മെക്കയിലെ വിശുദ്ധ കഅബയിൽ അടിമുടി മാറ്റം വരുത്താനുദ്ദേശിക്കുകയാണ് സൗദി അറേബ്യ. എന്നാൽ, ഈ ആധുനിക വൽക്കരണം കഅബയുടെ വിശുദ്ധ പാരമ്പര്യം നഷ്ടപ്പെടുത്തുമെന്ന ആശങ്കകൾ ഇപ്പോൾത്തന്നെ പ്രബലമായിക്കഴിഞ്ഞു. പുതുക്കിപ്പണിയലിന്റെ വിവരങ്ങൾ അതീവരഹസ്യമായാണ് സൗദി കൈകാര്യം ചെയ്യുന്നത്.

പുതുക്കിപ്പണിയൽ സംബന്ധിച്ച് ഔദ്യോഗികമായി പ്രഖ്യാപനങ്ങളൊന്നും ഇതുവരെയുണ്ടായിട്ടില്ല. സൗദി പ്രവിശ്യാ ഭരണാധികാരികളോ സൗദി ഭരണകൂടമോ ഇതുസംബന്ധിച്ച് യാതൊന്നും പറഞ്ഞിട്ടില്ല. എന്നാൽ, ഇസ്ലാമിക് ഹെറിറ്റേജ് ഫൗണ്ടേഷൻ പുറത്തുവിട്ട വീഡിയോ ഇത്തരത്തിലൊരു പുതുക്കിപ്പണിയൽ നടക്കുന്നുണ്ടെന്ന സൂചന തരുന്നു.

കഅബയ്ക്ക് മേൽക്കൂര പണിയുന്നതുപോലെയാണ് ദൃശ്യങ്ങളിൽകാണുന്നത്. കഅബയിലെത്തുന്ന തീർത്ഥാടകരെ ചൂടിൽനിന്ന് സംരക്ഷിക്കുന്നതിനുവേണ്ടിയാണ് മേൽക്കൂര പണിയുന്നത്. എന്നാലിത് തീർത്ഥാടനത്തിന്റെ അന്തസ്സത്ത നശിപ്പിക്കുമെന്ന് അഭിപ്രായപ്പെടുന്നവരേറെയാണ്. മേൽക്കൂരയുടെ നിർമ്മാണം ഇതിനകം ആരംഭിച്ചതായാണ് സൂചന.2019-ഓടെ ഇത് പൂർത്തിയാകും.

മെക്കയിലെ ഗ്രാൻഡ് മോസ്‌കിന്റെ സുരക്ഷാവിഭാഗത്തിന്റെ തലവനായ മേജർ ജനറൽ മുഹമ്മദ് അൽ-അഹ്മദിയാണ് നിർമ്മാണത്തെക്കുറിച്ച് ആദ്യം സൂചനകൾ നൽകിയത്. ഇദ്ദേഹത്തെ ഉദ്ധരിച്ച് സൗദി മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടിരുന്നു. എന്നാൽ, ഹജ്ജിനും ഉംറയ്ക്കും പോകുന്ന തീർത്ഥാടകർക്ക് അതിന്റെ പവിത്രത നഷ്ടമാക്കുന്നതാണ് ഈ നിർമ്മാണമെന്ന് കരുതുന്നതായി ഇസ്ലാമിക് ഹെറിറ്റേജ് ഫൗണ്ടേഷന്റെ ഡയറക്ടർ ഡോ.ഇർഫാൻ അൽ അലാവി പറയുന്നു.

സ്വർഗത്തിൽനിന്ന് ദൈവത്തിന്റെ അനുഗ്രഹാശിസുകൾ നേരിട്ട് പതിക്കുമെന്നാണ് വിശ്വാസികൾ കരുതുന്നത്. കഅബയിൽ മേൽക്കൂര വരുന്നത് ആ വിശ്വാസത്തെയാണ് തകിടംമറിക്കുന്നത്. ഹോളിവുഡ് സിനികളിൽ കാണുന്നതുപോലൊരു പറക്കുംതളിക കഅബയ്ക്ക് മുകളിൽ വരുന്നതുപോലെയാണ് ഈ മേൽക്കൂര തോന്നിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

സൗദി ഭരണകൂടത്തിൽനിന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങളില്ലാതെ ഇത്തരം വലിയ നിർമ്മാണങ്ങൾ പതിവുള്ളതല്ല. എന്നാൽ, മെക്കയിലെയും മദീനയിലെയും നിർമ്മാണപ്രവർത്തനങ്ങൾ വിശ്വാസികളിൽ എതതിരഭിപ്രായമുണ്ടാക്കുമെന്ന ആശങ്ക ഭരണകൂടത്തിനുണ്ടെന്നാണ് വിലയിരുത്തൽ. അതുകൊണ്ടാണ് മേൽക്കൂര നിർമ്മാണത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണമില്ലാത്തതെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു.