- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമ്മ്യൂണിസ്റ്റ് ഉച്ഛാടനം അഥവാ മെക്കാർത്തിസം ഇന്ത്യയിലും അതിവേഗം വളരുന്നു; കരുതലെടുത്തില്ലെങ്കിൽ അപകടത്തിലാക്കുന്നത് ഭാരതീയ സംസ്‌കൃതി തന്നെ
ഫസ്റ്റ് റെഡ് സ്‌കെയർ എന്നറിയപ്പെടുന്ന 1917-1920 കാലഘട്ടങ്ങളിലാണ് ലോകത്തിന്റെ പലഭാഗങ്ങളിലുമെന്നപോലെ അമേരിക്കൻ ഐക്യനാടുകളിലും കമ്മ്യൂണിസം പ്രചരിക്കുവാൻ ആരംഭിച്ചത്. 1940-41 കാലഘട്ടങ്ങളിൽ അത് അതിന്റെ പാരമ്യതയിലെത്തി. അക്കാലത്തെ ഔദ്യോഗിക കണക്ക് പ്രകാരം ഏതാണ്ട് 75,000 ഔദ്യോഗിക അംഗങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്‌സിനുണ്ടായിരുന്നു. അതിന്റെ മൂന്നിരട്ടിയോളം അനുഭാവികളും. രണ്ടാം ലോക മഹായുദ്ധത്തിൽ അന്നത്തെ സോവിയറ്റ് യൂണിയൻ അമേരിക്കയുടെ പങ്കാളിയായിരുന്നതിനാൽ അക്കാലത്ത് കമ്മ്യൂണിസത്തിനു നേരെ പ്രചാരമൊന്നും ഉണ്ടായില്ല. യുദ്ധാനന്തരം ലോകം ഇരുചേരിയായി നിലയുറപ്പിച്ച കാലത്താണ് അമേരിക്കയിൽ കമ്മ്യൂണിസത്തിനും കമ്മ്യൂണിസ്റ്റുകാർക്കുമെതിരെ പ്രചാരം ശക്തിയാർജ്ജിച്ചത്. വിവിധ രാജ്യങ്ങളിൽ സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് സർക്കാരുകൾ രൂപീകരിക്കപ്പെട്ടതും, അമേരിക്കയുടെ സാമ്പത്തിക സഹായമുൾപ്പടെയുള്ള പിന്തുണയുണ്ടായിരുന്നിട്ടും ചൈനയിൽ കുവോമിന്താങ്ങിൽ നിന്നും മാവോ സേ തൂങ്ങ് അധികാരം പിടിച്
ഫസ്റ്റ് റെഡ് സ്‌കെയർ എന്നറിയപ്പെടുന്ന 1917-1920 കാലഘട്ടങ്ങളിലാണ് ലോകത്തിന്റെ പലഭാഗങ്ങളിലുമെന്നപോലെ അമേരിക്കൻ ഐക്യനാടുകളിലും കമ്മ്യൂണിസം പ്രചരിക്കുവാൻ ആരംഭിച്ചത്. 1940-41 കാലഘട്ടങ്ങളിൽ അത് അതിന്റെ പാരമ്യതയിലെത്തി. അക്കാലത്തെ ഔദ്യോഗിക കണക്ക് പ്രകാരം ഏതാണ്ട് 75,000 ഔദ്യോഗിക അംഗങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്‌സിനുണ്ടായിരുന്നു. അതിന്റെ മൂന്നിരട്ടിയോളം അനുഭാവികളും.
രണ്ടാം ലോക മഹായുദ്ധത്തിൽ അന്നത്തെ സോവിയറ്റ് യൂണിയൻ അമേരിക്കയുടെ പങ്കാളിയായിരുന്നതിനാൽ അക്കാലത്ത് കമ്മ്യൂണിസത്തിനു നേരെ പ്രചാരമൊന്നും ഉണ്ടായില്ല. യുദ്ധാനന്തരം ലോകം ഇരുചേരിയായി നിലയുറപ്പിച്ച കാലത്താണ് അമേരിക്കയിൽ കമ്മ്യൂണിസത്തിനും കമ്മ്യൂണിസ്റ്റുകാർക്കുമെതിരെ പ്രചാരം ശക്തിയാർജ്ജിച്ചത്.
വിവിധ രാജ്യങ്ങളിൽ സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് സർക്കാരുകൾ രൂപീകരിക്കപ്പെട്ടതും, അമേരിക്കയുടെ സാമ്പത്തിക സഹായമുൾപ്പടെയുള്ള പിന്തുണയുണ്ടായിരുന്നിട്ടും ചൈനയിൽ കുവോമിന്താങ്ങിൽ നിന്നും മാവോ സേ തൂങ്ങ് അധികാരം പിടിച്ചെടുത്തതുമെല്ലാം അമേരിക്കയെ ചൊടിപ്പിച്ചിരുന്നു.
ഇതിനിടയിൽ, 1949-ൽ അമേരിക്ക പ്രതീക്ഷിച്ചതിലും വളരെ മുമ്പ് തന്നെ സോവിയറ്റ് യൂണിയൻ അണുബോംബ് പരീക്ഷണം നടത്തുകയുണ്ടായി. കൂടാതെ കുപ്രസിദ്ധമായ ഐഗോർ ഗുസെങ്കൊ- എലിസബത്ത് ബെന്റ്‌ലി ചാരക്കഥ, സോവീയറ്റ് യൂണിയൻ അമേരിക്കയെ കമ്മ്യൂണിസ്റ്റ്‌വത്ക്കരിക്കാൻ ശ്രമിക്കുന്നുവെന്ന ഭയവുമുണർത്തി.
ഇവിടെ നിന്നാണ് ഇന്ന് മെക്കാർത്തിസം എന്നപേരിൽ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് ഉച്ഛാടനത്തിന്റെ ആരംഭം. 1950-ൽ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലെ ഉന്നത ഉദ്യോഗസ്ഥനായ ആൽഗർ ഹിസ്സ്, ചാരക്കേസിൽ അറസ്റ്റിലായതും, ആറ്റംബോബിന്റെ നിർമ്മാണ രഹസ്യം സോവിയറ്റ് യൂണിയന് ചോർത്തിക്കൊടുത്തെന്ന പേരിൽ മറ്റുരണ്ടുപേർ അറസ്റ്റിലായതും ഇതിന് ആക്കം കൂട്ടി.
പൊതുവേ യാഥാസ്ഥികരായ അമേരിക്കൻ സമൂഹം, പ്രത്യേകിച്ച് വരേണ്യവർഗ്ഗം ഈ അവസരം ശരിക്ക് മുതലാക്കി. സ്ത്രീ പീഡനത്തിനെതിരെയുള്ള പോരാട്ടങ്ങളും, ബാലവേലക്കെതിരേയുള്ള മുന്നേറ്റവുമെല്ലാം കമ്മ്യൂണിസത്തിന്റെ പ്രചാരോപാധിയായി മുദ്രകുത്തി. അതിന്റെ നേതൃത്വത്തിലുള്ളവരെയെല്ലാം കമ്മ്യൂണിസ്റ്റ്കാരായി ചിത്രീകരിച്ചു.
ഇതിനിടയിലാണ് 1950 ഫെബ്രുവരി 9 ന് മുതിർന്ന സെനറ്റർ ആയിരുന്നു ജോസഫ് മെക് കാർത്തി ഒരു പ്രസ്താവന നടത്തിയത്. ലിങ്കൺ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ഒരു സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ അദ്ദേഹം ഒരു കടലാസ് കഷ്ണം ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രസ്താവിച്ചത്, രാജ്യത്തിലെ വിവിധ വകുപ്പുകളിൽ ഉദ്യോഗസ്ഥരായ കമ്മ്യൂണിസ്റ്റുകാരുടെ വിവരങ്ങൾ അതിലുണ്ട് എന്നായിരുന്നു. ഏകദേശം 205 പേരുടെ വിവരങ്ങൾ അതിലുണ്ട് എന്നായിരുന്നു അദ്ദേഹം പ്രസ്താവിച്ചത്.
കമ്മ്യൂണിസ്റ്റ് വിരുദ്ധചേരിയിലുള്ള അമേരിക്കൻ മാദ്ധ്യമങ്ങൾ അത് ഏറ്റുപിടിച്ച് വിവാദമാക്കി. അങ്ങിനെയണ് മെക്കാർത്തിസം എന്ന പേര് നിലവിൽ വരുന്നത്.
ഇത് വിവാദമായതോടെ നിരവധി കമ്മിറ്റികളും ബോർഡുകളും നിലവിൽ വന്നു. സംശയിക്കപ്പെടുന്ന വ്യക്തികളുടെ രാഷ്ട്രീയാഭിമുഖ്യം കണ്ടു പിടിക്കുക എന്നതായിരുന്നു ഇവയുടെ ഒക്കെ ലക്ഷ്യം.
സർക്കാർ ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ ആഭിമുഖ്യം അറിയുവാൻ എഫ് ബി ഐ രഹസ്യാന്വേഷണം തുടങ്ങി. ഇവർ സമർപ്പിക്കുന്ന വിവരത്തിൽ തുടരന്വേഷണം നടത്താതെ നിരവധി പേരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. എഫ് ബി ഐ, വിവരങ്ങൾ ശേഖരിക്കുവാൻ ആശ്രയിച്ചിരുന്ന ഇൻഫോർമാർ, അവരുടെ വ്യക്തിവൈര്യാഗം തീർക്കുവാനും ഈ സന്ദർഭം ഉപയോഗിച്ചു. കൂടുതൽ തുടരന്വേഷണങ്ങളില്ലാതെ റിപ്പോർട്ടുകൾ സമർപ്പിച്ചതിനാൽ നിരവധി നിരപരാധികൾ ശിക്ഷിക്കപ്പെട്ടു.
1954-ൽ അമേരിക്കൻ സെനറ്റ് മെക്കാർത്തിയുടെ നടപടിയെ അപലപിക്കുന്നതുവരെ ഈ പ്രവർത്തനം ശക്തിയായി തുടർന്നു. എങ്കിലും സശയിക്കുന്നവരുടെ പേരിൽ കള്ളരേഖകൾ ചമക്കലും മറ്റുമായി നടത്തിവന്നിരുന്ന കോയിന്റൽ പ്രോ ഓപ്പറേഷൻ 1971 വരെ തുടര്ന്നു വന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 1970-ൽ നിലവിൽ വന്ന വിവരാവകാശനിയമപ്രകാരമാണ് മെക്കാർത്തിസം എന്നറിയപ്പെടുന്ന ഈ നീക്കത്തിന്റെ ചുരുളുകൾ പുറത്തുവന്നത്.
ഈ അന്വേഷണവും മറ്റും നടത്തിയത് സർക്കാർ ഉദ്യോഗസ്ഥരെ മാത്രം ലക്ഷ്യമാക്കിയായിരുന്നില്ല. ഹോളിവുഡിലും, അമേരിക്കൻ സാഹിത്യ രംഗത്തുമെല്ലാം ഇത്തരത്തിൽ രാഷ്ട്രീയാഭിമുഖ്യം കണ്ടുപിടിക്കുന്നതിനുള്ള നടപടികൾ ഉണ്ടായിരുന്നു.
അമേരിക്കൻ സുരക്ഷാ നിയമത്തിന്റെ പേരിൽ, മെക്കാർത്തിസം വഴി ഏതാന്റ് 12,000 പേരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതായി കണക്കാക്കപ്പെടുന്നു. ഇവരിൽ പലർക്കും കമ്മ്യൂണിസ്റ്റ് പാർട്ടിയോടോ ചിന്താസരണിയോടോ ആഭിമുഖ്യമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. നിരവധി പേർക്ക് ജയിൽ ശിക്ഷയും അനുഭവിക്കേണ്ടിവന്നു.
തീവ്ര വലതു ചിന്താഗതിക്ക് ഭൂരിപക്ഷമുള്ള അമേരിക്കൻ സമൂഹത്തിൽ, പക്ഷെ ഇതിനെതിരെ കാര്യമായ എതിർപ്പുകളൊന്നും അന്നുണ്ടായില്ല. സ്വർഗ്ഗ രതിക്കാരെപ്പോലും സമൂഹത്തെ നശിപ്പിക്കുന്നവരെന്ന പേരിൽ അന്ന് തുറുങ്കിലടച്ചിരുന്നതായിരേഖപ്പെടുത്തുന്നു.
കമ്മ്യൂണിസ്റ്റ് വത്ക്കരണം എന്ന ഭയമാണ്, ചില നിക്ഷിപ്ത താത്പര്യങ്ങൾ കാത്തുസൂക്ഷിക്കാനും, ബാലവേലക്കെതിരെയുള്ളതുൾപ്പടെ ഉണ്ടായ ജനകീയ മുന്നേറ്റങ്ങളെ ചെറുക്കാനും അന്ന് അമേരിക്കയിൽ ഉപയോഗിച്ചതെങ്കിൽ ഇന്ന് ഇന്ത്യയിൽ അത് മഹത്തായ ഒരു സംസ്‌കൃതി മരിക്കാൻ പോകുന്നു എന്ന തെറ്റായ പ്രചരണത്തിലൂടെ അകാരണമായ ഭയം സൃഷ്ടിക്കലാണ്.
ഇന്ത്യൻ സംസ്‌കൃതി മഹത്തരം തന്നെയാണ്. പല പടിഞ്ഞാറൻ ചിന്തകർക്കും പ്രചോദനമേകുവാൻ കിഴക്കിന്റെ തത്വശാസ്ത്രങ്ങൾക്കായിട്ടുമുണ്ട്. അത്തരത്തിലൊരു സംസ്‌കൃതി മരിച്ചു മണ്ണടിയാത്തത്, അതിൽ കാതൽ ഉള്ളതുകൊണ്ടും അത് ജനങ്ങളുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒന്നായതുകൊണ്ടുമാണ്. അല്ലാതെ ആരെങ്കിലും അമ്പുംവില്ലുമായി പടനയിച്ച് അതിനെ സംരക്ഷിച്ചതുകൊണ്ടല്ല.
ഇന്ത്യയിലെ ഏതൊരു ഗ്രാമത്തിലെത്തിയാലും അവിടെ രാമായണവുമായോ മഹാഭാരതവുമായോ ഒക്കെ ബന്ധപ്പെട്ട ചില മിത്തുകൾ കാണാനാകും. നമ്മുടെ സീതത്തോടും, അഗസ്ത്യകൂടവും എന്തിനേറെ പറയുന്നു, ആയിരങ്ങൾ പിതൃതർപ്പണം നടത്തുന്ന ആലുവാ മണപ്പുറവും ഐവർമഠവുമെല്ലാം ഇത്തരം ഐതിഹ്യങ്ങളാൽ സമൃദ്ധമാണ്.
അതായത്, ജനനം മുതൽക്കേ നമ്മൾ കേട്ടുവളരുന്ന മിത്തുകൾ, അതിലെ കഥാപാത്രങ്ങളെ നമ്മളോട് കൂടുതൽ അടുപ്പിക്കുന്നു. രാമനും സീതയും കൃഷ്ണനും രാധയുമൊക്കെ അതുകൊണ്ട് തന്നെയാണ് ജീവനുള്ള ബിംബങ്ങളായി നമ്മുടെയുള്ളിൽ നിലകൊള്ളുന്നത്. തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മിക രാമായണത്തിൽ മാത്രമല്ല, ''ജനകന്റെ മകളല്ലോ ചീതപ്പെണ്ണ്.. അവൾക്കല്ലോ പുടവകൊടുത്തു രാമച്ചേട്ടൻ'' എന്നു തുടങ്ങുന്ന തേക്ക് പാട്ടിലും രാമനും സീതയും ജീവനോടെ നമ്മുടെ മുന്നിലെത്തുന്നു.
ഹൃദയത്തിൽ, ആഴത്തിൽ പതിഞ്ഞുപോയ ഈ ബിംബങ്ങൾ പറിച്ചെറിയുവാൻ അത്ര എളുപ്പമൊന്നുമല്ല. അതുകൊണ്ട് തന്നെയാണ് പ്രവാചക മതങ്ങളുടെ പ്രചാരത്തിൽ, പുരാതന ഗ്രീക്കിലേയും റൊമിലേയുമൊക്കെ ദൈവങ്ങളായ സിയൂസും വീനസുമൊക്കെ ഇന്ന് മ്യൂസിയം കോമ്പൗണ്ടുകളിലെ മാർബിൾ ശില്പങ്ങളായി മാറിക്കഴിഞ്ഞിട്ടും രാമനും കൃഷ്ണനുമൊക്കെ ഇവിടെ ഇന്നും ദൈവങ്ങളായി നിലനിൽക്കുന്നത്.
താൻ വിശ്വസിക്കുന്ന അല്ലെങ്കിൽ സ്‌നേഹിക്കുന്ന ദൈവത്തെ തനിക്ക് ഇഷ്ടമുള്ള രീതിയിൽ ആരാധിക്കുവാനും സ്‌നേഹിക്കുവാനുമുള്ള സ്വാതന്ത്ര്യം ആർഷഭാരത സംസ്‌കാരം നൽകുന്നുണ്ട്. ബ്രാഹ്മണർ പാലും നെയ്യും നേദിച്ചപ്പോൾ സന്തോഷിച്ച ശിവൻ ഭക്ത കണ്ണപ്പൻ കോഴി മാംസവും രക്തവും നിവേദിച്ചപ്പോഴും സന്തോഷിച്ച കഥ മാത്രം മതി അതിനു ഉദാഹരണമായി. വേദമന്ത്രങ്ങളിലെ വിഭക്തിയേക്കാളേറെ പൂന്താനത്തിന്റെ ഭക്തിയെ ഇഷ്ടപ്പെട്ടിരുന്ന ആളാണല്ലോ നമ്മുടെ സ്വന്തം ഗുരുവായൂരപ്പൻ!
ഇത്രയും വ്യത്യസ്തതയും ബഹുസ്വരതയും പുലർത്തുന്ന ഒരു ചിന്താസരണി നൽകുന്ന, കെട്ടുപാടുകളില്ലാത്ത സ്വാതന്ത്യം തന്നെയാണ്, അത് നൽകിയ ദൈവങ്ങളെ, ഭയക്കാതെ, സ്‌നേഹിക്കാൻ ഇന്ത്യാക്കാരെ പ്രേരിപ്പിച്ചത്. മനസ്സിനുള്ളിലിട്ട് താലോലിച്ച സ്‌നേഹം മാത്രമാണ് മഹത്തായ ആ സംസ്‌കൃതിയെ ഇന്നും നിലനിർത്തുന്നതും.
ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുള്ള സംസ്‌കൃതി പലപ്പോഴായി, അധിനിവേശത്തിന്റെ കയ്‌പ്പറിഞ്ഞിട്ടുണ്ട് എന്നത് ചരിത്ര വസ്തുതതന്നെയാണ്. ഏതൊരു ഭരണാധികാരികളും മനസ്സിലാക്കിയ ഒരു സത്യമാണ്, മനുഷ്യനെ കൂടെ നിർത്താൻ ഏറ്റവും ഉപയോഗപ്രദമായ ആയുധം മതവിശ്വാസമാണെന്ന്. അത് മതം മാറ്റത്തിനായും അതിനെതിരായുമുള്ള സംഘടനങ്ങളിൽ കലാശിച്ചിട്ടുമുണ്ട്. എന്നാൽ ഇത്തരം സംഘടനകളിൽ ആരെങ്കിലും ശാശ്വത വിജയം വരിച്ചതായി ചരിത്രത്തിലില്ല. വിജയപരാജയങ്ങൾ മാറിമറിഞ്ഞുവന്ന ഇത്തരം യുദ്ധങ്ങൾ, സ്വന്തം അധികാരം ഉറപ്പിക്കാനല്ലാതെ, മതത്തെ പരിപോഷിപ്പിക്കുവാനോ പരിരക്ഷിക്കുവാനോ ഉള്ള ശ്രമങ്ങളുടെ ഭാഗവുമായിരുന്നിട്ടില്ല ഒരിക്കലും.
ശതാബ്ദങ്ങളുടെ ഏകാധിപത്യ വാഴ്‌ച്ചയും പിന്നീടുണ്ടായ കോളനിവത്ക്കരണവുമൊക്കെ അതിജീവിച്ച ഭാരതീയ സംസ്‌കൃതിക്ക് ഈ ജനാധിപത്യകാലത്ത് ആപത്ത് നേരിടുവാൻ പോകുന്നത് തികച്ചും തെറ്റായ ഒരു പ്രചരണം മാത്രമാണ്. തികച്ചും യാഥാസ്ഥിക സമൂഹമായിരുന്ന അമേരിക്കയിൽ, കമ്മ്യൂണിസ്റ്റുകാർ ഭരണം കൈയടക്കാൻ പോകുന്നു എന്ന ഭീതി വിതച്ചതുപോലുള്ള ഒരു തന്ത്രം മാത്രം.
ഇന്ന്, നിർബന്ധിതമായോ, പ്രലോഭനങ്ങൾ നൽകിയോ മതം മാറ്റുന്നതിനെ എതിർക്കുന്ന നിരവധി നിയമങ്ങൾ നിലവിലുണ്ട്. പൊതു താത്പര്യ ഹർജി ഉൾപ്പടെയുള്ള നിയമസംവിധാനങ്ങൾ നിലവിലുള്ള ഒരു വ്യവസ്ഥയിൽ അത്തരം ശ്രമങ്ങളെ ആർക്കും നിയമപരമായി ചെറുക്കാവുന്നതേയുള്ളു. അത്തരം മത പരിവർത്തനങ്ങൾ ഏറെക്കാലത്തേക്ക് തുടർന്നുകൊണ്ടുപോകാൻ ആകില്ലെന്നു സാരം. അതുപോലെ പണ്ട് ഏകാധിപതികൾ നടത്തിയതുപോലുള്ള കൂട്ടമതമാറ്റവും നടക്കില്ല.
ഇതുപോലെ ആധുനിക സംസ്‌കാരത്തിലൂന്നിയുള്ള ഒരു സമൂഹത്തിൽ അത്തരം പ്രവർത്തങ്ങൾക്ക് സാധ്യതയില്ലെന്നിരിക്കേ, എന്തിനു വേണ്ടിയാണ് ഈ അനാവശ്യ മുറവിളികൾ ഉയരുന്നത്? വ്യത്യസ്ത രീതികളിലുള്ള ആരാധനാ സമ്പ്രദായങ്ങളും ജീവിതരീതികളുമൊക്കെ അനുവദനീയമായ ഒരു സംസ്‌കൃതിയിൽ, അതിനു വിപരീതമായി, ഇതാണ് മതം, ഇതാണ് സംസ്‌കാരം എന്ന വാശിയുമായി എത്തുന്നതിന്റെ പുറകിലുള്ള ലക്ഷ്യങ്ങളെന്തൊക്കെയാണ്? ഇതുപോലെ ജീവിച്ചില്ലെങ്കിൽ സംസ്‌കൃതി തകർന്നടിയുമെന്ന് ഭയപ്പെടുത്തുന്നതിനു പിന്നിലെ കുബുദ്ധി എന്താണ്?
ഇവിടെയാണ് മെക്കാർത്തിസത്തിന്റെ ഉയർത്തെഴുന്നേല്പിന്നെക്കുറിച്ചോർത്ത് ആശങ്കപ്പെടേണ്ടത്.
സംസ്‌കൃതിയുടെ സംരക്ഷകരെന്ന് സ്വയം അവരോധിച്ച ചില ആൾക്കൂട്ടങ്ങൾ, ജീവിതശൈലിയുടെ നിർദ്ദേശരേഖകൾ പുറപ്പെടുവിക്കുന്നു. അത് തിന്നരുത്, ആ വസ്ത്രം ധരിക്കരുത്, ആ ദൈവത്തെ ആരാധിക്കരുത് എന്നൊക്കെ. പിന്നെ അതു ചെയ്യുന്നതുമൂലം ഒരു മഹത്തായ സംസ്‌കൃതി തകർന്നടിയുവാൻ പോകുന്നു എന്ന ഭയം ജനിപ്പിക്കുന്നു. അടുത്ത പടിയാണ് ഏറ്റവും ഭീകരം.
തങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ, അല്ലെങ്കിൽ സംശയങ്ങൾ ചോദിക്കുന്നവരെ കമ്മ്യൂണിസ്റ്റെന്നു മുദ്രകുത്തി രാജ്യദ്രോഹികളായി പ്രഖ്യാപിച്ചതുപോലെ, തങ്ങൾ നിർദ്ദേശിക്കുന്ന മാനകങ്ങളിലൊതുങ്ങാത്തവരെ ദേശദ്രോഹികളായി തീർപ്പു കല്പിക്കുന്നു. പിന്നെ അവർ വിചാരണചെയ്യപ്പെടുന്നത്, സംസ്‌കാരത്തെ തകർത്തെറിയാൻ ശ്രമിച്ചവരായിട്ടല്ല, ദേശദ്രോഹികളായിട്ടാണ്.
ഇന്ത്യൻ നിയമവ്യവസ്ഥ, ഭാഗ്യവശാൽ ഈ പ്രവണത കാണിക്കുന്നില്ല എന്നതു മാത്രമാണ് മെക്കാർത്തിസത്തിൽ നിന്നുള്ള ഒരേ ഒരു വ്യത്യാസം. പകരം വിചാരണയും വിധിതീർപ്പുമൊക്കെ ഏറ്റെടുത്തിരിക്കുന്നത് ഇന്ന് സൈബർ പോരാളികൾ എന്നറിയപ്പെടുന്ന ഒരു വിഭാഗമാണ്.
മെക്കാർത്തിസത്തെപ്പോലെത്തന്നെ വളരെ ആസൂത്രിതമായ ഒരു നീക്കമായേ ഇതിനേയും കാണാനാകൂ. അതിന്റെ ആദ്യപടിയായാണ്, സംസ്‌കാരം നശിക്കുന്നു എന്ന അനാവശ്യ ഭയം പരത്തുന്നത്. അടുത്തപടി, ഇതിന്റെ പേരിലുള്ള വേട്ടയാടലായിരിക്കും.
ഈ വസ്തുതകൾ മനസ്സിലാക്കി ഇതിനെതിരെ പ്രതിരോധിച്ചില്ലെങ്കിൽ അപകടത്തിലാകുന്നത് എന്തും ഉൾക്കൊണ്ട പാരമ്പര്യമുള്ള ഭാരത സംസ്‌കൃതി തന്നെയായിരിക്കും. പിന്നെ കോടിക്കണക്കിന് ജനങ്ങളുടെ സ്വൈര്യ ജീവിതവും.