ഓസ്ട്രിയ: യൂറോപ്പിലാകമാനം അഞ്ചാം പനി വീണ്ടും വ്യാപകമാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം 22,000ത്തിലധികം അഞ്ചാം പനി കേസുകൾ റിപ്പോർട്ട് ചെയ്തതിനു ശേഷം ഈ വർഷവും രോഗം ശക്തമായി തിരിച്ചുവരികയാണെന്നാണ് റിപ്പോർട്ടുകൾ. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഓസ്ട്രിയയിൽ അമ്പതോളം അഞ്ചാം പനി കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രോഗത്തിനെതിരേ വ്യാപക മുൻകരുതൽ വേണമെന്ന് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

അഞ്ചാം പനി യൂറോപ്പിൽ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നതെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. യൂറോപ്യൻ രാജ്യങ്ങളെല്ലാം തന്നെ അഞ്ചാം പനിക്കെതിരേ വാക്‌സിനേഷൻ നടത്താനുള്ള സജ്ജീകരണങ്ങൾ വിപുലമാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. വളരെ പെട്ടെന്ന് പടരുന്ന അഞ്ചാം പനി 2014-ൽ യൂറോപ്പിലാകമാനം 22,000 ത്തിലധികം പേരെ ബാധിച്ചിരുന്നു.
ചെറിയ കുട്ടികൾക്ക് മരണം വരെ സംഭവിക്കാവുന്ന അഞ്ചാം പനിയെ വാക്‌സിനേഷനിലൂടെ തടയിടണമെന്നാണ് ഡബ്ല്യൂ എച്ച് ഒ യൂറോപ്യൻ ഡയറക്ടർസൂസന്ന ജേക്കബ് നിർദേശിക്കുന്നത്.

യുഎൻ ഹെൽത്ത് ഏജൻസിയുടെ കണക്ക് അനുസരിച്ച്  യൂറോപ്പിലുള്ള ഏഴു രാജ്യങ്ങളിലായി കഴിഞ്ഞ വർഷം 22,149 പേർക്ക് അഞ്ചാം പനി ബാധിച്ചിരുന്നു. നിലവിൽ ജോർജിയ, കസഖ്സ്ഥാൻ, ഇറ്റലി, ജർമനി എന്നിവിടങ്ങളിലും അഞ്ചാം പനി ശക്തമായ തോതിൽ പടർന്നുപിടിച്ചിരിക്കുകയാണ്. ഈ മാസം പതിനെട്ടിന് ജർമനിയിൽ പതിനെട്ട് മാസം പ്രായമുള്ള ആൺകുട്ടി അഞ്ചാം പനിയെത്തുടർന്ന് മരിക്കുകയും ചെയ്തിരുന്നു. 2001-നു ശേഷം ഏറ്റവും വലിയ അഞ്ചാം പനി വ്യാപനമാണ് ഇപ്പോൾ ജർമനി നേരിടുന്നത്. പനി വ്യാപകമായതോടെ സ്‌കൂളുകൾ മിക്കവയും പൂട്ടിയിട്ടിരിക്കുകയാണ്. 

ഓസ്ട്രിയയിൽ ശിശുക്കളിൽ ഇമ്യൂണൈസേഷൻ 95 ശതമാനമാണെങ്കിൽ രാജ്യത്ത് പകർച്ചവ്യാധികളുടെ എണ്ണം അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്. 2013-ൽ തന്നെ 74 കേസുകളാണ് അഞ്ചാം പനിയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2014-ൽ ഇത് 114 ആയി വർധിച്ചു. ഇതിൽ അഞ്ചിലൊന്ന് കേസ് വളരെ ഗുരുതരമായി മാറാറുണ്ടെന്നും മെഡിക്കൽ എക്‌സ്‌പേർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.