കോഴിക്കോട്: എഴുത്തുകാരൻ വി ആർ സുധീഷിനെതിരെ യുവ പ്രസാധക എം എ ഷഹനാസ് ഉന്നയിച്ച ആരോപണങ്ങളെ തുടർന്ന് കേരളത്തിൽ സാംസ്കാരിക മേഖലയിലെ പുഴുക്കുത്തുകൾ പരസ്യമാക്കി വനിതാ ആക്റ്റീവിസ്്റ്റുകൾ. ഫലത്തിൽ ഇത് സാംസ്കാരിക നായകർക്കെതിരായ ഒരു കാമ്പയിനായി പടരുകയാണ്. നേരത്തെ വി ആർ സുധീഷിനെ ന്യായീകരിച്ച കവി വി ടി ജയദേവന്റെ അപമദര്യാദയായ പെരുമാറ്റം ചൂണ്ടിക്കാട്ടി, അശ്വതി വിനോദ് എന്ന പെൺകുട്ടി രംഗത്ത് എത്തിയിരുന്നു.

സുധീഷിന്റെത് കൃഷ്ണ പാരമ്പര്യമാണെന്നൊക്കെ പറഞ്ഞായിരുന്നു ജയദേവന്റെ ന്യായീകരണം. 'പുരുഷവർഗം മുഴുവനുമെടുത്താൽ രണ്ടു പാരമ്പര്യം ആയിരിക്കും. രാമപാരമ്പര്യക്കാരും കൃഷ്ണ പാരമ്പര്യക്കാരും. ഈ പാരമ്പര്യങ്ങളുടെ കലർപ്പുകളും ചിലപ്പോൾ കണ്ടേക്കും.''- എന്ന് എഴുതിയാണ് ജയദേവൻ സുധീഷിനെ ന്യായീകരിക്കാൻ ശ്രമിച്ചത്. ഏകപത്‌നീ വ്രതംപോലെ തന്നെയാണ് ബഹു സ്ത്രീബന്ധവും എന്ന് പരോക്ഷമായി സ്ഥാപിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. എന്നാൽ ഇവിടെ മറ്റ് സ്ത്രീകളുമായി പ്രണയമല്ല, പീഡനവും, ആണഹങ്കാരവുമാണ് ഉണ്ടായതെന്നുമാണ്, ഉണ്ടായതെന്ന് വ്യാപകമായ വിമർശനം ഉയർന്നു. അപകടം മനസ്സിലാക്കിയ ജയദേവൻ പോസ്റ്റ് ഡിലീറ്റ് ചെയ്ത്, അൽപ്പം ന്യായീകരണങ്ങളോടെ ക്ഷമയും പറഞ്ഞു. പക്ഷേ അപ്പോഴേക്കും ജയദേവ കവിയുടെ തനി ഗുണം പറഞ്ഞുകൊണ്ട് ഒരു സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് കൂടിയായ അശ്വതി വിനോദ് രംഗത്തെത്തി.

ജയദേവന്റെ എഴുത്തുകണ്ട് പരിചയപ്പെട്ട തന്നെ പിതാവിന് സമാനമായ സ്നേഹ ഭാവത്തോടെ ഇടപെട്ട്, പിന്നെ രാത്രിയിൽ വിളിച്ച് കാമാതുരമായി സംസാരിച്ചു എന്നാണ് അശ്വതി വിനോദ് വെളുപ്പെടുത്തിയത്. ഇതോടെ മാനസികമായി തകർന്നുപോയെന്നും, ജയദേവനെ ബ്ലോക്ക് ചെയ്യേണ്ടി വന്നുവെന്നും അശ്വതി വെളിപ്പെടുത്തി. ഇത് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇതിനിടെയാണ് അമൃത സിവിആർ എന്ന യുവതി മറ്റൊരു കവിയിൽ നിന്ന് ഏറ്റ അപമാനം വെളിപ്പെടുത്തുന്നത്.

ശിവപാർവതി രതിലീലയുമായി കവി

അമൃതയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:

ഇങ്ങനൊരു കുറിപ്പെഴുതാനുള്ള പ്രാപ്തി ലേശം പോലും ഇല്ലാത്തൊരവസ്ഥയിലാണിതെഴുതി പോകുന്നത്. 2019 ലും 2021ലും സംഭവിച്ച രണ്ട് കാര്യങ്ങളെ വളരെ ചുരുക്കി പറഞ്ഞുകൊണ്ട് നിർത്താം. ചില മാസ്‌കുകൾ അഴിഞ്ഞു വീണു കണ്ടപ്പോൾ ഓർത്തുപോയതാണ്.

2019ൽ തിരൂർ തുഞ്ചൻപറമ്പിൽ വച്ചാണ് വി. ആർ. സുധീഷിന്റെ ഓപ്പൺ ഡിഫെൻസ് നടക്കുന്നത്. ഞാനും ആതിര രാജനും മറ്റ് ചിലരും ആദ്യമായാണ് ഒരു ഓപ്പൺ ഡിഫെൻസിന് പോയത്. ഓപ്പൺ ഡിഫെൻസിന്റെ രീതിയെ കുറിച്ചറിയുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ആദ്യകാല മലയാളചലച്ചിത്രഗാനങ്ങളുമായി ബന്ധപ്പെട്ടതാണ് വിഷയം. വി. ആർ. സുധീഷ് മൈക്കിലൂടെ തമാശകൾ പറയുന്നു, പാട്ടുകൾ പാടുന്നു, വീണ്ടും പാട്ടുകൾ പാടുന്നു, തുടരുന്നു. ഓപ്പൺ ഡിഫെൻസ് അവസാനിക്കുന്നു. ആരാധകർ കയ്യടിക്കുന്നു. ചോദ്യോത്തര വേളയിൽ വളരെ സഹജമായി വിഷയത്തിന്റെ ലക്ഷ്യത്തെയും രീതിശാസ്ത്രത്തെയും സംബന്ധിച്ച ചില ചോദ്യങ്ങൾ ഞാനും, 'കേരളീയത ' യെ ഗവേഷകൻ നിർവചിച്ചതിലുള്ള ( തീർത്തും സവർണവാസനതൈലങ്ങൾ പൂശിച്ച നിർവചനം) പിശകിനെയും ആശയസംഘർഷങ്ങളെ കുറിച്ച് ആതിരയും സംശയങ്ങൾ ചോദിച്ചു. ഗവേഷണത്തിന്റെ തന്നെ സുപ്രധാനമായ ഒരു ഘട്ടമാണ് ഓപ്പൺ ഡിഫെൻസ് എന്നായിരുന്നു ഞങ്ങൾ പുസ്തകങ്ങളിലൂടെ പഠിച്ചത്. ഉന്നയിച്ച സംശയങ്ങളെ അയാൾ അഡ്രെസ്സ് ചെയ്തില്ല എന്ന് മാത്രമല്ല അതി-ധാർഷ്ട്യത്തോടെ അയാൾ മൈക്കിലൂടെ ഞങ്ങളോട് ആക്രോശിക്കുകയും ചെയ്തു. അന്ന് വി. ആർ. സുധീഷെന്ന എഴുത്തുകാരനെയും 'അവതരണരീതിയെയും ' മനസിലാക്കി വിദ്യാർത്ഥികളായ ഞങ്ങൾ ഇറങ്ങി പോന്നു. ശുഭം.

2021 ലേക്ക് തിരിയുമ്പോൾ കരുണാമയനും സർവസാത്വികനുമായൊരു കവിയെ പ്രണയികളായ രണ്ടുപേർ കാണുന്നു. സ്നേഹത്തെക്കുറിച്ചുള്ള ദീർഘഭാഷണത്തിലേർപ്പെടുന്നു. വളരെ മനോഹരമായി ദിവസം പൂർത്തീകരിക്കുന്നു. അമിത വിനയത്തിൽ അസ്വാഭാവികതകളൊന്നും അനുഭവപ്പെട്ടുമില്ല. ഇങ്ങനെയും മനുഷ്യർക്ക് ജീവിക്കാനാവുന്നല്ലോ എന്നോർത്തവർ സന്തോഷിച്ചു. ശേഷം കവി പെൺകുട്ടിക്ക് മാത്രമായി ശിവ പാർവതി രതിലീലകളെ വിശദീകരിച്ചു കൊടുക്കുന്നു. പൊതുവെ ക്രിട്ടിക്കൽ നോട്ടക്കാരിയായ പെൺകുട്ടി( അവളുടെ പെൺകുട്ടി എന്ന ജീവിതം തന്നെയാണ് നേട്ടത്തിന് കാരണം )അതിനെ കുറിച്ച് ചിന്തിച്ചെങ്കിലും സാത്വിക സ്നേഹഭാഷകനെ സംശയിച്ചില്ല.

തുടർദിവസങ്ങളിലൊരു രാത്രി കവി പെൺകുട്ടിയെ ഫോണിൽ വിളിച്ച് കൊണ്ട് പറയുകയാണ് 'നിന്റെ കൂടെ അവൻ കിടക്കുമ്പോൾ അത് ഞാനാണെന്ന് നീ സങ്കൽപ്പിക്കുക, നിങ്ങളുടെ ചുംബനവേളകളിൽ എന്നെയാണ് നീ ചുംബിക്കുന്നതെന്ന് സങ്കൽപ്പിക്കുക, അവൻ ഞാൻ തന്നെയാണെന്നും. ' ആ മനുഷ്യരിൽ ഈ വാക്കുകളെത്തിച്ച ട്രോമയെ ഓർക്കുമ്പോൾ എനിക്ക് പോലും ഭയമാകുന്നു. ശേഷം ശുഭം.ഈ രണ്ട് പ്രവർത്തികളെയും എനിക്ക് ഹത്യയായി മാത്രമേ വായിക്കാനാവുന്നുള്ളു. ചില 'ആക്രോശങ്ങൾ' ( അധികാരത്തിന്റെ, പുരുഷധികാരത്തിന്റെ, സോഷ്യൽ പ്രിവിലേജിന്റെ ) ഒരു പക്ഷേ പിന്നീടൊരിക്കലും മറ്റൊരാളുടെ കണ്ണിൽ നോക്കി സംസാരിക്കാനുള്ള ആത്മവിശ്വാസത്തെ പോലും ഇല്ലായ്മ ചെയ്യും. ചില 'സ്നേഹഭാഷണങ്ങൾ ' പിന്നീടൊരിക്കലും മനുഷ്യരോട്( പുരുഷന്മാരെ തന്നെയാനുദ്ദേശിച്ചത് ) സോഷ്യലായി ഇടപെടാനുള്ള സ്ത്രീകളുടെ ധൈര്യത്തെ കീറി കളഞ്ഞേക്കും.

ആവുമെങ്കിൽ ആവുന്നത്ര നമ്മൾ നമ്മളെ തന്നെ പ്രകടിപ്പിക്കാൻ ശ്രമിക്കുക. അല്ലാത്ത പക്ഷം കാലം അതിനെ പൊളിച്ചു കളയുക തന്നെ ചെയ്യും.''- ഇങ്ങനെയാണ് അമൃതയുടെ പോസ്റ്റ് അവസാനിക്കുന്നത്.

സാംസ്കാരിക നായകർക്കെതിരെ മീടു

എഴുത്തുകാരൻ വി ആർ സുധീഷിനെതിരായ കേസ് സാംസ്കാരിക നായകർക്കെതിരായ മീ ടു ആയി വളരുകയാണ്. കഴിഞ്ഞ കുറച്ചു ദിവസമായി സാമൂഹിക മാധ്യമങ്ങളിൽ ചില എഴുത്തുകാരുടെ നേതൃത്വത്തിൽ സ്ത്രീകൾക്കുനേരെ നടക്കുന്ന അതിക്രമങ്ങൾ പുറത്തുവരുന്നുണ്ട്. വി.ആർ. സുധീഷിനെ പ്രതിക്കൂട്ടിൽ നിർത്തി യുവ പ്രസാധക ഷഹനാസിന്റെ കുറിപ്പ് പുറത്തുവന്നതോടെയാണ് ഈ വിവാദം ഉണ്ടായത്. നിരന്തരമായി സുധീഷിന്റെ വീട്ടിലേക്ക് ഒറ്റയ്ക്ക് വിളിപ്പിക്കുകയും, ആയാളുടെ പതിനായിരത്തെട്ട് കാമുകിമാരിൽ ഒരാളാകാൻ തയാറാകാത്തതുകൊണ്ട് ഉപദ്രവിക്കുകയുമാണെന്നായിരുന്നു ഷഹനാസിന്റെ ആരോപണം.

വിദ്യാർത്ഥികൾ അടക്കം നിരവധി പേരെ സുധീഷ് ഈ രീതിയിൽ പീഡിപ്പിച്ചിതായി തനിക്ക് അറിയാമെന്ന് അവർ ആരോപിച്ചിരുന്നു. ഈ പോസ്റ്റ് വൈറലായതോടെയാണ് എഴുത്തുകാരിൽനിന്ന് സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങൾ വലിയ ചർച്ചയായത്. ഒരു പുസ്തകത്തിന് അവതാരിക എഴുതിക്കൊടുക്കാനും മറ്റുമായി സ്ത്രീകൾ എഴുത്തുകാർക്ക് കിടന്നുകൊടുക്കേണ്ട സാഹചര്യം ഉണ്ടോ എന്നാണ് ഈ വിവാദത്തിൽ പല വനിതാ ആക്റ്റീവിസറ്റുകളും പച്ചക്ക് ചോദിച്ചത്. സുധീഷിനെതിരെ ഷഹനാസ് കൊടുത്ത പരാതിയിൽ അദ്ദേഹത്തെ അറസ്്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു.

ഇത് ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും സാംസ്്ക്കാരിക നായകർ എന്ന് പറയുന്നവർക്കെതിരെ കൂടുതൽ പ്രതികരണങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാവുമെന്നുമാണ് വനിതാ ആക്റ്റീവിസ്റ്റുകൾ പറയുന്നത്. കഴിഞ്ഞ ദിവസം എഴുത്തുകാരി ഇന്ദുമേനോനും ഷഹനാസിനെ അനുകൂലിച്ച് രംഗത്ത് എത്തിയിരുന്നു.