കണ്ണൂർ: ഇരിക്കൂറിൽ വൻ മയക്കുമരുന്ന് വേട്ട. മാരക മയക്കുമരുന്നുമായി രണ്ടു പേർ പിടിയിലായി. ഇരിക്കൂറിനടുത്തു പെരുവളത്ത് പറമ്പിൽ വാഹനത്തിൽ കടത്തുകയായിരുന്ന 20 ഗ്രാം എം.ഡി.എം.എ യുമായി രണ്ടുപേരാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. എക്‌സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്‌ക്വാഡ് എക്‌സൈസ് ഇൻസ്പെക്ടർ ദിലിപ് എം, സിവിൽ എക്‌സൈസ് ഓഫീസർ രജിരാഗ് പി പി നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശ്രീകണ്ഠപുരം എക്‌സൈസ് ഇൻസ്പെക്ടർ രജിത്ത് സി. എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

തളിപ്പറമ്പ് താലൂക്കിലെ ഇരിക്കൂർ പെരുവളത്ത് പറമ്പിൽ പി.പി അബ്ദുൾ ഹമീദ് (42) പഴയങ്ങാടി മുട്ടത്തെ സി.അനീസ് (21) എന്നിവരാണ് പിടിയിലായത്. ശ്രീകണ്ഠപുരം എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ സി.രജിത്തിന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. എം.ഡി.എം.എ കടത്താനുപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ ലഹരി കടത്തു സംഘത്തിലെ പ്രധാനികളാണ് ഇരിക്കുറിൽ പിടിയിലായതെന്ന് എക്‌സൈസ് അറിയിച്ചു. മയക്കുമരുന്ന് കടത്തു സംഘത്തിലെ പ്രധാനികളായ യുവാക്കൾ നേരത്തെ എക്‌സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.

ന്യൂ ജെൻ മയക്കുമരുന്ന് വിഭാഗത്തിൽ പെട്ട എം.ഡി.എം.എ യുവലമുറയിൽ വ്യാപകമാകുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് എക്‌സൈസ് സംഘം സംസ്ഥാനത്തുടനീളം പരിശോധന ശക്തമാക്കിയത് പ്രതികളെ എക്‌സൈസ് സംഘം വിശദമായി ചോദ്യം ചെയ്തതിൽ നിന്നും ലഹരി കടത്തു സംഘത്തെ കുറിച്ച് നിർണായക വിവരം ലഭിച്ചിട്ടുണ്ട്.

ഇവരെ തളിപ്പറമ്പ ജെ എഫ് സി എം കോടതി റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ ശ്രീകണ്ഠപുരം എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ രജിത്ത് സി,തളിപ്പറമ്പ റേഞ്ച് ഇൻസ്പെക്ടർ ദിലിപ് എം, ശ്രീകണ്ഠപുരം റേഞ്ച് പ്രിവന്റീവ് ഓഫീസർ സന്തോഷ് കുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ പ്രകാശൻ പി വി, എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗം രജിരാഗ് പി പി, ജലീഷ് പി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഉജേഷ്, പ്രദീപൻ എം വി, പ്രദീപ് കുമാർ, അഖിൽ സി, സുജേഷ്, എന്നിവർ പങ്കെടുത്തു. കേസിന്റെ തുടർ നടപടികൾ വടകര എൻ.ഡി.പി.എസ്. കോടതിയിൽ നടക്കും, തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ പരിശോധനകൾ ശക്തമാക്കിയതായി ഡിസി, എ ഇ സി എന്നിവർ അറിയിച്ചു.