- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സണ്ണി ലിയോണിന്റേത് മനുഷ്യത്വപരമായ പ്രവർത്തനങ്ങൾ; നടിയുടെ ആരാധകർക്ക് ഓഫറുമായി കർണാടകത്തിലെ ഇറച്ചി വിൽപ്പനക്കാരൻ; മൂന്ന് നിബന്ധനകൾ പാലിക്കുന്നവർക്ക് വിലക്കിഴിവ് നൽകും
മാണ്ഡ്യ: ബോളിവുഡ് നടി സണ്ണി ലിയോണിന്റെ ആരാധകർക്ക് മുന്നിൽ വ്യത്യസ്തമായ ഓഫറുമായി കർണാടകത്തിലെ ഒരു ഇറച്ചി വിൽപ്പനക്കാരൻ. നടിയുടെ ആരാധകർക്ക് 10 ശതമാനം വിലക്കിഴിവാണ് ഇറച്ചി വിൽപ്പനക്കാരൻ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കാണ് വിലക്കിഴിവ് നൽകുക. മാണ്ഡ്യയിലെ കാരസവാടി ഗ്രാമസ്വദേശിയായ ഇറച്ചി വിൽപ്പനക്കാരൻ കെ.എൻ. പ്രസാദിന്റെ കടയിലാണ് വ്യത്യസ്തമായ ഓഫർ നൽകുന്നത്.
''സണ്ണി ലിയോണിന്റെ ജീവിതത്തെക്കുറിച്ച് വായിച്ചതോടെ അവർ സമൂഹത്തിനുവേണ്ടി ചെയ്ത കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. പെൺകുട്ടിയെ ദത്തെടുത്തത് മുതൽ കോവിഡ് മഹാമാരിവരെ അവരുടെ സഹായങ്ങൾ നീണ്ടു. അവർ ഒരുമികച്ച മാതൃകയാണ്. അതിനാൽ, അവരുടെ ആരാധകർക്ക് 10 ശതമാനം വിലക്കിഴിവ് നൽകാൻ തീരുമാനിച്ചു'' പ്രസാദ് കാരണം വ്യക്തമാക്കുന്നു.
സണ്ണി ലിയോണിന്റെ ചിത്രത്തോടൊപ്പം വിലക്കിഴിവിന്റെ കാര്യങ്ങളും ഉൾപ്പെടുത്തി പ്രസാദ് കടയിൽ പോസ്റ്റർ പതിച്ചിരുന്നു. ഇത് സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വാർത്തയായത്. പോസ്റ്റർ വ്യാപകമായി പ്രചരിച്ചതോടെ തനിക്ക് കൂടുതൽ ഉപഭോക്താക്കളെ ലഭിച്ചുവെന്നും പ്രസാദ് അവകാശപ്പെട്ടു.
അതേസമയം, എല്ലാവർക്കൊന്നും വിലക്കിഴിവ് ലഭിക്കില്ല. ഇതിനായി മൂന്നു നിബന്ധനകൾ പാലിക്കണം. ഫേസ്‌ബുക്കിലോ ഇൻസ്റ്റഗ്രാമിലോ സണ്ണിയെ പിന്തുടരണമെന്നതാണ് ആദ്യത്തെ നിബന്ധന. മൊബൈൽ ഫോണിൽ താരത്തിന്റെ കുറഞ്ഞത് 10 ചിത്രങ്ങളുണ്ടാകണമെന്നതാണ് രണ്ടാമത്തേത്. സണ്ണിയുടെ ഏതെങ്കിലുമൊരു ചിത്രത്തെക്കുറിച്ച് സാമൂഹികമാധ്യമങ്ങളിൽ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ടാകണമെന്നതാണ് മൂന്നാമത്തെ നിബന്ധന.
നടിയുടെ മനുഷ്യത്വപരമായ പ്രവർത്തനങ്ങളാണ് വിലക്കിഴിവ് നൽകാൻ പ്രസാദിനെ പ്രേരിപ്പിച്ചത്. കഴിഞ്ഞ രണ്ടുവർഷമായി ഇറച്ചിക്കട നടത്തുകയാണ് ഇദ്ദേഹം. തന്റെ പ്രവർത്തനത്തിലൂടെ സണ്ണി ലിയോണിനു ആരാധകർ ഏറുകയാണെങ്കിൽ അതുവഴി ചാരിറ്റിപ്രവർത്തനങ്ങൾക്ക് കൂടുതൽ സംഭാവന ചെയ്യാൻ അവർക്ക് സാധിക്കുമെന്ന് പ്രസാദ് പറയുന്നു.




