ചെന്നൈ: ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തിൽ നിന്ന് വൈകോയുടെ എംഡിഎംകെ പിന്മാറി. ചെന്നെയിൽ ചേർന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. ശ്രീലങ്കൻ തമിഴരുടെ പ്രശ്‌നത്തിൽ കേന്ദ്ര സർക്കാർ വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നത് എന്ന് ആരോപിച്ചാണ് വൈകോയുടെ പാർട്ടി എൻഡിഎ സഖ്യത്തോടു വിട പറഞ്ഞത്.

എൻഡിഎയിൽ നിന്ന് പിരിഞ്ഞു പോവുന്നതിനുള്ള പ്രമേയം പാർട്ടി ചെയർമാൻ വൈകോയാണ് യോഗത്തിൽ അവതരിപ്പിച്ചത്. ശ്രീലങ്കയിലെ തമിഴരുടെ പ്രശ്‌നത്തിൽ കേന്ദ്ര സർക്കാർ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് പ്രമേയത്തിൽ കുറ്റപ്പെടുത്തി.

കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ കുറച്ചുനാളായി വൈകോ ആഞ്ഞടിച്ചിരുന്നു. ഇതിനെതിരെ ബിജെപി നേതാക്കളും പ്രതികരിച്ചു. തുടർന്നാണ് സഖ്യം വിടാൻ പാർട്ടി തീരുമാനിച്ചത്.

എൽടിടിഇയ്‌ക്കെതിരെ നടന്ന യുദ്ധത്തിൽ തമിഴരാണ് ഏറെ കഷ്ടത അനുഭവിച്ചത്. എന്നിട്ടും ശ്രീലങ്കയിലെ മഹിന്ദ രാജ്പക്‌സെയുടെ നേതൃത്വത്തിലുള്ള സർക്കാരുമായി ബന്ധം തുടരാനുള്ള കേന്ദ്രത്തിന്റെ നീക്കം പ്രതിഷേധാർഹമാണ്. മുല്ലപ്പെരിയാർ ഡാം പ്രശ്‌നത്തിലും കേന്ദ്രത്തിന് നിസംഗമനോഭാവമാണ്. തമിഴ്‌നാട്ടിലെ ജനങ്ങളെ ചതിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. രാജപക്‌സെയ്ക്ക് ഭാരത രത്‌ന നൽകണമെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ ആവശ്യം തള്ളാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല. ശ്രീലങ്കയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടശേഷം മോചിതരായ അഞ്ച് ഇന്ത്യാക്കാരുടെ കാര്യത്തിലും കേന്ദ്രം ക്രിയാത്മക നിലപാടുകൾ സ്വീകരിച്ചില്ലെന്നും പ്രമേയം പറയുന്നു.

ആറുമാസം മുമ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്താണ് എംഡിഎംകെ ദേശീയ ജനാധിപത്യ സഖ്യത്തിൽ ചേർന്നത്. എന്നാൽ ഒരു സീറ്റുപോലും തെരഞ്ഞെടുപ്പിൽ നേടാൻ ഇവർക്കായില്ല. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ 20നും 21നും തമിഴ്‌നാട് സന്ദർശിക്കാനിരിക്കേയാണു എംഡിഎംകെയുടെ പിന്മാറ്റം. അമിത് ഷായുടെ സന്ദർശനത്തിനു മുന്നോടിയായി സഖ്യത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ബിജെപി നേതൃത്വം ശ്രമം നടത്തിയിരുന്നു. എന്നാൽ, ആ നീക്കങ്ങൾ ഫലം കണ്ടില്ല.