ന്യൂഡൽഹി: ഡൽഹിയിലായിരുന്നു ആംആദ്മി പാർട്ടിയുടെ അവതാരപ്പിറവി. അഴിമതിമുക്ത രാഷ്ട്രീയത്തിന്റെ ആവേശമുയർത്തി ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ ഡൽഹിയിൽ ഭരണം നേടി. കോൺഗ്രസ് പിന്തുണയോടെയുള്ള ഭരണം വീണു. പിന്നെ മോദി തരംഗം ആഞ്ഞടിച്ച ലോക്‌സഭാ തെരഞ്ഞെടുപ്പ്. അപ്പോൾ ഡൽഹിയിലെ ഏഴിലും ആംആദ്മിക്ക് തോൽവി പിണഞ്ഞു. ബിജെപി ജയിച്ചു കയറി. അപ്പോഴും പഞ്ചാബിലെ നാലു സീറ്റുമായി ആംആദ്മി ലോക്‌സഭയിൽ അംഗങ്ങളെ എത്തിച്ചു. പിന്നെ ഡൽഹി നിയമസഭയിലെ വിജയം. 70ൽ 67ഉം കെജ്രിവാളിന്. ഇതോടെ മോദിക്ക് പകരക്കാരനായി കെജ്രിവാളിനെ ഏവരും ഉയർത്തിക്കാട്ടി. ഈ പ്രതീക്ഷകൾക്കാണ് മങ്ങലേൽക്കുന്നത്.

പഞ്ചാബിലും ഗോവയിലും നിയമസഭാ തെരഞ്ഞെടുപ്പിൽ കെജ്രിവാൾ തോറ്റു. ഇതിന് ശേഷം ഡൽഹിയിലെ രജൗരി ഗാർഡനിലെ ഉപതെരഞ്ഞെടുപ്പിൽ കെട്ടിവച്ച കാശ് നഷ്ടമാക്കിയ മൂന്നാം സ്ഥാനം. ഇപ്പോൾ ഡൽഹി മുൻസിപ്പൽ തെരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോൾ ഫലങ്ങൾ. ശക്തമായ ത്രികോണമൽസരം നടന്ന ഡൽഹി കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻവിജയം പ്രവചിച്ചിക്കുകയാണ് എക്‌സിറ്റ്‌പോൾ ഫലങ്ങൾ. രജൗരി ഗാർഡൻ തെരഞ്ഞെടുപ്പിന് ശേഷമുള്ള വോട്ടെടുപ്പാണ് ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിലേത്. സർവ്വ മേഖലയേയും സ്പർശിക്കുന്ന തെരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ എക്‌സിറ്റ് പോൾ ഫലങ്ങൾക്ക് അനുസൃതമായി ഫലമെത്തിയാൽ ഇത് ആംആദ്മിക്ക് വലിയ പ്രതിസന്ധിയാകും. ബുധനാഴ്ചയാണ് ഇവിടെ വോട്ടെടുപ്പ്.

ആകെയുള്ള 270 സീറ്റിൽ ബിജെപി 200ൽ അധികം സീറ്റുകൾ നേടുമെന്നാണ് പ്രവചനങ്ങൾ. ഇന്ത്യ ടുഡെആക്‌സിസ് എക്‌സിറ്റ്‌പോളിൽ ബിജെപി 202നും 220നും ഇടയിൽ സീറ്റുകൾ നേടുമെന്നാണ് പ്രവചനം. ആം ആദ്മി പാർട്ടി 23-25 വരെ സീറ്റും കോൺഗ്രസ് 19-31 വരെ സീറ്റും നേടുമെന്നാണ് പ്രവചനം. സിവോട്ടർഎബിപിയുടെ പ്രവചനപ്രകാരം ബിജെപി 218 സീറ്റ് നേടുമെന്നാണ്. എഎപി 24 സീറ്റും കോൺഗ്രസ് 22 സീറ്റും നേടുമെന്നും പ്രവചിക്കുന്നു. എല്ലാ എക്‌സിറ്റ് പോൾ ഫലവും ബിജെപിക്ക് അനുകൂലമാണ്. യുപി തെരഞ്ഞെടുപ്പിലെ വമ്പൻ വിജയം ഡൽഹിയിലും ബിജെപി ആവർത്തിക്കുന്നു. മോദ് ഇഫക്ടാണിതെന്നാണ് വിലയിരുത്തൽ. ഇതോടെ ഉത്തരേന്ത്യയിൽ പ്രതാപം കാത്തു സൂക്ഷിക്കാൻ മോദിക്ക് കഴിയുന്നുവെന്നും വിലയിരുത്തലെത്തും.

ഒരുകോടി മുപ്പതുലക്ഷം വോട്ടർമാരിൽ 54 ശതമാനം പേർ വോട്ടുചെയ്തുവെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. 2012ൽ ഇത് 53.9 ശതമാനം ആയിരുന്നു. പ്രദേശിക രാഷ്ട്രീയത്തിനൊപ്പം ദേശീയ രാഷ്ട്രീയവും ചർച്ച ചെയ്ത തിരഞ്ഞെടുപ്പ് ബിജെപി, ആം ആദ്മി, കോൺഗ്രസ് പാർട്ടികൾക്ക് അഭിമാനപ്പോരാട്ടമാണ്. വോട്ടുചെയ്യാനെത്തിയ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, കേന്ദ്രമന്ത്രിമാർ, വിവിധരാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ വിജയപ്രതീക്ഷ പങ്കുവച്ചു. കേജ്രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി മോദിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളായിരുന്നു തിരഞ്ഞെടുപ്പിന്റെ പ്രധാനചർച്ചാവിഷയം.

രണ്ടുവർഷത്തെ കേജ്രിവാൾ ഭരണത്തിന്റെ വിലയിരുത്തലായിരിക്കും ജനവിധിയെന്നാണ് ബിജെപിയുടെ അഭിപ്രായം. നിയമസഭയിൽ അംഗത്വമില്ലാത്ത കോൺഗ്രസിനാകട്ടെ വിജയം അനിവാര്യമാണ്. അതേസമയം, പ്രാദേശികവിഷയങ്ങളും സജീവമായിരുന്നു. കഴിഞ്ഞ പത്തുവർഷമായി ബിജെപിയാണ് കോർപ്പറേഷൻ ഭരിക്കുന്നത്. അതിനിടെ, വോട്ടർ സ്ലിപ്പുള്ളവരെ വോട്ടുചെയ്യാൻ അനുവദിച്ചില്ലെന്നും വോട്ടിങ് യന്ത്രത്തിൽ ക്രമക്കേടുകാട്ടിയെന്നുമുള്ള പരാതിയുമായി കേജ്രിവാൾ രംഗത്തെത്തി.