പൊതു പ്രശ്നത്തിൽ നിലപാട് പറയുമെന്ന തരത്തിലേക്ക് മാറ്റുകയാണ് എംബി രാജേഷ് തന്റെ പ്രസ്താവനയെ. ഇതോടെ ഏറ്റുമുട്ടലിന് ശ്രമിക്കാതെ സഭയെ മുമ്പോട്ട് കൊണ്ടു പോകുമെന്ന സന്ദേശമാണ് ആദ്യ ദിനത്തിൽ രാജേഷ് നൽകുന്നത്.
സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന രാജേഷിന്റെ പ്രസ്താവന വേദനിപ്പിച്ചുവെന്ന് വി.ഡി.സതീശൻ അഭിനന്ദന പ്രസംഗത്തിൽ പറഞ്ഞിരുന്നു. സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട രാജേഷിനെ സീറ്റിലേക്ക് ആനയിച്ച ശേഷം നടത്തിയ അഭിനന്ദന പ്രസംഗത്തിലായിരുന്നു സതീശന്റെ വിമർശനം. സ്പീക്കർ രാഷ്ട്രീയം പറഞ്ഞാൽ പ്രതിപക്ഷത്തിന് പ്രതികരിക്കേണ്ടി വരുമെന്നും അത് സഭാപ്രവർത്തനത്തിന് തടസ്സമാകുമെന്നും സതീശൻ പറഞ്ഞു. അതിനാൽ സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുന്നത് സ്പീക്കർ ഒഴിവാക്കണമെന്ന് സതീശൻ അഭ്യർത്ഥിച്ചിരുന്നു.
കേരള നിയമസഭയുടെ 23ാമത്തെ സ്പീക്കറാണ് എം ബി രാജേഷ്. സിപിഐ എം സംസഥാനകമ്മിറ്റിയംഗമായ എം ബി രാജേഷ് തൃത്താല മണ്ഡലത്തിൽനിന്നാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പ്രോടെം സ്പീക്കർ പിടിഎ റഹീമിന്റെ അധ്യക്ഷതയിൽ ചേർന്ന നിയമസഭാ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. എം ബി രാജേഷിന് 96 വോട്ട് ലഭിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി പി സി വിഷ്ണുനാഥിന് 40 വോട്ടും ലഭിച്ചു. നിയമസഭയിൽ ആദ്യമായെത്തുന്ന എം ബി രാജേഷ് 2 തവണ പാലക്കാട് നിന്നുള്ള ലോകസഭാംഗമായിരുന്നു.
സഭയിൽ എൽഡിഎഫിന് 99 അംഗങ്ങളും യുഡിഎഫിന് 41അംഗങ്ങളുമാണുള്ളത്. കീഴ്വഴക്കമനുരിച്ച് പ്രോടെം സ്പീക്കർ വോട്ട് ചെയ്തില്ല. ആരോഗ്യകാരണങ്ങളാൽ രണ്ട് എൽഡിഎഫ് അംഗങ്ങൾക്കും ഒരു യുഡിഎഫ് അംഗത്തിനും വോട്ടുചെയ്യാനായില്ല. 2 നാമനിർദ്ദേശപത്രികകളാണ് എം ബി രാജേഷിന് വേണ്ടി നൽകിയത്. ഒന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ പേര് നിർദ്ദേശിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ പിന്താങ്ങി. മറ്റൊന്നിൽ സിപിഐ കക്ഷി നേതാവ് ഇ ചന്ദ്രശേഖരൻ പേര് നിർദ്ദേശിച്ചു. ജെഡിഎസ് കക്ഷി നേതാവ് മാത്യു ടി തോമസ് പിന്താങ്ങി. വിഷ്ണുനാഥിനെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ നിർദ്ദേശിച്ചു. മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പിന്തുണച്ചു.
രാവിലെ ഒമ്പതിന് സഭ ചേർന്നയുടൻ തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചു. സ്ഥാനാർത്ഥികളുടെ പേരിനുനേരേ ഗുണനചിഹ്നമിട്ടാണ് വോട്ട് ചെയ്യേണ്ടത്. നിയമസഭാ സെക്രട്ടറി ഇൻ ചാർജ് നിയമസഭാംഗങ്ങളുടെ പേരുവിളിച്ച് വോട്ട് ചെയ്യാനായി ക്ഷണിച്ചു. ആദ്യം മുഖ്യമരന്തി പിണറായി വിജയനാണ് വോട്ട് ചെയ്തത്. അംഗങ്ങളുടെ ഇരിപ്പിടങ്ങളുടെ ക്രമമനുസരിച്ചാണ് വോട്ട്ചെയ്യാൻ ക്ഷണിച്ചിരുന്നത്. സ്പീക്കറുടെ വേദിയിൽ പിൻഭാഗത്ത് ഇരുവശങ്ങളിലായാണ് പോളിങ് ബൂത്ത് സജ്ജീകരിച്ചത്. 9.45 ഓടെ വോട്ടെടുപ്പ് പൂർത്തിയായി. പതിനഞ്ച് മിനിറ്റിനകം വോട്ടെണ്ണി ഫലം പ്രഖ്യാപിച്ചു.
ഫലപ്രഖ്യാപനത്തിനുശേഷം അംഗങ്ങൾ സ്പീക്കറുടെ അടുത്തെത്തി ആശംസ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി ഡി സതീശനും ചേർന്ന് എം ബി രാജേഷിനെ സ്പീക്കറുടെ ഡയസിലേക്ക് നയിച്ചു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ , വിവിധ കക്ഷിനേതാക്കൾ എന്നിവർ സ്പീക്കറെ അഭിനന്ദിച്ച് സംസാരിച്ചു.
എംബി രാജേഷിനെ നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്തതിന് ശേഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിയമസഭയിൽ നടത്തിയ അനുമോദന പ്രസംഗം
കേരള നിയമസഭയിലെ ഇരുപത്തി മൂന്നാമത്തെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട അങ്ങയെ ഞാൻ ആത്മാർത്ഥമായി അനുമദിക്കുന്നു. നിയമനിർമ്മാണത്തിലും മറ്റ് നടപടി ക്രമങ്ങളിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് തന്നെ മാതൃകയായ ഈ സഭയുടെ നാഥനായിട്ടാണ് അങ്ങ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതെന്നത് വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്, 1957 ഏപ്രിൽ അഞ്ചിനാണ് കേരള നിയമസഭ നിലവിൽ വന്നത്. അന്നുതൊട്ട് ഇന്നേവരെ ഉന്നതമായ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന കാര്യത്തിൽ ഈ സഭ മുന്നിലാണ്.
പതിമൂന്നാം കേരള നിയമസഭയിൽ ഉണ്ടായ ദൗർഭാഗ്യകരമായ കാര്യങ്ങളെ വിസ്മരിച്ചുകൊണ്ടല്ല ഞാനിത് പറയുന്നത്. പത്തുവർഷക്കാലത്തെ ഇന്ത്യൻ പാർലമെന്റിലുള്ള പരിചയവും അനുഭവ സമ്പത്തും നമ്മുടെ സഭ നിയന്ത്രിക്കാൻ അങ്ങേയ്ക്ക് സഹായകമാകും എന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു. സഭയുടെ നീതിപൂർവമായ പ്രവർത്തനത്തിന് അങ്ങയുടെ നേതൃത്വം കൂടുതൽ ഊന്നൽ കൊടുക്കും എന്ന് ഞാൻ പ്രത്യാശിക്കുന്നു. ജനാധിപത്യത്തെ കൂടുതൽ മനോഹരമാക്കാൻ അതിന് ചാരുത നൽകുന്ന ഒന്നാണ് പ്രതിപക്ഷ പ്രവർത്തനം. ആ പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങൾക്ക് ഈ നിയമസഭയിൽ പൂർണമായ സംരംക്ഷണം സഭാ നാഥനായ അങ്ങയിൽ നിന്നുണ്ടാകും എന്നെനിക്ക് ഉറച്ച വിശ്വാസമുണ്ട്.
സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയും എന്ന അങ്ങയുടെ ഒരു പ്രസ്താവന ഞങ്ങളെ കുറച്ചു വേദനിപ്പിച്ചു എന്ന കാര്യം ഞാനിവിടെ പരാമർശിക്കുന്നു. അത്തരം ഒരു പ്രസ്താവന കേരളത്തിന്റെ ചരിത്രത്തിൽ ഈ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട ഒരാളിൽ നിന്നും ഉണ്ടായിട്ടില്ല. അങ്ങ് ഈ സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാൽ സ്വാഭാവികമായും ഞങ്ങൾക്ക് മറുപടി പറയേണ്ടിവരും. അത് സംഘർഷങ്ങളുണ്ടാക്കും. നിയമസഭയിൽ വരുമ്പോൾ അത് ഒളിച്ചുവെയ്ക്കാൻ പ്രതിപക്ഷമായ ഞങ്ങൾക്ക് കഴിയില്ല. അത് സഭാ പ്രവർത്തനത്തിൽ പ്രകടമാകും. അതുകൊണ്ട് തീർച്ചയായും അതെല്ലം ഒഴിവാക്കണം എന്ന് വിനയപൂർവം അങ്ങയോട് അഭ്യർത്ഥിക്കുന്നു. പന്ത്രണ്ടാം കേരള നിയമസഭ എന്നെ സംബന്ധിച്ചിടത്തോളം എന്റെ പാർലമെന്റി ജീവിതത്തിന്റെ യുദ്ധപർവ്വം എന്ന് വിശേഷിപ്പിക്കാൻ കഴിയാവുന്ന ഒരു സഭയായിരുന്നു. അന്ന് ഈ സഭയുടെ നാഥനായി നിന്ന കെ രാധാകൃഷ്ണൻ ഇന്ന് മന്ത്രിയായി സഭയിലുണ്ട്. അദ്ദേഹം നല്ലൊരു മാതൃകയാണ് എന്ന് പ്രത്യേകം പരാമർശിക്കുവാൻ ഈ അവസരം വിനിയോഗിക്കുന്നു.
ഈ സഭയിലെ ചർച്ചകൾ ഉന്നതമായ നിലവാരത്തിലേക്ക് കൊണ്ടുപോകാൻ കഴിയണം. നമ്മുടെ മദർ പാർലമെന്റ് എന്ന് വിശേഷിപപ്പിക്കപ്പെടുന്ന ഹൗസ് ഓഫ് കോമെൻസിലെ കീഴ്വഴക്കങ്ങൾ, പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റു പാർലമെന്റിൽ നടത്തിയ ഉദാത്തമായ മാനങ്ങൾ ഉണ്ടായിരുന്ന പാർലമെന്ററി പ്രവർത്തനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങൾ, ആദ്യ ലോക്സഭാ സ്പീക്കറായിരുന്ന മാവ്ലങ്കാർ ഉണ്ടാക്കിയ കീഴ്വഴക്കങ്ങൾ, പാർലമെന്റിലെ നടപടിക്രമങ്ങൾ അപ്ഡേറ്റ് ചെയ്യുന്ന ശാക്തർ ആൻഡ് കൗൾ, ഈ സഭയിലെ മഹാരഥന്മാർ നടത്തിയ ഉജ്ജ്വലമായ പ്രസംഗങ്ങളിലെ ഉദ്ധരണികൾ, കൊച്ചി നിയമസഭയിലെയും തിരുവിതാംകൂർ സഭയിലെയും 57 മുതലുള്ള കേരള നിയമസഭയിലെയും ഇഎംഎസിനെയും വിആർ കൃഷ്ണയ്യരെയും പട്ടം താണുപിള്ളയെയും സി നാരായണപിള്ളയെയും സി അച്യുതമേനോനെയും പിഎം വർഗീസിനെയും സി കേശവനെയും നടരാജപിള്ളയെയും പോലുള്ള പ്രഗത്ഭമതികൾ നടത്തിയ ആഴത്തിലുള്ള പ്രസംഗങ്ങളിൽ നിന്നുള്ള ഉദ്ധരണികൾ, പാർലമെന്ററി ജനാധിപത്യത്തിന്റെ അവസാനവാക്ക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഐവർ ജെന്നിങ്സിന്റെ പ്രസിദ്ധമായ ക്യാബിനറ്റ്, പാർലമെന്റ് തുടങ്ങിയ പുസ്തകങ്ങളിൽ നിന്നുള്ള ഉദ്ധരണികൾ കയ്യിലിട്ട് അമ്മാനമാടിയിരുന്ന, ഈ സഭയെ കോരിത്തരിപ്പിച്ച പനമ്പള്ളി ഗോവിന്ദമേനോന്റെ വാക്കുകൾ.... ആ കാലഘട്ടങ്ങളിലെല്ലാം ഈ സഭ ഉന്നതമായ നിലവാരത്തിലേക്ക് പോയിരുന്നു. ഈ സഭയിൽ കടന്നുവന്നിരിക്കുന്ന പുതിയ അംഗങ്ങൾ ഉൾപ്പെടെയുള്ളവർ അത്തരം പരാമർശങ്ങൾ നടത്തി ഈ സഭയെ ഇന്ത്യയിലെ തന്നെ, അല്ലെങ്കിൽ ലോകത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഏറ്റവും നിലവാരമുള്ള ഒരു സഭയാക്കി ഉയർത്തണം. അതിന് അങ്ങ് എല്ലാ പ്രോത്സാഹനവും നൽകണം എന്ന് ഞാൻ വിനയപൂർവം അഭ്യർത്ഥിക്കുന്നു.
സഭാ നടപടികൾ ഫലപ്രദമായി നിയന്ത്രിക്കാനും ഈ സഭയുടെ അന്തസ് ഉയർത്തിപ്പിടിക്കാനും അങ്ങേയ്ക്ക് കഴിയട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. പ്രതിപക്ഷത്തിന്റെ പൂർണമായ സഹകരണം സഭാ നാഥനായ അങ്ങേയ്ക്ക് വാഗ്ദാനം നൽകിക്കൊണ്ട് വാക്കുകൾ അവസാനിപ്പിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ