കൊച്ചി: കൊറിയർ സ്ഥാപനത്തിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ മാരക മയക്കുമരുന്നായ എംഡിഎംഎ കണ്ടെടുത്തു. എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അൻവർ സാദത്ത് പി യും പാർട്ടിയും ചേരാനല്ലൂർ ഡിറ്റിഡിസി കൊറിയർ സർവ്വീസ് സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് പായ്ക്കറ്റിൽ വന്ന 2.175 ഗ്രാം എംഡിഎംഎ ഗുളികകൾ കണ്ടെത്തിയത്.

എൻഡിപിഎസ് ആക്ട് പ്രകാരം കൊറിയർ അയച്ച കോഴിക്കോട് സ്വദേശി ഫൈസി നജീമിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. മഹാരാഷ്ട്ര പൂണെ സ്വദേശി ദീപൽ വിവേകിന്റെ പേരിലാണ് പായ്ക്കറ്റ് അയച്ചിട്ടുള്ളത്. ഇയാൾ കേസിലെ രണ്ടാം പ്രതിയാണ്. പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. കൊറിയർ സർവീസ് വഴി വൻ തോതിൽ ലഹരി കടത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും തുടർപരിശോധനകൾ ഉണ്ടാകുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു.