തിരുവനന്തപുരം: തെരുവുകളിൽ ജീവിക്കുന്നവരെ ദൈവതുല്യരായി കാണുന്ന പുണ്യമായിരുന്നു ആകാശപ്പറവകൾ എന്ന സംഘടനയുടെ അമരക്കാരനായ ഫാ. ജോർജ്ജ് കുറ്റിക്കൽ. ആഡംബര കാറുകളിലും സ്വർണ്ണക്കിലുക്കമുള്ള പള്ളിമേടകളിലും ജീവിക്കുന്ന പുരോഹിതന്മാരിൽ നിന്നും വ്യത്യസ്തനായി ജീവിതത്തിൽ ആരാലും ആശ്രയമില്ലാത്തവർക്കൊപ്പം കഴിഞ്ഞ് അവരുടെ ഉന്നമനത്തിനായി ജീവിച്ച മഹത് വ്യക്തിത്വമായിരുന്നു കുറ്റിക്കലച്ചൻ. തന്റെ അന്ത്യവിശ്രമം എപ്പോഴും സ്‌നേഹിക്കുന്ന ആ നിരാലംബരുടെ സന്നിധിയിൽ ആവണമെന്നായിരുന്നു അച്ചന്റെ അന്ത്യാഭിലാഷം.

എന്നാൽ കുറ്റിക്കലച്ചന്റെ ആ ആഗ്രഹത്തിന് തടസ്സം നിൽക്കുകയാണ് അദ്ദേഹത്തിന്റെ സഭയായ എംസിബിഎസിലെ മേലധികാരികൾ. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം നിറവേറ്റണമെന്ന് കുടുംബാംഗങ്ങളും കുറ്റിക്കലച്ചൻ ആ ആഗ്രഹം നേരിട്ട് പറഞ്ഞ നിരാലംബരായ അദ്ദേഹത്തിന്റെ ആശ്രിതരും മലയാറ്റൂരിലെ പള്ളി വികാരിയും പോലും പറഞ്ഞിട്ടും മൃതദേഹം അടക്കംചെയ്യുന്നത് കോട്ടയത്ത് മതിയെന്ന് ശഠിക്കുകയാണ് സഭാ അധികൃതർ. നിസ്വാർത്ഥമായി പാവങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച കുറ്റിക്കൽ അച്ചനെ അദ്ദേഹം സ്ഥാപിച്ച സ്ഥാപനങ്ങളിൽ എവിടെയെങ്കിലും അടക്കിയാൽ അത് ആ ധന്യപിതാവിന്റെ കീർത്തി വർദ്ധിക്കാൻ കാരണമാകുമെന്നു കണ്ട് അത് തടയാനായാണ് ഇത്തരമൊരു നീക്കം നടക്കുന്നതെന്നുമാണ് മറുനാടന് ലഭിക്കുന്ന വിവരങ്ങൾ.

കത്തോലിക്ക സഭയിലെ സ്വതന്ത്രസഭയായി വർത്തിക്കുന്ന വിഭാഗമാണ് എസിബിഎസ്. അതിനാൽ തന്നെ സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് ആയ മാർ ആലഞ്ചേരിക്ക് ഉൾപ്പെടെ കുറ്റിക്കലച്ചന്റെ അന്ത്യാഭിലാഷം സാധിച്ചുകൊടുക്കാൻ ഇടപെടാനാവുന്നില്ല. സ്വതന്ത്ര സഭ ആയതിനാൽ എംസിബിഎസിലെ മേലധികാരികളുടേതാണ് അന്തിമ തീരുമാനം എന്നതിനാൽ അതിനെ എതിർക്കാതെ നിൽക്കുകയാണ് മറ്റ് സഭകളിലെ ഉന്നതരും.

കോട്ടയത്ത് ആരും തിരിഞ്ഞുപോലും നോക്കാത്ത കൊല്ലാടുള്ള ഒരു സെമിത്തേരി കുറ്റിക്കലച്ചന്റെ സംസ്‌കാരത്തിനായി കണ്ടുവച്ചാണ് സഭയിലെ ചില ഉന്നതരുടെ നീക്കം. സഭയ്ക്ക് എന്നും അനഭിമതനായിരുന്നു വേറിട്ടു ചിന്തിച്ചിരുന്ന കുറ്റിക്കലച്ചൻ. അദ്ദേഹത്തെ അപകീർത്തിപ്പെടുത്താൻ പല വേളകളിലും സഭയിൽ നിന്നുതന്നെ ശ്രമമുണ്ടായി. എന്നാൽ അതൊന്നും വകവയ്ക്കാതെ തെരുവോരങ്ങളിൽ ജീവിക്കുന്ന ആരും ആശ്രയമില്ലാത്ത പാവങ്ങളേയും കുഞ്ഞുങ്ങളേയും കൂടെ കൂട്ടി അവരെ നല്ലനിലയിലേക്ക് വളർത്തിയെടുത്തയാളാണ് കുറ്റിക്കലച്ചൻ. എന്നാൽ അദ്ദേഹത്തിന്റെ അഭിലാഷപ്രകാരം അന്ത്യവിശ്രമംപോലും അനുവദിക്കില്ലെന്ന വാശിയിലാണ് സഭാ നേതൃത്വമെന്ന വിവരമാണ് മറുനാടന് ലഭിക്കുന്നത്. ഇക്കാര്യം വലിയ ചർച്ചയായിട്ടുമുണ്ട്.

എന്നാൽ പ്രതികാരബുദ്ധ്യാ അന്ത്യകർമ്മവും സംസ്‌കാരവും കോട്ടയത്തേക്ക് മാറ്റാൻ ഒരുങ്ങുക സഭയിലെ ചിലർ. സമൂഹത്തിൽ നന്മ മനസ്സിൽ സൂക്ഷിക്കുന്നവരെല്ലാം ഇക്കാര്യം അറിയണമെന്നും കുറ്റിക്കലച്ചന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന് അന്ത്യവിശ്രമം ഒരുക്കാൻ പ്രശ്‌നത്തിൽ ഇടപെടണമെന്നും അദ്ദേഹവുമായി അടുപ്പമുള്ളവരും കുടുംബക്കാരും പ്രദേശത്തെ പള്ളി അധികൃതരുമെല്ലാം ഒരുപോലെ ആവശ്യപ്പെടുന്നു. ആകാശപ്പറവകൾ എന്ന് പേരിട്ടാണ് അശരണർക്ക് കുറ്റിക്കലച്ചൻ ആശ്രയം നൽകിയതും ഇവർക്കായി അഭയകേന്ദ്രങ്ങൾ സ്ഥാപിച്ചതും.

സഭയിലെ ഒരു വിഭാഗം ചരടുവലികളാണ് അദ്ദേഹത്തെ കോട്ടയത്തേ അടക്കൂ എന്ന സഭാ അധികാരികളുടെ പിടിവലിക്ക് പിന്നിലെന്നാണ് വിവരം. ശനിയാഴ്ചയാണ് കുറ്റിക്കലച്ചന്റെ അന്ത്യകർമ്മങ്ങൾ നിശ്ചയിച്ചിട്ടുള്ളത്. മലയാറ്റൂരിലോ അല്ലെങ്കിൽ ചെന്നായ്‌പ്പാറയിലോ അശരണർക്കായി കുറ്റിക്കലച്ചൻ സ്ഥാപിച്ച കേന്ദ്രങ്ങളിലൊന്നിൽ അദ്ദേഹത്തിന് അന്ത്യവിശ്രമത്തിന് അവസരം ഒരുക്കണമെന്നാണ് ആവശ്യം

കുറ്റിക്കലച്ചൻ സ്ഥാപിച്ച രണ്ട് സന്യാസ മുഖങ്ങളുണ്ട്. ആകാശപ്പറവകളെ ശുശ്രൂഷിക്കുന്ന രണ്ട് പ്രധാന കേന്ദ്രങ്ങളാണ് മലയാറ്റൂരിലേതും തൃശൂരിലെ ചെന്നായ്‌പ്പാറയിലേതും. എന്റെ അവസാനം നിങ്ങളുടെ കൂടെയാണ് എന്ന് എല്ലായ്‌പ്പോഴും അച്ചൻ അവിടെയുള്ള നിരാലംബരോട് പറഞ്ഞിട്ടുണ്ട്. മലയാറ്റൂരിൽ അവർക്കൊപ്പം കഴിയവേ ആയിരുന്നു കുറ്റിക്കലച്ചന്റെ അന്ത്യം. ചെന്നായ്‌പ്പാറയിലാണ് ആദ്യം അദ്ദേഹം നിരാലംബർക്കായി ഒരു അഭയകേന്ദ്രം തുടങ്ങുന്നത്. വീട്ടുകാരും അച്ചന്റെ ശുശ്രൂഷകരും സഭയോട് അഭ്യർത്ഥിച്ചിട്ടും അന്ത്യവിശ്രമം ഈ കേന്ദ്രങ്ങളിൽ അനുവദിക്കാനാവില്ലെന്ന നിലപാടാണ് സഭയ്ക്ക്. ഇത് വളരെ മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്ന ആക്ഷേപമാണ് ഉയരുന്നത്.

മലയാറ്റൂരിലെ അഗതിമന്ദിരത്തിനോട് ചേർന്ന് കുറ്റിക്കലച്ചന് അന്ത്യവിശ്രമത്തിന് അനുമതി നൽകിയാൽ അവർ എല്ലാദിവസവും അവിടെ ചെന്ന് പ്രാർത്ഥിക്കുകയും തിരികത്തിക്കുകയും ചെയ്യും. നിരവധിപേർ മറ്റിടങ്ങളിൽ നിന്നും അച്ചന്റെ അന്ത്യവിശ്രമസ്ഥലം സന്ദർശിക്കാൻ എത്തും. അങ്ങനെ വന്നാൽ ഭാവിയിൽ കുറ്റിക്കലച്ചൻ ഒരു വിശുദ്ധന്റെ പരിവേഷത്തിലെത്തുമെന്ന് സഭയിലെ അദ്ദേഹത്തിന്റെ എതിരാളികൾ ഭയക്കുന്നു. കോട്ടയത്തുകൊല്ലാട് ആരും തിരിഞ്ഞുനോക്കാത്ത ഒരു സെമിത്തേരിയിൽ കുറ്റിക്കലച്ചനെ അടക്കാനാണ് തീരുമാനം.

കാലം കുറേ മുന്നോട്ടുപോകുമ്പോൾ ഒരുപക്ഷേ കുറ്റിക്കലച്ചൻ ഒരു വലിയ ചരിത്രപുരുഷനായി അറിയപ്പെടും. ഇത് ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. ശനിയാഴ്ച രാവിലെയാണ് അടക്കം നിശ്ചയിച്ചിരിക്കുന്നത്. ഇന്നും നാളെയും മലയാറ്റൂരിൽ തന്നെയാണ് മൃതദേഹം അന്ത്യദർശനത്തിന് വച്ചിരിക്കുന്നത്. നാളെ രാത്രി കോട്ടയത്തേക്ക് സംസ്‌കാരത്തിനായി ഭൗതികദേഹം കൊണ്ടുപോകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

കുറ്റിക്കലച്ചനെ ദൈവതുല്യമായി ആരാധിക്കുന്ന ചെന്നായ് പാറയിലെ അശരണർക്ക് അവസാനമായി ഒരുനോക്കുകാണാൻ അദ്ദേഹം ആദ്യമായി അഭയകേന്ദ്രം തുടങ്ങിയ അവിടെക്ക് മൃതദേഹം ഒന്ന് എത്തിക്കാൻ അവിടെയുള്ള അച്ചൻ ആവശ്യപ്പെട്ടിട്ടും അതിന് അധികാരികൾ തയ്യാറായില്ല. മലയാറ്റൂരിൽ അടക്കണമെന്ന് അവിടത്തെ വികാരിയും അഭ്യർത്ഥിച്ചെങ്കിലും അതും ചെവിക്കൊണ്ടില്ല. തികച്ചും മനുഷ്യത്വരഹിതമായാണ് കുറ്റിക്കലച്ചന്റെ അന്ത്യാഭിലാഷം നിറവേറ്റാതെയും അദ്ദേഹത്തെ സ്‌നേഹിക്കുന്ന ആയിരങ്ങളെ വകവയ്ക്കാതെയും സഭ സ്വീകരിക്കുന്ന നിലപാട്. വളരെ സങ്കടകരമായ അവസ്ഥയാണ് ഉണ്ടാകുന്നതെന്നും സഭാ മേലധികാരികൾ ഇക്കാര്യത്തിൽ ഇനിയെങ്കിലും മാറി ചിന്തിക്കണമെന്നും വിശ്വാസികൾ ആവശ്യപ്പെടുന്നു.

മദർതെരേസയെ പോലെ പാവങ്ങൾക്ക് അഭയമായ കുറ്റിക്കലച്ചൻ

മദർ തെരേസയെ പോലെ പാവങ്ങളുടെ കണ്ണീരൊപ്പാൻ ജീവിച്ച ആളായിരുന്നു കുറ്റിക്കലച്ചൻ. കുറ്റിക്കൽ അച്ചൻ പ്രചരിപ്പിക്കുന്നത് ആകാശപ്പറവകൾ എന്ന സങ്കൽപ്പവും ചില വ്യത്യസ്തമായ രീതികളുമാണ്. ഈ ആശയം ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നത് അച്ചന്റെ ആശയങ്ങൾ തിരിച്ചറിഞ്ഞ് ഇഷ്ടപ്പെട്ടവരാണ്. അവർക്കാർക്കും നിയന്ത്രണം ഏർപ്പെടുത്താനോ നിയമങ്ങൾ നടപ്പിലാക്കാനോ അച്ചൻ പോകാറില്ല. എല്ലാവരും ആരംഭിക്കുന്നത് അച്ചനെ വിളിച്ച് ഉപദേശങ്ങൾ തേടിയാണ്. ഇടക്കിടെ അച്ചൻ എല്ലായിടത്തും ചെല്ലും, എല്ലാവരുമായി സംസാരിക്കും. അവർക്കെല്ലാം വേണ്ട ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകും. അച്ചന്റെ ചില കടുത്ത വിശ്വാസങ്ങൾ ലംഘിക്കപ്പെടുന്നുണ്ടോ എന്നു പരിശോധിക്കും. അതു മറ്റൊന്നുമല്ല, വിദേശ ഫണ്ടിനോട് ചതുർത്ഥി, പഴയ വസ്ത്രങ്ങളും മിച്ചം വരുന്ന ഭക്ഷണങ്ങളും സ്വീകരിക്കുന്ന രീതിയോടുള്ള എതിർപ്പ് എന്നിവയൊക്കെയാണ്.

ഫാ: ജോർജ് കുറ്റിക്കൽ ജീവിച്ചിരിക്കുന്ന ഒരു വിശുദ്ധൻ ആണ് എന്നാണ് അദ്ദേഹത്തെ അറിയാവുന്നവർ പറയുന്നത്. വൈദികൻ ആയപ്പോൾ മുതൽ സഭാ രീതികളിൽ നിന്നും മാറി നടന്നിരുന്ന ഒരു സാത്വികൻ ആയിരുന്നു അദ്ദേഹം. താൻ ഇപ്പോൾ ചെയ്യുന്നതെല്ലാം ഒരു തരത്തിൽ ദൈവീക ശുശ്രൂഷയായി തന്നെ അദ്ദേഹം കരുതുന്നു. സ്ഥാപനങ്ങൾ നടത്തിയും കെട്ടിടങ്ങൾ പണിതും കുർബാന ചൊല്ലിയും പ്രാർത്ഥനകൾ നടത്തിയും മാത്രം ജീവിച്ചാൽ ക്രിസ്തുവിന്റെ ശിഷ്യന്മാരാവില്ല എന്നാണ് കുറ്റിക്കലച്ചൻ പറയുന്നത്. വേദനിക്കുന്നവരുടെ കണ്ണീരൊപ്പുക. അവഗണിക്കപ്പെട്ടവരെ ആശ്വസിപ്പിക്കുക, ദരിദ്രരുടെ പട്ടിണി മാറ്റുക എന്നിവയൊക്കെയാണ് ക്രിസ്ത്യാനിയുടെ ചുമതലകൾ എന്ന് ജോർജ് അച്ചൻ വിശ്വസിക്കുന്നു. ധ്യാനഗുരുവായി നടന്ന ആദ്യ കാലങ്ങളിൽ ഈ ചിന്തയാണ് അദ്ദേഹം സഭാ വിശ്വാസികളിൽ കുത്തിവച്ചത്.

ഇത്തരത്തിൽ വേറിട്ട പ്രവർത്തനങ്ങളും സമീപനങ്ങളും പുലർത്തിയതുകൊണ്ടുതന്നെ അദ്ദേഹം സഭയ്ക്ക് അത്ര പ്രിയപ്പെട്ടവൻ ആയിരുന്നില്ല. ഇത്രയും വലിയൊരു പ്രസ്ഥാനം വ്യവസ്ഥാപിത രീതിയിൽ നടത്തുകയാണെങ്കിൽ കോടികൾ വിദേശത്ത് നിന്നും സഹായമായി വാങ്ങാമെന്നിരിക്കെ അതിന് സമ്മതിക്കാത്ത മനോഭാവം തന്നെയാണ് പ്രധാന പ്രശ്‌നം. ഒരു വരുമാനവും ഇല്ലാതിരിക്കുകയും സഭയുടെ പണം ഇടയ്ക്കിടെ നൽകേണ്ടി വരുകയും ചെയ്യുന്ന നഷ്ടക്കച്ചവടത്തോട് വലിയ താൽപ്പര്യം കുറ്റിക്കലച്ചന്റെ സഭയായ എംസിബിഎസിനില്ല. പലപ്പോഴും അച്ചന്റെ ശുശ്രൂഷകൾക്ക് ആവശ്യത്തിന് വൈദികരെ നൽകാൻ പോലും സഭ മടി കാണിക്കാറുണ്ടായിരുന്നു. ആകാശപ്പറവകൾ എന്ന സങ്കൽപ്പം ഇഷ്ടപ്പെട്ട് മാത്രം വൈദികനായ ഒരു വൈദികനെ കുറ്റിക്കലച്ചനോടൊപ്പം പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുന്നതിന്റെ പേരിൽ സഭയിൽ മുൻപ് ഒരു വിവാദം വരെ ഉണ്ടായിട്ടുണ്ട്.

ആദ്യ ആശ്രമം തൃശൂർ ചെന്നായ്പാറയിലാണ് തുടങ്ങിയത്. ഡൽഹി, ജമ്മുകാശ്മീർ, പഞ്ചാബ്, ബീഹാർ, ബംഗാൾ, ഒഡീഷ, ആന്ധ്രപ്രദേശ്, തെലുങ്കാന, ബാംഗ്ലൂർ, ചെന്നൈ, കേരളം തുടങ്ങി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി 120ഓളം സ്ഥാപനങ്ങൾ കുറ്റിക്കലച്ചന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ മാത്രം 26 സ്ഥാപനങ്ങൾ. ജോർജ് കുറ്റിക്കലച്ചൻ എം.സി.ബി.എസ് സഭാംഗമായിട്ട് 38 വർഷമാകുന്നു. ആലപ്പുഴ പുക്കാട് പരേതരായ കുറ്റിക്കൽ ജോസഫിന്റെയും ത്രേസ്യാമ്മയുടെയും ഏഴുമക്കളിൽ രണ്ടാമനാണ് അദ്ദേഹം. താൻ തുടങ്ങിയ പ്രസ്ഥാനം നല്ല രീതിയിൽ മുന്നേറുന്നു എന്ന ആശ്വാത്തോടെയാണ് കുറ്റിക്കലച്ചൻ ഈ ലോകത്തു നിന്നും വിടപറഞ്ഞത്. എന്നാൽ അദ്ദേഹത്തിന്റെ അന്ത്യാഭിലാഷത്തിന് പോലും തടസ്സം നിന്ന് സഭ അദ്ദേഹത്തെ അപമാനിക്കുകയാണിപ്പോൾ.