ഹിന്ദുത്വവാദിയും ഗോവധനിരോധനത്തിന്റെ മുന്നണിപ്പോരാളിയുമായ യോഗി ആദിത്യനാഥ് അധികാരമേറ്റതോടെ, ഉത്തർപ്രദേശിന് നഷ്ടമാകുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ മാംസക്കയറ്റുമതി സംസ്ഥാനമെന്ന പദവി. വർഷം 11,350 കോടിയുടെ മാംസക്കയറ്റുമതിയാണ് യുപി നടത്തിയിരുന്നത്. അധികാരത്തിലേറിയാൽ എല്ലാ അനധികൃത അറവുശാലകളും പൂട്ടുമെന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലായാൽ തൊഴിൽരഹിതരാകുന്നത് ആയിരക്കണക്കിന് തൊഴിലാളികളാകും.

അനധികൃത അറവുശാലകൾ പൂട്ടുമെന്നാണ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പറഞ്ഞിരുന്നതെങ്കിലും, അധികാരം കിട്ടിയതോടെ ബിജെപി സ്വരം മാറ്റിയിരുന്നു. ഫലം പുറത്തുവന്നതിന്റെ പിറ്റേന്നുതന്നെ, സംസ്ഥാനത്തെ എല്ലാ അറവുശാലകളും പൂട്ടുമെന്ന് ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ പ്രഖ്യാപിച്ചു. അതിന്റെ തുടർച്ചയെന്നോണം യോഗി ആദിത്യനാഥ് രണ്ട് അറവുശാലകൾക്ക് താഴിട്ടു. മറ്റ് അറവുശാലകളുടെ കാര്യം ആദ്യ മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുമെന്ന് മന്ത്രി ശ്രീകാന്ത് ശർമ തിങ്കളാഴ്ച പറഞ്ഞു.

ആരുടെയും വികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തരുതെന്ന് യോഗി ആദിത്യനാഥ് മന്ത്രിമാരോട് നിർദ്ദേശിച്ചിരുന്നു. അതുകൊണ്ടുതന്നെ പരസ്യ പ്രസ്താവനകളൊന്നുെ ഇക്കാര്യത്തിലുണ്ടായിട്ടില്ല. വൻതോതിലുള്ള വരുമാനനഷ്ടവും തൊഴിൽ നഷ്ടവുമുണ്ടാകുന്ന അറവുശാല വിഷയവും കരുതലോടെ പഠിച്ച് കൈകാര്യം ചെയ്യാനാണ് യോഗിയുടെ തീരുമാനം.

സംസ്ഥാനത്തെ മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുപ്രകാരം വർഷംതോറും 7515.14 ലക്ഷം കിലോ പോത്തിറച്ചിയാണ് യുപിയിൽ ഉദ്പാദിപ്പിക്കുന്നത്. 1171.65 ലക്ഷം കിലോ മാട്ടിറച്ചിയും 1410.32 ലക്ഷം കിലോ പന്നിയിറച്ചിയും ഉദ്പാദിപ്പിക്കുന്നു. സർക്കാരിന്റെ അനുമതിയോടെ പ്രവർത്തിക്കുന്ന 72 അറവുശാല/ മാംസ സസം്കരണ വിപണന കേന്ദ്രങ്ങൾ രാജ്യത്തുണ്ട്. ഇതിൽ 38 എണ്ണവും ഉത്തർപ്രദേശിലാണ്. മാംസ കയറ്റുമതി നടക്കുന്നത് ഇത്തരം കേന്ദ്രങ്ങളിലൂടെയാണ്.

2016-ൽ ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്തത് 13,14,158.05 മെട്രിക് ടൺ പോത്തിറച്ചിയാണ്. 26,681.56 കോടി രൂപ വിലവരുന്ന മാംസവ്യാപരത്തിന്റെ 40 ശതമാനത്തോളം യുപിയാണ് സ്വന്തമാക്കുന്നത്. യുപിയിലെ നിയമം അനുസരിച്ച് 15 വയസ്സിനുമേൽ പ്രായമുള്ള നാൽക്കാലികളെ മാത്രമേ അറക്കാൻ പാടുള്ളൂ. ഇതുൾപ്പെടെ എല്ലാത്തരത്തിലുള്ള അറവുശാലകളും നിരോധിക്കാനാണ് ബിജെപി സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് സൂചന.