- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആശങ്ക കോവിഡ് മൂന്നാം തരംഗത്തിൽ; അഞ്ചാംപനിയുടെ വാക്സിന് കുട്ടികളെ വൈറസ് ബാധയിൽ നിന്ന് രക്ഷിക്കാൻ സാധിച്ചേക്കുമെന്ന് പഠനം

ന്യൂഡൽഹി: കോവിഡിന്റെ മൂന്നാംതരംഗം കുട്ടികളെ ബാധിച്ചേക്കുമെന്ന ആശങ്കകൾക്കിടെ അഞ്ചാംപനിയുടെ വാക്സിന് കുട്ടികളെ വൈറസ് ബാധയിൽ നിന്ന് രക്ഷിക്കാൻ സാധിച്ചേക്കുമെന്ന് പഠനം. അഞ്ചാംപനിയുടെ വാക്സിൻ എടുത്ത കുട്ടികൾക്ക് കോവിഡ് വന്നാൽ അതിന്റെ ലക്ഷണങ്ങളുടെ തീവ്രത, വാക്സിൻ എടുക്കാത്ത കുട്ടികളെ അപേക്ഷിച്ച് കുറവായിരിക്കുമെന്നാണ് പഠനത്തിൽ പറയുന്നു.
മഹാരാഷ്ട്ര പുണെയിലെ ബി.ജെ. മെഡിക്കൽ കോളേജ് ആണ് പഠനം നടത്തിയത്. അഞ്ചാംപനിയുടെ വാക്സിന് സാർസ് കൊവ് 2 വൈറസിനെതിരെ 87.5 ശതമാനം ഫലപ്രാപ്തിയുണ്ടെന്നും പഠനം പറയുന്നു. ഹ്യൂമൻ വാക്സിൻ ആൻഡ് ഇമ്യുണോതെറാപ്യൂടിക്സ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഒന്നിനും 17-നും ഇടയിൽ പ്രായമുള്ള 548 കുട്ടികളെ രണ്ടു സംഘമാക്കിയാണ് പഠനം നടത്തിയത്. ആർ.ടി.പി.സി.ആർ. പരിശോധന നടത്തി കോവിഡ് പോസിറ്റീവ് ആയവരെ ഒരു സംഘമായും അല്ലാത്തവരെ വേറൊരു സംഘമായും കണക്കാക്കിയാണ് പഠനം നടത്തിയത്.
കുട്ടികൾക്ക് കോവിഡ് ബാധയിൽനിന്ന് ദീർഘകാല സംരക്ഷണം നൽകാൻ ഒരുപക്ഷെ അഞ്ചാംപനിയുടെ വാക്സിന് സാധിച്ചേക്കുമെന്നും പഠനം പറയുന്നു. പഠനത്തിലെ വിവരങ്ങൾ ഉറപ്പാക്കാൻ കൂടുതൽ പരീക്ഷണങ്ങൾ ആവശ്യമുണ്ടെന്നും ഗവേഷകർ വ്യക്തമാക്കി.
ലോകത്ത് ഇതാദ്യമായാണ് ഇത്തരത്തിലൊരു പഠനം നടത്തുന്നതെന്ന് പഠനത്തിന് നേതൃത്വം നൽകിയ ശിശുരോഗ വിദഗ്ധൻ ഡോ. നീലേഷ് ഗുജാർ ഇന്ത്യാ ടുഡേയോടു പറഞ്ഞു. സാർസ് കൊവ് 2 വൈറസിന്റെ അമിനോ ആസിഡിന്റെ ക്രമം റൂബല്ല വൈറസിന്റേതിനോട് ഏകദേശം മുപ്പതുശതമാനത്തോളം സാമ്യം പുലർത്തുന്നതിനാൽ എം.എം.ആർ. വാക്സിനുകളിലാണ് തങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.
സാർസ് കൊവ് 2 വൈറസിലെ സ്പൈക്ക്(എസ്) പ്രോട്ടീൻ, അഞ്ചാംപനിയുടെ വൈറസിന്റെ ഹീമാഗ്ലൂട്ടിനിൻ പ്രോട്ടീനുമായി സാമ്യമുള്ളതാണ്. അതിനാലാണ് ഞങ്ങൾ ഈ പഠനം നടത്തിയത്. അതിന്റെ ഫലങ്ങൾ പ്രത്യാശാജനകമാണ്- ഗുജാർ കൂട്ടിച്ചേർത്തു.


