- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം എന്നാൽ കോടതിയും പൊലീസും; പരാതി പറഞ്ഞ സ്ത്രീയ്ക്ക് നൽകിയത് അനുഭവിച്ചോളൂവെന്ന ഉപദേശം; കോടിയേരിയുടെ മകനെതിരെ ഇടപെട്ടില്ല; പെങ്ങളുട്ടിയുടെ വേദനയും കണ്ടില്ല; കാലം പൂർത്തിയാക്കാതെ പടിയിറക്കവും; ജോസഫൈന് കളങ്കമായി വനിതാ കമ്മീഷനിലെ ആ കാലം; വിടവാങ്ങുന്നത് പാർട്ടി കൂറ് മാത്രം ഉയർത്തി പിടിച്ച ധീര സഖാവ്
കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തിലെ സ്ത്രീ കരുത്തായിരുന്നു എംസി ജോസഫൈൻ. വി എസ് അച്യുതാനന്ദനൊപ്പം നിന്ന് എറണാകുളത്തെ സംഘടനയെ നിയന്ത്രിച്ച നേതാവ്. പക്ഷേ അടുത്ത കാലത്ത് വിവാദങ്ങളിലൂടെയായിരുന്നു ജോസഫൈന്റെ യാത്ര. വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തു നിന്ന് സിപിഎം രാജി ചോദിച്ച് വാങ്ങിയതും വിവാദത്തിനൊടുവിലായിരുന്നു. ഇതെല്ലാം ജോസഫൈന്റെ പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ കറുത്ത പാടായി മാറുകയും ചെയ്തിരുന്നു. അപ്പോഴും പാർട്ടിയെ പരസ്യമായി തള്ളി പറയാതെ സഖാവായി തന്നെ തുടർന്നു.
വനിതാ കമ്മീഷൻ അധ്യക്ഷയായിരുന്നപ്പോഴും പാർട്ടിയോടായിരുന്നു ജോസഫൈന്റെ കൂറ്. ഇത് മാത്രമാണ് അവരെ വിവാദങ്ങളിൽ കൊണ്ടെത്തിച്ചതും. ചാനൽ പരിപാടിക്കിടെ പരാതി പറയാൻ വിളിച്ച സ്ത്രീയോട് വനിതാകമ്മിഷൻ അധ്യക്ഷ അനുഭവിച്ചോ എന്ന തരത്തിൽ മോശമായി സംസാരിച്ചെന്ന് പരാതിയാണ് ജോസഫൈന് സ്ഥാനം നഷ്ടമാകാൻ അന്ന് കാരണമായത്. മനോരമ ചാനലിന്റെ തത്സമയ ഫോൺ ഇൻ പരിപാടിയിൽ, ഗാർഹികപീഡനത്തെപ്പറ്റി എറണാകുളം സ്വദേശിനിയായ യുവതി എം.സി. ജോസഫൈനോട് പരാതിപ്പെട്ടിരുന്നു. പൊലീസിൽ പരാതിപ്പെട്ടോയെന്ന് അവർ പരാതിക്കാരിയോട് തിരിച്ചുചോദിച്ചു. ഇല്ലെന്നുപറഞ്ഞ യുവതിയോട് ഇല്ലെങ്കിൽ അനുഭവിച്ചോയെന്നാണ് ജോസഫൈൻ പറഞ്ഞത്.
തുടർന്ന് വനിതാ കമ്മീഷൻ അധ്യക്ഷയായി ജോസഫൈൻ തുടരുന്നിടത്തോളം അവരെ വഴിയിൽ തടയുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രഖ്യാപിച്ചിരുന്നു. എകെജി സെന്ററിന് മുമ്പിൽ പോലും കോൺഗ്രസ് പ്രതിഷേധം നടത്തി. കേരളത്തിലുടനീളം പ്രതിഷേധവും ശക്തമായി. ഈ സാഹചര്യമാണ് സിപിഎം സെക്രട്ടറിയേറ്റ് ജോസഫൈന്റെ രാജി ചോദിച്ചു വാങ്ങിയത്. ഇതിനിടെ കൊല്ലത്തെ യുവതിയോട് മോശമായി സംസാരിക്കുന്ന ജോസഫൈന്റെ ശബ്ദരേഖയും പുറത്തു വന്നു. ഇതും സിപിഎം പരിഗണിച്ചു. മുമ്പും പല വിവാദവും ഉണ്ടായി. ഇതെല്ലാം പരിഗണിച്ചാണ് ജോസഫൈനോട് സിപിഎം രാജി ആവശ്യപ്പെട്ടത്. ഈ പദവി രാജിവച്ചൊഴിഞ്ഞ ശേഷം വിശ്രമത്തിലായിരുന്നു ജോസഫൈൻ. പിന്നീട് പാർട്ടി കോൺഗ്രസ് വേദിയിലാണ് അവർ ചിരിച്ച മുഖവുമായി വീണ്ടും സജീവമായത്.
വനിതാ കമ്മീഷൻ അധ്യക്ഷയായിരിക്കെ പല ആരോപണങ്ങളിൽ ജോസഫൈൻ ചെന്നു വീണു. ഷൊർണ്ണൂർ എംഎൽഎ ശശിക്കെതിരെ പാർട്ടി പ്രവർത്തക ലൈംഗിക അതിക്രമ പരാതി നൽകിയ വിഷയത്തിൽ മാധ്യമങ്ങളോട് തനിക്കെതിരെ പീഡനം ഉണ്ടായാലും ആദ്യം അറിയിക്കുക പാർട്ടിയെ ആയിരിക്കുമെന്ന് പറഞ്ഞത് വലിയ വിവാദമായി. കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയിക്കെതിരായ പീഡന പരാതിയിൽ ഇടപെടാനാവില്ലെന്ന് നിലപാട് എടുത്തു. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെ എൽഡിഎഫ് കൺവീനർ എ വിജയരാഘവന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ രമ്യ കമ്മീഷന് നൽകിയ പരാതി അന്വേഷിക്കുക പോലും ചെയ്തില്ലെന്ന് ആക്ഷേപം ഉണ്ടായിരുന്നു.
പരാതിയുമായി വരുന്നവരോട് അനുകമ്പയില്ലാതെ പെരുമാറുന്നുവെന്ന പഴി കുറേ കേട്ടു. 'എന്നാൽ അനുഭവിച്ചോ' എന്ന വാചകം അവരുടെ വനിതാ കമ്മീഷൻ അധ്യക്ഷ പദവി തന്നെ തെറിപ്പിച്ചു. എന്നും പാർട്ടിയെ ന്യായീകരിക്കാൻ ശ്രമിച്ച ജോസഫൈന്റെ പ്രതികരണം പാർട്ടിക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കിയെന്ന് വിമർശനം ഉയർന്നു. സ്ഥാനം രാജിവെക്കണമെന്ന് പാർട്ടി തന്നെ ആവശ്യപ്പെടുകയായിരുന്നു. ഒമ്പത് മാസം കാലാവധി അവശേഷിക്കുമ്പോഴായിരുന്നു ജോസഫൈന്റെ രാജി. പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സിപിഎം നേതൃ തലത്തിൽ ആരുടെയും പിന്തുണ ലഭിച്ചിരുന്നില്ല. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി റഹീം മാത്രമാണ് രാജിവെക്കേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടത്.
ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോൾ സിപിഎമ്മിന് പാർട്ടി കോടതി സംവിധാനമില്ലെന്നാണ് പറഞ്ഞിരുന്നത്. ഇത്് ജോസഫൈൻ തിരുത്തിയതും വിവാദമായിരുന്നു. സിപിഎം എന്നാൽ കോടതിയും പൊലീസുമെന്നാണ് ജോസഫൈൻ പറഞ്ഞത്. സ്ത്രീ പീഡന പരാതികളിൽ ഏറ്റവും കർശന നടപടിയെടുക്കുന്നത് സിപിഎമ്മാണ്. അതിൽ അഭിമാനിക്കുന്നുവെന്നുമാണ് ജോസഫൈൻ പ്രതികരിച്ചത്. ഷോർണ്ണൂർ എംഎൽഎ ശശി സ്ത്രീ പീഡന വിവാദത്തിൽ പെട്ടതോടെയാണ് ഒരിടവേളയ്ക്ക് ശേഷം പാർട്ടി കോടതി വിവാദങ്ങൾ വീണ്ടും തലപൊക്കിയത്.
മറുനാടന് മലയാളി ബ്യൂറോ