തിരുവനന്തപുരം: മീസിൽസ് റൂബെല്ല പ്രതിരോധ ദൗത്യത്തിന്റെ ഭാഗമായി ജില്ലയിൽ 90 ശതമാനത്തിൽ കൂടുതൽ കുട്ടികൾ വാക്സിനേഷൻ എടുത്ത സ്‌കൂളുകൾക്ക് സബ് കളക്ടർ ഡോ. ദിവ്യ. എസ് ആയ്യർ പ്രശംസാപത്രം നൽകി. കുന്നുപുറം ചിന്മയ വിദ്യാലയം, കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നീ സ്‌കൂളുകൾക്കാണ് പ്രശംസാപത്രം നൽകിയത്. ആരോഗ്യമുള്ള തലമുറയെ വാർത്തെടുത്ത് മീസിൽസ് റൂബെല്ല രോഗങ്ങളെ തുടച്ചു നീക്കുകയാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. അതോടൊപ്പം വാക്സിനേഷൻ ഇതുവരെ എടുക്കാത്ത 9 മാസം മുതൽ 15 വയസുവരെയുള്ള കുട്ടികൾ ഉടൻ തന്നെ എം.ആർ വാക്സിനേഷൻ എടുക്കണമെന്നും സബ് കളക്ടർ പറഞ്ഞു. പരിപാടിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജോസ് ഡിക്രൂസ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജെ. സ്വപ്നകുമാരി, ചിന്മയ ചീഫ് സേവക് സുരേഷ് മോഹൻ, പ്രിൻസിപ്പൽ ശോഭ റാണി, കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ എം. അഞ്ജന തുടങ്ങിയവർ പങ്കെടുത്തു.

ജില്ലയിൽ 514602 കുട്ടികൾ എം.ആർ വാക്സിനേഷൻ എടുത്തു. മീസിൽസ് റൂബെല്ല വാക്സിനേഷൻ പ്രവർത്തനങ്ങളിൽ ജില്ല സംസ്ഥാനത്ത് നാലാം സ്ഥാനത്ത്. ലക്ഷ്യമിട്ടവരിൽ 80 ശതമാനം കുട്ടികൾക്ക് ഇതിനകം വാക്സിൻ നൽകിയതായി ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജെ. സ്വപ്നകുമാരി അറിയിച്ചു. ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ 644771 പേർക്ക് വാക്സിൻ നൽകുകയാണ് ലക്ഷ്യം. നവംബർ 1 വരെയുള്ള റിപ്പോർട്ട് അനുസരിച്ച് ജില്ലയിൽ 514602 കുട്ടികൾ കുത്തിവയ്‌പ്പെടുത്തു.