കോഴിക്കോട്: സാംസ്കാരിക നായകർ എന്ന് കരുതപ്പെടുന്ന, എഴുത്തുകാരുടെ പീഡനങ്ങൾക്കെതിരെ ശക്തമായ കാമ്പയിനാണ് ഇപ്പോൾ കോഴിക്കോട് കേന്ദ്രീകരിച്ച് ഉയർന്നുവരുന്നത്. എഴുത്തുകാരൻ വി ആർ സുധീഷ്, കവി വി ടി ജയദേവൻ, കവിയും നാടകൃത്തും ആക്റ്റീവിസ്റ്റുമായ സിവിക് ചന്ദ്രൻ, എന്നിവർക്കെതിരെ ഒന്നൊന്നായി ഉയർന്ന മീ ടു ആരോപണം ഏറെ ചർച്ചയായിരുന്നു. ഇതിൽ വി ആർ സുധീഷിനെതിരെ പൊലീസ് കേസ് എടുത്ത് അറസ്റ്റ് ചെയ്ത ജാമ്യത്തിൽ വിട്ടിട്ടുണ്ട്. കവി വി ടി ജയേദേവൻ ഖേദം പ്രകടിപ്പിച്ച് തടിയൂരുകയാണ് ഉണ്ടായത്. എന്നാൽ ഈ വിവാദത്തിൽ ഒരു തരത്തിലുള്ള പ്രതികരണം നടത്താതെ മാറിനിൽക്കയാണ് പാഠഭേദം മാസികയുടെ എഡിറ്റർ കൂടിയായ, മുൻ നക്സലൈറ്റ് സിവിക് ചന്ദ്രൻ.

സിവിക് ചന്ദ്രന്റെ നേതൃത്വത്തിൽ പുറത്തിറങ്ങുന്ന പാഠഭേദം മാസികയിൽ ഗസ്റ്റ് എഡിറ്ററായ യുവതിയാണ് മീ ടു ആരോപണം ഉന്നയിച്ചത്. ഇതേതുടർന്ന് ഈ വിഷയം അന്വേഷിക്കാൻ പാഠഭേദം മാസിക ചുമതലപ്പെടുത്തിയെന്ന് അറിയിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് ഇതുവരെ വെളിച്ചം കണ്ടില്ല. തൊഴിലിടങ്ങളിലെ ലൈംഗിക പരാതികളുമായി ബന്ധപ്പെട്ട് അതാത് സ്ഥാപനങ്ങളിലെ ഇന്റേണൽ പരാതി കമ്മിറ്റി എന്ന നിലയ്ക്കാണ് സിവിക് ചന്ദ്രനെതിരെയുള്ള ആരോപണം അന്വേഷിക്കാൻ പാഠഭേദം അന്വേഷണ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. എന്നാൽ കമ്മിറ്റി അംഗങ്ങളുടെ വിശദാംശങ്ങളോ അവർ നടത്തിയ അന്വേഷണങ്ങളെക്കുറിച്ചോ ഇതുവരെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

സ്ത്രീപക്ഷ നിലപാടുകൾ, മനുഷ്യാവകാശം, ആദിവാസി-ദലിത് പ്രശ്നം, ലൈംഗികന്യൂനപക്ഷങ്ങൾ തുടങ്ങി ലോകത്തെ എല്ലാ പ്രശ്നങ്ങളിലും അതിനിശിതമായ ഇടപെടലും വിമർശനങ്ങളും ഉന്നയിക്കുന്ന പാഠഭേദം തങ്ങളിൽപ്പെട്ട പ്രമുഖനെതിരെയുണ്ടായ ഗുരുതരമായ പരാതിയിൽ മെല്ലെപ്പോക്ക് നയം തുടരുന്നതായാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. സാമൂഹിക നീതിയെക്കുറിച്ചും സ്ത്രീസമത്വത്തെക്കുറിച്ചും വാതോരാതെ എഴുതുന്നവരും പ്രസംഗിക്കുന്നവരും തങ്ങളുടെ അതിക്രമങ്ങളിൽ നിശബ്ദരായതായാണ് കാണുന്നത്.

പാഠഭേദം എഡിറ്റർ കൂടിയായ ആക്ടിവിസ്റ്റ് മൃദുലാദേവിയും മറ്റൊരു എഡിറ്ററായ ടോമി മാത്യു വടക്കഞ്ചേരിയും പാഠഭേദം നൈതികസമിതി അംഗവും കോഴിക്കോട് നഗരത്തിലെ സാംസ്‌കാരിക പ്രവർത്തകനുമായ ബൈജു മേരിക്കുന്നുമാണ് സിവിക് ചന്ദ്രനെതിരായ മീടു ആരോപണം ഫേസ്‌ബുക്ക് വഴി ലോകത്തെ അറിയിച്ചത്. ആരോപണമുന്നയിച്ച യുവതി സിവിക് ചന്ദ്രനെതിരെ ഇതുവരെ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല. ഇതിൽ മൃദുലാദേവിയാണ് നേരത്തെ നടൻ വിനായകന് എതിരെ ആരോപണം ഉന്നയിച്ച് പരാതി നൽകിയത്്. ഒരു പരിപാടിക്ക് ക്ഷണിക്കാൻ ഫോണിൽ വിളിച്ച തന്നെ 'കൂടെക്കിടക്കാമോ' എന്ന് വിളിക്കുകയും തെറിപറഞ്ഞ് അപമാനിക്കുകയും ചെയ്തുവെന്നാണ് മൃദുലാദേവി പരാതിപ്പെട്ടത്. ഇപ്പോൾ സിവിക്കിനെതിരെ അന്വേഷണം പോലും നടക്കുന്നില്ല. ഇത് ഇരട്ടത്താപ്പ് അല്ലേ എന്നാണ് സോഷ്യൽ മീഡിയയിൽ പലരും ചോദിക്കുന്നത്.

'ഉമ്മോണിങ്ങ്, ഉമ്മ് നൈറ്റ്'

അതിനിടെ രണ്ട് എഴുത്തുകാരുടെ നേതൃത്വത്തിൽ ഈ പ്രശ്നം ഒത്തു തീർക്കാനായി ചർച്ചകളും നടക്കുന്നുണ്ട്. എഴുത്തുകാരി ഇന്ദുമേനോനെപ്പോലുള്ളവരുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ്, ഈ വിഷയം മുങ്ങാതെ നിൽക്കുന്നത്. അവർ എഴുത്തുകാരിൽ നിന്ന് ഉണ്ടായ പീഡനങ്ങളെക്കുറിച്ച് നിരന്തരം പോസ്റ്റ് ഇടുന്നുണ്ട്. കഴിഞ്ഞ ദിവസം ഇന്ദുമേനോന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ-'കഴിഞ്ഞ ആഴ്ചയിൽ മീറ്റൂ വിവാദത്തിൽ പെട്ട കവിയും സാമൂഹ്യ പ്രവർത്തകനുമായ ഒരാളുടെ സ്വകാര്യ സന്ദേശങ്ങൾ കണ്ട് എന്റെ കിളി പോയി.പലതു കണ്ടെങ്കിലും കേട്ടെങ്കിലും ടിയാൻ മലയാള - ഇംഗ്ലീഷ് ഭാഷയ്ക്ക് സമ്മാനിച്ച രണ്ട് ശ്രേഷ്ഠ പദങ്ങൾ കണ്ട് ഞെട്ടുക തന്നെ ചെയ്തു.ഉമ്മോണിങ്ങ്, ഉമ്മ് നൈറ്റ്...സംഗതി കാട്ടു പൂങ്കോഴിയുടെ കിടക്കപ്പായിലെ ഈത്തയൊലിപ്പിക്കുന്ന രണ്ട് വാക്കുകളാണെങ്കിലും മലയാള - ഇംഗ്ലീഷ് ഭാഷകൾ ഈ രണ്ടു പദരതിയിൽ കോരിത്തരിച്ചു. ഇന്ന് ലോക ഉമ്മ ദിനമാണെന്നും തനിക്കുമ്മകൾ കിട്ടുന്നില്ലെന്നും പരസ്യ വിലാപം നടത്തിയ കവി രവി താനല്ല ഈ 'ഉമ്മോണിങ്ങ്, ഉമ്മ് നൈറ്റ്' സംജ്ഞകളുടെ ഉപജ്ഞാതൻ എന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ് സുഹൃത്തുക്കളെ...

എൻബി: സാമ്പിൾ ഡോസ് അപ്ലോഡ് ചെയ്യുന്നു. മീറ്റു യുവതികളെ നിങ്ങൾ കോഴികളുടെ സന്ദേശങ്ങൾ അയച്ചു തരൂ. ഈ രാത്രി കോമഡി ഭരിതമാക്കുവാൻ കുറച്ച് സന്ദേശങ്ങൾ അയക്കൂ''- ഇങ്ങനെയാണ് ഇന്ദുമേനോൻ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ലൈംഗികാതിക്രമങ്ങൾ വ്യാപകം

നേരത്തെയും സാംസ്കാരിക നായകരുടെ ലൈംഗിക അതിക്രമങ്ങൾ എണ്ണിഎണ്ണിപ്പറഞ്ഞ് ഇന്ദുമേനോൻ പോസ്റ്റിട്ടിരുന്നു. ആവർ ഇങ്ങനെ എഴുതുന്നു. 'മീങ്കറിയുണ്ടാക്കിത്തരാം വീട്ടിലേയ്ക്കു പോരൂ എന്ന് റോബിൻ ബ്ലൂവിൽ മുങ്ങിയ നീലക്കുറുക്കനെപ്പോലെ പറഞ്ഞ് വ്യാമോഹിപ്പിച്ച്, സുഹൃത്തായ യുവതിയെ വീട്ടിലെത്തിച്ച്, കഴുത്തു പിടിച്ച് ഞെരിച്ച് ലൈംഗികമായി ആക്രമിച്ചവവനെതിരെ നിയമപരമായ പരാതിയുണ്ട്. പൈസതരാം എത്രയും തരാം ഒരുതവണ എനിക്കൊപ്പം വരൂ എന്ന് കെഞ്ചിയ പത്രമുതലാളിയുണ്ട്. ആ കഥ പറഞ്ഞത് മലയാളത്തിലെ പ്രണയ രാജകുമാരിയായ എഴുത്തുകാരിയാണ്. കാറിലൊപ്പം ചെന്ന പെൺകുട്ടിയുടെ നെഞ്ചിൽ കയറിപ്പിടിച്ച ബത്തേരി റോഡിലെ നാട്ടുവഴികളുണ്ട്. അവതാരിക തരാമെന്നു പറഞ്ഞ് വീട്ടിലേക്ക് വരാൻ പുതിയ എഴുത്തുകാരിയെ വിളിച്ച് കൃഷ്ണപക്ഷക്കാരനുണ്ട്. വരൂ ഹോട്ടെൽ മുറിയിലിരുന്നു കവിത വായിക്കാമെന്നു നിർബന്ധപൂർവ്വം വിദ്യാർത്ഥിനിയുടെ കൈപിടിച്ച് വലിച്ച കോളേജ് വാധ്യാരുണ്ട്.

നിന്റെ കൂടെ അവൻ കിടക്കുമ്പോൾ അത് ഞാനാണെന്ന് നീ സങ്കൽപ്പിക്കുക, നിങ്ങളുടെ ചുംബനവേളകളിൽ എന്നെയാണ് നീ ചുംബിക്കുന്നതെന്ന് സങ്കൽപ്പിക്കുക, അവൻ ഞാൻ തന്നെയാണെന്നും എന്നു ജയദേവഗീതകം കോളേജിൽ പഠിക്കുന്ന കുട്ടിയോട് ഫോൺ ചെയ്തു പറയുന്ന സ്‌കൂൾ മാഷുമാരുണ്ട്. രാത്രി പതിനൊന്നിനു ശേഷം മദ്യപിച്ചു നില തെറ്റിയ ശബ്ദത്തിൽ എടീ പോടീ എന്ന് വിളിച്ചു നിർത്താതെ കവിത പാടുകയും, പാടെടീ എന്ന്, യൂണിവേർസിറ്റിയിൽ പഠിക്കുന്ന പെൺകുട്ടിയോട് നിർബന്ധിക്കുകയും ചെയ്യുന്ന പ്രമുഖ മലയാളമരക്കവിയുമുണ്ട്.

കവിത കേൾക്കാൻ ബോട്ടിലേയ്ക്ക് വിളിച്ചു മഴയത്ത് കവയത്രിയെ ഉപദ്രവിച്ച കവിയുണ്ട്. ഈ നക്സസ്സലൻ എന്നോട് കാല് പിടിച്ച് മാപ്പു പറഞ്ഞതുകൊണ്ടല്ല മറിച്ച് അയാളെന്നെ ഉപദ്രവിക്കാൻ നോക്കിയെന്ന് പറഞ്ഞാൽ എനിക്കുണ്ടാകുന്ന അപമാനമോർത്താണെന്ന് പറഞ്ഞ കഥയിലും കവിയുണ്ട്. പ്രസംഗിക്കുന്ന് എഴുത്തുകാരിയുടെ സാരിക്കിടയിലേയ്ക്ക് മൊബൈൽ പിടിച്ച കഥയെഴുത്തുകാരനുണ്ട്.

.എന്റെ കസിന്റെ മകനെ ഈ എഴുത്തുകാരൻ കുട്ടിയായിരുന്ന കാലത്ത് സെക്ഷ്വലി അബ്യൂസ്സ് ചെയ്തുവെന്നു ഒരു സ്ത്രീ പരസ്യമായി ഗ്രൂപ്പിൽ പരാമർശിച്ച നോവലിസ്റ്റുണ്ട്. കല്യാണ വീട്ടിൽ സ്വന്തം വിദ്യാർത്ഥിനിയെ ചന്തിക്കു പിടിച്ച അദ്ധ്യാപകനും എഴുത്തുകാരനുമായ മഹാനുണ്ട്. നിലാവിൽ നടക്കാമെന്നു പറഞ്ഞ് ലൈംഗികച്ചുവയോടെ സംസാരിക്കയും ലൈംഗിക ബന്ധത്തിനായി പ്രേരിപ്പിക്കുകയും ചെയ്ത സാമൂഹ്യപ്രവർത്തകനും കവിയുമായൊരാളുണ്ട്''- ഇങ്ങനെ സാംസ്കാരിക മേഖലയിലെ പുഴുക്കുത്തുകൾ തുറന്നു പറഞ്ഞുകൊണ്ടാണ് ഇന്ദു മേനോൻ വിമർശിക്കുന്നത്. അതിനുശേഷം സോഷ്യൽ മീഡിയയിലും ഇതു സംബന്ധിച്ച് വലിയ ചർച്ചകൾ പുരോഗമിക്കയാണ്.