മനാമ: പ്രതിഷേധം ശക്തമായതോടെ രാജ്യത്തെ മീറ്റ് സബസിഡി അടുത്ത മാസം അവസാനം വരെ തുടരുമെന്ന് റിപ്പോർട്ട്. റദ്ദാക്കാനുള്ള ബഹ്‌റിൻ ഗവൺമെന്റിന്റെ തീരുമാനം അടുത്തമാസം അവസാനം വരെ നീട്ടിയതാണ് കാരണം. പാർലമെന്റും ഷൂര കൗൺസിലും നടപടിയെ ശക്തമായി എതിർത്തതോടെയാണ് ഗവൺമെന്റ് സബ്‌സിഡി റദ്ദാക്കുന്നത് ഒരു മാസത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചത്.

ഓഗസ്റ്റ് ഒന്നിനാണ് സബ്‌സിഡി റദ്ദാക്കാൻ തീരുമാനിച്ചിരുന്ന സമയം. സാമ്പത്തിക മേഖലയിലെ ബുദ്ധിമുട്ടുകൾ മൂലം ബഹ്‌റിൻ വിവിധ മേഖലകളിൽ നൽകിവരുന്ന സബ്‌സിഡികൾ വെട്ടിക്കുറയ്ക്കുകയാണ്. ഇതിനൊപ്പമാണ് മീറ്റ് സബ്‌സിഡിയും വെട്ടിക്കുറയ്ക്കാൻ തീരുമാനമുണ്ടായത്.

നാഷണൽ അസംബ്ലിയുടെ രണ്ട് ചേംബറുകളും ഈ വർഷത്തെ നാഷണൽ ബജറ്റ് അംഗീകരിച്ചിട്ടുണ്ട്. ലെജിസ്ലേറ്റർമാരുടെ നിർദ്ദേശത്തിന് ശേഷം മാത്രമേ സബ്‌സിഡി കട്ട് ചെയ്യുന്നത് നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ. അതേസമയം ഈ തീരുമാനം റദ്ദാക്കുകയോ വൈകുകയോ ചെയ്യില്ലെന്നാണ് ഇൻഫർമേഷൻ അഫയേഴ്‌സ് മിനിസ്റ്റർ ഇസ അൽ ഹമ്മദി വ്യക്തമാക്കുന്നത്. എണ്ണ വിലയിലെ ഇടിവ് രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ ഉണ്ടാക്കിയ ആഘാതത്തിൽ നിന്നും കരകയറുന്നതുവരെ സബ്‌സിഡികൾ വെട്ടിക്കുറയ്ക്കാനാണ് ബഹ്‌റിൻ ഗവൺമെന്റിന്റെ തീരുമാനം.