അരനൂറ്റാണ്ടുകാലത്തെ സജീവ രാഷ്ട്രീയ ജീവിതത്തിനുശേഷം കെപിസിസി നിർവാഹക സമിതിയംഗവും ഐ.എൻ.ടി.യു.സി ദേശീയ പ്രവർത്തക സമിതിയംഗവുമായ അഡ്വ. എം.സി. ജോസ് പദവികൾ ഉപേക്ഷിച്ചു. തലമുതിർന്ന നേതാക്കൾ ചെറുപ്പക്കാർക്ക് വഴി മാറിക്കൊടുക്കണമെന്ന് കെ.എസ്.യു പ്രവർത്തകനായിരിക്കെ ആവശ്യപ്പെട്ട ഇദ്ദേഹം 70 വയസ് തികഞ്ഞപ്പോൾ ഇത് സ്വയം നടപ്പാക്കിയാണ് സജീവ രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുന്നത്.

1947 ഓഗസ്റ്റ് 15ന് ജനിച്ച ഇദ്ദേഹം ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ 70ാം പിറന്നാൾ പിന്നിട്ട സാഹചര്യത്തിൽ 12 വർഷമായി തുടരുന്ന കെപിസിസി നിർവാഹകസമിതി അംഗത്വം രാജിവെച്ചതായി വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് എം.എം ഹസന് കത്ത് നൽകി. '

കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരിക്കെ തലമുതിർന്നനേതാക്കൾ ചെറുപ്പക്കാർക്ക് വഴിമാറിക്കൊടുക്കണമെന്ന് പാർട്ടി കമ്മിറ്റികളിൽ ഞാനും ആവശ്യപ്പെട്ടിരുന്നു. അതിനാൽ ഈ സന്ദർഭത്തിൽ പാർട്ടിയിലെ ഔദ്യോഗികസ്ഥാനങ്ങൾ രാജിവെച്ച് മാതൃകകാണിക്കണമെന്ന് എന്റെ മനഃസാക്ഷി എന്നോട് ആവശ്യപ്പെടുകയാണ്' -എം.സി. ജോസ് പറഞ്ഞു.

1965ൽ മാന്നാനം കെ.ഇ കോളജിൽ കെ.എസ്.യു യൂനിയൻ സെക്രട്ടറിയായി രാഷ്ട്രീയജീവിതം ആരംഭിച്ച ഇദ്ദേഹം പിന്നീട് പാലാ സന്റെ് തോമസ് കോളജിലും തിരുവനന്തപുരം ലോ കോളജിലും കെ.എസ്.യു ഭാരവാഹിയായിരുന്നു. 1972ൽ ഹോസ്ദുർഗ് ബാറിൽ അഭിഭാഷകനായി ചേർന്നതോടെയാണ് ജില്ലയിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായത്. 1973ൽ ഹോസ്ദുർഗ് നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റായി. 1978ൽ പാർട്ടിയിലുണ്ടായ ചേരിതിരിവിനെ തുടർന്ന് എ.കെ. ആന്റണിയുടെ പക്ഷത്തുചേർന്ന ഇദ്ദേഹം കെപിസിസി അംഗമായും അവിഭക്ത കണ്ണൂർ ജില്ല ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.

1980ൽ കാഞ്ഞങ്ങാട് ബി.ഡി.സി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. 1982ൽ പാർട്ടിവിട്ട് കോൺഗ്രസ്-എസിൽ ചേർന്ന് പാർട്ടിയുടെ ജില്ല പ്രസിഡന്റായി. 12 വർഷം പനത്തടി സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനവും വഹിച്ചു.

1990ൽ പ്രഥമ ജില്ല കൗൺസിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1991ൽ ജില്ല കൗൺസിൽ സ്ഥാനം രാജിവെച്ച് മാതൃസംഘടനയിലേക്ക് തിരിച്ചുവന്നു. 1992ൽ റെയ്ഡ്‌കോ ചെയർമാനായി. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.

സജീവ രാഷ്ട്രീയ പ്രവർത്തനങ്ങളിൽനിന്ന് വിട്ടകന്ന് അഭിഭാഷകവൃത്തിയിലും പരിസ്ഥിതി, സാംസ്‌കാരിക മേഖലകളിലെ പ്രവർത്തനങ്ങളിലും കേന്ദ്രീകരിക്കാനാണ് താൽപര്യം. അരനൂറ്റാണ്ടുകാലത്തെ രാഷ്ട്രീയജീവിതത്തിലെ ചരിത്രപ്രാധാന്യമുള്ള അനുഭവങ്ങൾ പകർത്തിയെഴുതി പുസ്തകമാക്കാൻ ഉദ്ദേശിക്കുന്നതായും എം.സി. ജോസ് പറഞ്ഞു.