ഓക്ക്‌ലാൻഡ്: ഓക്ക്‌ലാൻഡിൽ നൂറ്റമ്പതോളം പേർക്ക് അഞ്ചാം പനി ബാധിച്ചതായി ഹെൽത്ത് അധികൃതർ. സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യത്ത് സന്ദർശനത്തിന് പോയ വ്യക്തിക്ക് അഞ്ചാം പനി ബാധിച്ചതോടെയാണ് ഓക്ക്‌ലാൻഡിൽ അഞ്ചാം പനി പടരാൻ തുടങ്ങിയത്. വൈറസ് ബാധിച്ച വ്യക്തി സന്ദർശിച്ചവർക്കാണ് ആദ്യം അഞ്ചാം പനി പിടികൂടുന്നത്.

പനി ബാധയെ തുടർന്ന് ഓക്ക്‌ലാൻഡ് സിറ്റി ഹോസ്പിറ്റൽ എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ ചികിത്സ തേടിയെത്തുകയും പിന്നീട് ഇവർക്ക് അഞ്ചാം പനി സ്ഥിരീകരിക്കുകയുമായിരുന്നു. നിലവിൽ 150 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധിതരുടെ എണ്ണം ഇനിയും വർധിച്ചേക്കാമെന്നും അഞ്ചാം പനി പിടിപെടുന്ന പക്ഷം ഉടൻ തന്നെ ചികിത്സ തേടിയിരിക്കണമെന്നും ആരോഗ്യവകുപ്പ് നിഷ്‌ക്കർഷിച്ചു.

രോഗബാധയുള്ളവരിൽ നിന്ന് മറ്റുള്ളവർ അകലം പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. അഞ്ചാം പനിക്കെതിരേയുള്ള വാക്‌സിനേഷൻ തക്ക സമയത്ത് എടുത്തിരിക്കണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. 1969-നു മുമ്പ് ജനിച്ചവർക്ക് അഞ്ചാം പനിയുടെ രണ്ട് ഡോസ് വാക്‌സിന് ലഭിച്ചിട്ടുണ്ടെന്നും ഒരു ഡോസ് മാത്രം ലഭിച്ചവർ സൗജന്യ രണ്ടാം ഡോസിനായി ഡോക്ടറെ സമീപിക്കണമെന്നും പബ്ലിക് ഹെൽത്ത് വ്യക്തമാക്കുന്നു.

വൈറസ് ബാധിച്ച ശേഷം എഴു ദിവസം കഴിഞ്ഞാണ് രോഗലക്ഷണങ്ങൾ കാട്ടുക. പനിക്കൊപ്പം മൂക്കൊലിപ്പും ചുമയും കണ്ണു ചുവക്കലുമാണ് ആദ്യ ലക്ഷണങ്ങൾ. പിന്നീട് മുഖത്തും ശരീരത്തും ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടും. രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയെത്തുന്നവർ മെഡിക്കൽ വെയിറ്റിങ് റൂമിൽ അധിക സമയം ചെലവഴിക്കരുതെന്ന് മുന്നറിയിപ്പുണ്ട്. പെട്ടെന്നു പകരുമെന്നതിനാൽ മറ്റുള്ളവരിൽ നിന്ന് ഒരകലം പാലിക്കണമെന്നും നിർദേശിക്കുന്നു.