ഗുരുഗ്രാം: സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥയും എം.ബി.എ. വിദ്യാർത്ഥിനിയായ മകളും വിഷം ഉള്ളിൽച്ചെന്ന് മരിച്ചനിലയിൽ.ഗുരുഗ്രാമിലെ പ്രമുഖ ഹൗസിങ് സൊസൈറ്റിയിൽ താമസിക്കുന്ന വീണാ ഷെട്ടി(46) മകൾ യാഷിക ഷെട്ടി(24) എന്നിവരെയാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് നിഗമനം.

വീണാഷെട്ടിയുടെ ഭർത്താവ് ഹരീഷ് ഷെട്ടിയെ ജൂലായ് ആറിന് ഒരു ഹോട്ടലിൽ ജീവനൊടുക്കിയനിലയിൽ കണ്ടെത്തിയിരുന്നു. ഹരീഷിന്റെ മരണത്തെ തുടർന്നുള്ള വിഷമം കാരണം വീണയും മകളും ജീവനൊടുക്കിയതാകാമെന്നാണ് നിഗമനം. അതേസമയം, ആത്മഹത്യയിലേക്ക് നയിച്ച കാരണം കണ്ടെത്താൻ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

യാഷികയെ കിടപ്പുമുറിയിലും വീണയെ കിടപ്പുമുറിയിലെ ശൗചാലയത്തിലുമാണ് മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് ഹൗസിങ് സൊസൈറ്റി മാനേജർ അശോക് വർമ പറഞ്ഞു. ഇരുവരെയും മരിച്ചനിലയിൽ കണ്ടതോടെ ഇദ്ദേഹം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

ഈ വർഷം ജനുവരിയിലാണ് ടാക്സ് കൺസൾട്ടന്റായിരുന്ന ഹരീഷ് ഷെട്ടിയും കുടുംബവും ഗുരുഗ്രാമിലെ ഹൗസിങ് സൊസൈറ്റിയിൽ താമസം ആരംഭിച്ചത്. വീണ ഒരു സ്വകാര്യ സ്ഥാപനത്തിലെ സെയിൽസ് വിഭാഗത്തിൽ ഉദ്യോഗസ്ഥയായിരുന്നു. ഇരട്ടകളായ രണ്ട് പെൺമക്കളാണ് ദമ്പതിമാർക്കുള്ളത്. മരിച്ച യാഷിക എം.ബി.എ. വിദ്യാർത്ഥിനിയായിരുന്നു. മറ്റൊരു മകൾ നിയമവിദ്യാർത്ഥിയാണ്.