കൊച്ചി;കേരള യൂണിവേഴ്സിറ്റിയുടെ എം സി ജെ (മാസ്സ് കമ്മ്യുണിക്കേഷൻ ആൻഡ് ജേർണലിസം) ) കോഴ്സിന് കാര്യവട്ടം ക്യാമ്പസ്സിൽ വിദ്യാർത്ഥികളെ തിരഞ്ഞെടുത്തത് മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് ആരോപണം. കേരള സർവകലാശാലയുടെ 2020-21 വർഷത്തെ എം സി ജെ പി ജി കോഴ്സിനുള്ള വിദ്യാർത്ഥികളെ ഈ മാസം 10 -ന് കാര്യവട്ടം ക്യാമ്പസ്സിൽ കൂടിക്കാഴ്‌ച്ച നടത്തി സെലക്ട് ചെയ്തത് റാങ്ക് ലിസ്റ്റിലെ മെറിറ്റ് യോഗ്യത പാലിക്കാതെയാണെന്നാണ്് രക്ഷിതാക്കളുടെ ഭാഗത്തുനിന്നും ആരോപണം ഉയർന്നിരിക്കുന്നത്.

ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയാണ് ഈ കോഴ്സിൽ പ്രവേശനം ലഭിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത. എൻട്രൻസ് പരീക്ഷയിൽ നേടുന്ന ഉയർന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും മുൻഗണന ക്രമത്തിൽ അഡ്‌മിഷൻ നൽകുമെന്നാണ് സർവ്വകലാശാല പുറപ്പെടുവിച്ചിട്ടുള്ള അറിയിപ്പിൽ സൂചിപ്പിച്ചിട്ടുള്ളത്.

കാര്യവട്ടം ക്യാമ്പസ്സിൽ ഈ കോഴ്സിന് 22 സീറ്റുകളാണുള്ളത്.ഇതിൽ 11 എണ്ണം ജനറൽ മെറിറ്റിലും ബാക്കി 11 എണ്ണം സംവരണ തത്വങ്ങൾ പാലിച്ചും ആണ് നൽകേണ്ടത്.ഈ കാര്യം യൂണിവേഴ്സിറ്റി പുറത്തിറക്കിയ പ്രോസ്പെക്ടസ്സിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ യൂണിവേഴ്സിറ്റി അധികാരികൾ ചെയ്തത് നിലവിലുള്ള ലിസ്റ്റിനെ സയൻസ് സ്ട്രീം എന്നും നോൺ സയൻസ് സ്ട്രീം എന്നും രണ്ടായി ഭാഗിച്ച് അതിൽ നിന്നും വെവ്വേറെ തിരഞ്ഞെടുപ്പു നടത്തുകയാണ് ചെയ്തത്.

നിലിവിൽ സർവ്വകലാശാല പുറത്തിറക്കിയിട്ടുള്ള മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ് ഈ നടപടിയെന്നാണ് രക്ഷിതാക്കളുടെ ആരോപണം.ഇരുകൂട്ടരുമുൾപ്പെട്ടിരുന്ന ആദ്യത്തെ റാങ്ക് ലിസ്റ്റിൽ സയൻസ് സ്ട്രീമിൽ ഇടംപിടിച്ചവർ പിന്നിലായിരുന്നു.രണ്ടായി വിഭജിച്ചതോടെ ഇവരിൽ ചിലരൊക്കെ യോഗ്യത ലിസ്റ്റിൽ മുൻപന്തിയിലുമായി.

ഇതുമൂലം സയൻസ് സ്ട്രീമിൽ നിന്നും 82-ാം റാങ്കാരന് സെലക്ഷൻ കിട്ടിയപ്പോൾ നോൺ സയൻസ് സ്ട്രീമിൽ നിന്നും മെറിറ്റിൽ അഡ്‌മിഷൻ കിട്ടേണ്ടിയിരുന്ന 11-ാമത്തെ റാങ്കുകാരൻ പുറത്തായി.ഇത് അനീതിയാണെന്നും അർഹരായവരെ തിരുകിക്കയറ്റാൻ വേണ്ടിയാണ് യൂണിവേഴ്സിറ്റി അധികാരികൾ മാനദണ്ഡങ്ങൾ ലംഘിച്ച് ഇത്തരത്തിൽ കോഴ്സിൽ പ്രവേശനം നൽകിയതെന്നന്നാണ് ഈ കുട്ടിയുടെ രക്ഷിതാക്കളുടെ ആരോപണം.

സയൻസ് വിഷയക്കാർക്ക് പ്രത്യേക പരിഗണന നൽകുന്നതായി യൂണിവേഴ്സിറ്റിയുടെ പ്രോസ്പെക്ടസ്സിൽ പറയുന്നില്ലന്നും ഈ സാഹചര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായത് ചട്ടലംഘനമാണെന്നും അതിനാൽ ആരോപണത്തിനിടയാക്കിയ ഇന്റർവ്യു റദ്ദാക്കുകയും ചട്ടങ്ങൾ പാലിച്ച് വീണ്ടും ഇന്റർവ്യൂ നടത്തി യോഗ്യതയുള്ളവരെ കോഴ്സിലേയ്ക്ക് തിരഞ്ഞെടുക്കണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം.

ഇക്കാര്യത്തിൽ സർവ്വകലാശാലയുടെ ഭാഗത്തുനിന്നും അനുകൂല നീക്കമുണ്ടായില്ലങ്കിൽ കോടിതിയെ സമീപിക്കുന്നതിനാണ് രക്ഷിതാക്കൾ ലക്ഷ്യമിട്ടിട്ടുള്ളത്.