ഫാസ്റ്റ് ഫുഡ് പ്രേമികളുടെ ശ്രദ്ധയ്ക്ക്, സംസ്‌കരിച്ച പന്നിയിറച്ചി രണ്ടു കഷണം കഴിച്ചാലും കാൻസറിന്റെ സാധ്യത കൂടുമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. സംസ്‌കരിച്ച ഏതു മാംസവും പുകവലിക്ക് തുല്യമാണെന്നും സംഘടന വ്യക്തമാക്കുന്നു. ലോകരോഗ്യസംഘടനയുടെ മുന്നറിയിപ്പ് കർഷകർക്കും ഫാസ്റ്റ് ഫുഡ് വ്യവസായത്തിനും വൻതിരിച്ചടിയാണ്. എന്നാൽ ഫാസ്റ്റ് ഫുഡ് പ്രേമികളും മാംസാഹാരികളും പൂർണമായും ഇവ ഒഴിവാക്കണമെന്നില്ല. പക്ഷെ നിയന്ത്രണം ഏർപ്പെടുത്തുന്നത് ആരോഗ്യത്തിന് നന്നായിരിക്കും. ബർഗറുകളും സോസേജുകളും സ്ഥിരമായി കഴിക്കുന്നത് സ്ഥിരമായി പുകവലിക്കുന്നതിനോടാണ് ലോകരോഗ്യസംഘടന ഉപമിച്ചിരിക്കുന്നത്.

ദിനംപ്രതി 50ഗ്രാമിൽ കൂടുതൽ സംസ്‌കരിച്ച മാംസം കഴിക്കുന്നവരിൽ കുടലിൽ കാൻസർ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ചുവന്ന നിറമുള്ള മാംസങ്ങളിൽ ശരീരത്തിന് ഗുണകരമായ പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, വിറ്റാമിൻ ബി12 എന്നിവ ധാരളമായുണ്ട്. എന്നാൽ ഇവ സംസ്‌കരിക്കുമ്പോൾ ഗുണത്തേക്കാളാറെ ദോഷമാണ് ശരീരത്തിന് ചെയ്യുന്നത്. മാംസം സംസ്‌കരിക്കുമ്പോൾ ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് പ്രധാന വില്ലൻ. ഇറച്ചി കേടുകൂടാതിരിക്കാൻ ഉപയോഗിക്കുന്ന നൈട്രേറ്റുകളാണ് അർബുദത്തിന് കാരണമാകുന്നത്. സ്ഥിരമായി ചുവന്ന നിറമുള്ള മാംസം ഉപയോഗിക്കുന്നവരിലും കാൻസർ സാധ്യത കൂടുതലാണ്.

സംസ്‌കരിച്ച മാംസത്തിനും സോസേജിനും ബർഗറുകൾക്കും പകരം മത്സ്യവിഭവങ്ങളും സലാഡുകളും ഭക്ഷണത്തിൽ ഉൾപ്പെടുത്താനാണ് നിർദ്ദേശം. എന്നാൽ ഒഴിവാക്കാൻ ആകാത്തവൻ അതിന്റെ അളവ് കുറയ്ക്കണം. സംസ്‌കരിച്ച മാംസാഹരങ്ങളിൽ ഉപ്പും കൊഴുപ്പും കൂടുതലായതിനാൽ മറ്റു രോഗങ്ങൾക്കും സാധ്യതയുണ്ട്. ഗ്രൂപ്പ് വണ്ണിൽ ഉൾപ്പെടുത്തിയിരിക്കുന്ന സംസ്‌കരിച്ച മാംസം ഉൾപ്പെടുത്തിയിട്ടുള്ള വിഭവങ്ങളായ സലാമി, സോസേജ്, ഹോട്ട്‌ഡോഗ്, ബേക്കൺ എന്നിവയാണ് കാൻസറിന് കാരണമാകുന്നത്. കാൻസറിന് കാരണമാകുന്ന ഗ്രൂപ്പ് 2എയിലെ വിഭവങ്ങൾ പോത്തിറച്ചി, ആട്ടിറച്ചി പന്നിയിറച്ചി എന്നിവയാണ്. കോഴിയിറച്ചിയും മത്സ്യങ്ങളും ഇവയിൽ ഉൾപ്പെടുന്നില്ല എന്നത് ശ്രദ്ധേയമാണ്.

പുകവലിക്കുന്നവരിൽ 86 ശതമാനം പേർക്ക് ശ്വാസകോശ കാൻസറും 19 ശതമാനം മറ്റുള്ള കാൻസറുകളും ബാധിക്കുമ്പോൾ സംസ്‌കരിച്ച മാംസവും അത് ചേർത്ത വിഭവങ്ങളും കഴിക്കുന്നവരിൽ 21 ശതമാനം പേർക്കും കുടൽസംബന്ധമായ കാൻസറും 3 ശതമാനം പേരിൽ മറ്റു കാൻസറുകളും ബാധിക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.