- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരാതി പറയാൻ വിളിച്ച യുവതിയോട് അനുഭവിച്ചോളാൻ പറഞ്ഞത് തികഞ്ഞ ആത്മാർത്ഥതയോടെ; അത് പൊലീസിന് പരാതി നൽകേണ്ട കേസ്; സ്വമേധയാ കേസെടുക്കണമെങ്കിൽ പബ്ലിക്കിന് മുമ്പിൽ പറയണം; ഫോൺ ഇൻ പരിപാടിയിലെ പരിഹാസത്തിൽ വിചിത്ര മറുപടിയുമായി എംസി ജോസഫൈൻ; പ്രകോപനം വേണ്ടെന്നും വനിതാ കമ്മീഷൻ അധ്യക്ഷ
തിരുവനന്തപുരം: വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ വീണ്ടും വിവാദത്തിലാണ്. ഭർത്താവ് പീഡിപ്പിക്കുന്നുവെന്ന് പരാതിപ്പെട്ടയാളെ അപമാനിച്ചതാണ് പുതിയ വിവാദം. ഗാർഹിക പീഡനം നേരിടുന്നവർക്ക് തൽസമയം പരാതി നൽകാനായി മനോരമ ന്യൂസ് ചാനൽ നടത്തിയ പരിപാടിയിലാണ് ഭർത്താവ് ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞയാളോട് വനിതാ കമ്മീഷൻ അധ്യക്ഷയുടെ മോശം പെരുമാറ്റം. തുടക്കം മുതൽ അസ്വസ്ഥതയോടെയും ദേഷ്യത്തോടെയുമാണ് വനിതാ കമ്മീഷൻ അധ്യക്ഷ പീഡന പരാതി ഉന്നയിച്ച ആളോട് സംസാരിക്കുന്നത്.
2014ലാണ് വിവാഹം കഴിഞ്ഞതെന്നും ഭർത്താവ് നിരന്തരം ഉപദ്രവിക്കുന്നതായും കൊച്ചിയിൽ നിന്ന് ചാനലിലേക്ക് ഫോൺ ചെയ്ത യുവതി പരാതി പറയുന്നു. കുട്ടികളില്ലെന്നും ഭർത്താവും അമ്മായിയമ്മയും ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞപ്പോൾ എന്തുകൊണ്ട് പൊലീസിൽ പരാതിപ്പെട്ടില്ലെന്ന് എം.സി ജോസഫൈൻ. ആരെയും അറിയിച്ചില്ലെന്ന് പരാതിക്കാരി. എന്നാൽ പിന്നെ അനുഭവിച്ചോ എന്നാണ് എം.സി.ജോസഫൈന്റെ ആദ്യ പ്രതികരണം. ഈ വിവാത്തോട് രോഷത്തോടെയാണ് ജോസഫൈന്റെ പ്രതികരണം.
പ്രകോപനം വേണ്ടെന്നും തന്നെ നിയമിച്ചത് യൂത്ത് കോൺഗ്രസ് അല്ലെന്നും ജോസഫൈൻ പറയുന്നു. സർക്കാരിന് എന്തു തീരുമാനവും എടുക്കാമെന്ന് ജോസഫൈൻ പറയുന്നു. അത് പൊലീസ് എടുക്കേണ്ട കേസാണ്. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. സ്വമേധയാ കേസെടുക്കണമെങ്കിൽ പബ്ലിക്കിന് മുമ്പിൽ പറയണം. അതാണ് പറയാൻ ശ്രമിച്ചതെന്നും ജോസഫൈൻ പറയുന്നു.
ഇതിനിടെ അനുഭവിച്ചോളാൻ പറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോൾ അങ്ങനെ താൻ ഉദ്ദേശിച്ചില്ലെന്നും പറഞ്ഞില്ലെന്നും ആദ്യം പ്രതികരിച്ചു. പിന്നീട് താൻ തികഞ്ഞ ആത്മാർത്ഥയോടെ നല്ല ഉദ്ദേശത്തിലാണ് അങ്ങനെ പറഞ്ഞതെന്നും പ്രതികരിക്കുന്നു. കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനും നഷ്ടപരിഹാരത്തിനും നല്ല വക്കീൽ വഴി കുടുംബകോടതിയെ സമീപിക്കണമെന്നും ജോസഫൈൻ പറഞ്ഞിരുന്നു. ഭർതൃപീഡനത്തിന് ഇരയായ ആളോടുള്ള ജോസഫൈന്റെ മോശം പെരുമാറ്റത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
എൺപത്തൊമ്പത് വയസ്സുള്ള കിടപ്പ് രോഗിയുടെ പരാതി കേൾക്കണമെങ്കിൽ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെതിരെ മുമ്പ് രൂക്ഷ വിമർശനം ഉയർന്നിരുന്നു. ജോസഫൈനെതിരെ വടകര എംഎൽഎ കെകെ രമയും രംഗത്തു വന്നു. ജോസഫൈൻ ഇനി ഒരു നിമിഷം പോലും ആ സ്ഥാനത്തിരിക്കാൻ യോഗ്യയല്ലെന്ന് അവർ പറഞ്ഞു. ജോസഫൈനെ വനിതാ കമ്മീഷൻ അദ്ധ്യക്ഷ പദവിയിൽ നിന്നും നീക്കം ചെയ്യണമെന്നും എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
സിപിഎം നേതാവിനെതിരായ പീഡനാരോപണത്തിൽ പാർട്ടിക്ക് സമാന്തരമായി പൊലീസും കോടതിയുമുണ്ടെന്ന് മുമ്പൊരിക്കൽ പറഞ്ഞ നേതാവാണ് ജോസഫൈൻ. ഇരകളാക്കപ്പെടുന്ന മനുഷ്യർക്ക് ഒട്ടും ആശ്വാസമോ പിന്തുണയോ തോന്നാത്തത്ര ധാർഷ്ട്യവും നിർദ്ദയവുമായ ശബ്ദത്തിലാണ് തുടക്കം മുതൽ ജോസഫൈൻ സംസാരിക്കുന്നത്. അതിനും പുറമേയാണ് താനിരിക്കുന്ന പദവിയുടെ അന്തസ്സത്ത എന്ത് എന്ന് പോലുമറിയാത്ത ഇത്തരം തീർപ്പുകളെന്ന് കെകെ രമ പറയുന്നു.
നിയമക്കുരുക്കകളും നീതി നിർവ്വഹണത്തിലെ സാങ്കേതിക സമ്പ്രദായങ്ങളും കോടതി വ്യവഹാരങ്ങൾക്കാവശ്യമായ ഭാരിച്ച സാമ്പത്തിക ബാധ്യതയും ദുർബല ജനവിഭാഗങ്ങളിൽ ഭയവും ആത്മവിശ്വാസക്കുറവും സൃഷ്ടിക്കുന്നുണ്ട്. കുടുംബത്തിൽ നീതി നിഷേധിക്കപ്പെടുന്ന സ്ത്രീകളിൽ, തങ്ങളനുഭവിക്കുന്നത് ഒരു അനീതിയാണെന്ന് പോലും തിരിച്ചറിയാനാവാത്തവരുണ്ട്. അത്ര ശക്തമാണ് കുടുംബങ്ങൾക്കകത്തെ പുരുഷാധിപത്യ പൊതുബോധം. പരാതിപ്പെടാനും പൊരുതാനുമൊക്കെ ഒരു സാധാരണ സ്ത്രീക്ക് ആരെങ്കിലുമൊക്കെ ഒപ്പമുണ്ട് എന്ന ബോദ്ധ്യവും ആത്മവിശ്വാസവും പകർന്നു നൽകുക എന്നത് വനിതാ കമ്മീഷന്റെ ബാദ്ധ്യതയാണ്' കെകെ രമ ഫേസ്ബുക്കിൽ കുറിച്ചു.
ഇതിനു വിരുദ്ധമായി ഒരു സ്ത്രീയെ അവഹേളിക്കുകയും അവരുടെ ദുരനുഭവങ്ങൾക്ക് മുന്നിൽ നിസ്സാരമായി 'അനുഭവിച്ചോ ' എന്ന് ശാപം പോലെ പറയുകയും ചെയ്ത ജോസഫൈൻ ഇനി ഒരു നിമിഷം പോലും ആ സ്ഥാനത്തിരിക്കാൻ യോഗ്യയല്ലെന്നും കെകെ രമ എംഎൽഎ വ്യക്തമാക്കി. എംസി ജോസഫൈനെ വനിതാ കമ്മീഷൻ അദ്ധ്യക്ഷ പദവിയിൽ നിന്നും നീക്കം ചെയ്യണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നു എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ