ടൊറന്റോ: ക്യൂബെക്ക് മേഖല അഞ്ചാംപനിയുടെ പിടിയിലാണെന്ന് ആരോഗ്യവകുപ്പ്. ഇതുവരെ മുതിർന്നവരും കുട്ടികളുമായി 119 പേർ രോഗത്തിന്റെ പിടിയിൽ അകപ്പെട്ടുകഴിഞ്ഞുവെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. 2014-ൽ ഡിസ്‌നിലാൻഡിൽ നിന്നു പൊട്ടിപ്പുറപ്പെട്ട അഞ്ചാം പനി കാനഡയിലും വ്യാപകമായതിന്റെ തെളിവാണ് ഇത്.

അഞ്ചാംപനി ബാധിച്ചവരെല്ലാം തന്നെ വാക്‌സിനേഷൻ സ്വീകരിച്ചിട്ടില്ലാത്തവരാണെന്നും രോഗം ബാധിച്ച സമയത്ത്  ഒരു കുട്ടി സ്‌കൂളിൽ ഹാജരായിരുന്നുവെന്നും റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. കാനഡയിൽ ഒന്റാറിയോ, ന്യൂ ബ്രൺസ്വിക്ക്, മനിടോബ എന്നിവിടങ്ങളിൽ മാത്രമാണ് കുട്ടികൾ സ്‌കൂളിൽ ചേരുന്നതിന് മുമ്പ് വാക്‌സിനേഷൻ സ്വീകരിച്ചിരിക്കണമെന്ന് നിർബന്ധമുള്ളത്.

ഇതിനു മുമ്പ് 2011-ൽ അഞ്ചാം പനി വ്യാപകമായ സമയത്ത് ക്യൂബെക്കിൽ മാത്രം 700 പേർക്ക് രോഗം ബാധിച്ചിരുന്നു. നോർത്ത് അമേരിക്കയിൽ ഏറ്റവും കൂടുതൽ പേർ അഞ്ചാംപനി ബാധിതരായത് ഇവിടെയായിരുന്നു. അഞ്ചാംപനി ബാധിച്ച കുട്ടി സ്‌കൂളിൽ എത്തിയതിനെത്തുടർന്ന് അവിടെയുള്ള 700ഓളം വരുന്ന കുട്ടികളും സ്റ്റാഫുകളും അഞ്ചാംപനിയുടെ ഭീതിയിലാണ്. തുടർന്ന് സ്‌കൂളിനു സമീപം വാക്‌സിനേഷൻ സെന്റർ തുടങ്ങിയതായും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം വാക്‌സിനേഷൻ സ്വീകരിക്കാൻ കൂട്ടാക്കാത്ത കുട്ടികൾ സ്‌കൂളിൽ അടുത്ത 14 ദിവസത്തേക്ക് ഹാജരാകരുതെന്നാണ് നിർദ്ദേശം. പെട്ടെന്ന് പകരുന്ന അഞ്ചാം പനിയെത്തുടർന്ന് ദേഹമാസകലം ചുവന്നപാടുകൾ പ്രത്യക്ഷപ്പെടും. രണ്ടാഴ്ചയോളം നീണ്ടു നിൽക്കുന്ന അസുഖം ചിലരിൽ തലച്ചോറിൽ നീർക്കെട്ടിനും കേൾവി നഷ്ടപ്പെടുന്നതിനും കാരണമാകും. രോഗം മൂർഛിക്കുന്ന അവസ്ഥയിൽ മരണം വരെ സംഭവിക്കാവുന്നതാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.