തിരുവനന്തപുരം/കൊല്ലം: ഹൃദയചികിത്സാ രംഗത്ത് കേരളത്തിൽ ശ്രദ്ധേയമായ മെഡിട്രീന ആശുപത്രിയുടെ പ്രവർത്തനങ്ങൾ ഇനി ഹരിയാനയിലും. ഹരിയാന സർക്കാരുമായുള്ള സംയുക്ത സംരംഭമായി അംബാല കന്റോൺമെന്റ്, പാഞ്ച്കുല, ഫരീദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിലാണ് മെഡിട്രീന ആശുപത്രി കാർഡിയാക് കെയർ സെന്ററുകൾ ആരംഭിക്കുക. പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയിലാണു പദ്ധതി നടപ്പാക്കുന്നത്.

സൂപ്പർ സ്‌പെഷാലിറ്റി സെന്ററുകളായാണ് ഈ സർക്കാർ ആശുപത്രികളിലെ ഹൃദ്രോഗചികിത്സാ വിഭാഗത്തെ മെഡിട്രീന വികസിപ്പിക്കുക. 45 കോടി രൂപ ഇതിനായി ചെലവഴിക്കും. കെട്ടിട സൗകര്യങ്ങളും വൈദ്യുതിയും ജലവും ഹരിയാന സർക്കാർ നൽകും. കാത്ത് ലാബ് അടക്കം സൗകര്യങ്ങളൊരുക്കുന്നതും ഡോക്ടർമാരെയും ജീവനക്കാരെയും വിന്യസിക്കുന്നതും മെഡിട്രീനയാണ്.

ചെറുകിട-ഇടത്തരം നഗരങ്ങളിൽ അത്യാധുനിക ചികിത്സാ സംവിധാനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌പെഷാലിറ്റി ഇൻ ഹോസ്പിറ്റൽ മോഡൽ കാർഡിയാക് കെയർ സെന്ററുകൾ മെഡിട്രീന ഒരുക്കുന്നത്. സാധാരണക്കാർക്കു താങ്ങാവുന്ന വിധം സൂപ്പർ സ്‌പെഷാലിറ്റി ചികിത്സ ഒരുക്കുകയാണ് ലക്ഷ്യം. പ്രശസ്ത ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ്‌ഡോ. എൻ. പ്രതാപ് കുമാറാണ് മെഡിട്രീന ആശുപത്രിക്കു നേതൃത്വം നൽകുന്നത്. ഇഎസ്‌ഐകോർപ്പറേഷനുമായി സഹകരിച്ച് കൊല്ലത്തെ ഇഎസ്‌ഐസിഹോസ്പിറ്റലിൽഡോ. പ്രതാപ് കുമാറിന്റെ നേതൃത്വത്തിൽസ്ഥാപിച്ച കാർഡിയാക് സെന്റർരാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ സർക്കാർ-സ്വകാര്യമേഖലാ സംയുക്ത സംരംഭമാണ്.

ഹരിയാനയിൽ ആരംഭിക്കുന്ന കാർഡിയാക് കെയർ സെന്ററുകളിൽ ഓരോന്നിലുംമൂന്ന് ഫുൾടൈം കാർഡിയോളജി വിദഗ്ദ്ധർ, മൂന്ന് മെഡിക്കൽ ഓഫീസർമാർ, 25 സ്റ്റാഫ് നഴ്‌സുമാർ, അഡ്‌മിനിസ്‌ട്രേഷൻ സ്റ്റാഫ് എന്നിവരെയാണ് മെഡിട്രീന നിയോഗിക്കുന്നത്. ഡോ. പ്രതാപ് കുമാറിന്റെ വിദഗ്ദ്ധ സേവനവും ഈ സെന്ററുകളിൽ നിശ്ചിത ദിവസങ്ങളിൽ ലഭ്യമാകും. ഹരിയാനയിലെ സർക്കാർഹെൽത്ത്കാർഡ് ഉടമകൾക്കും ബിപിഎൽ വിഭാഗക്കാർക്കും സ്റ്റെന്റടക്കമുള്ള ആൻജിയോപ്ലാസ്റ്റി ചികിത്സ സൗജന്യമായി ലഭ്യമാക്കുന്നു എന്നതാണ് ഈ സംയുക്ത സംരംഭത്തിന്റെ ഏറ്റവും പ്രധാന സവിശേഷത. മറ്റുള്ളവർക്ക് കേവലം 50,000 രൂപയ്ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താനാകും. ഇതര സർക്കാർ ആശുപത്രികളിൽ ആൻജിയോപ്ലാസ്റ്റി ചികിത്സയ്ക്ക് വരുന്ന ചെലവിന്റെ 50 ശതമാനം മാത്രമേ വരൂഇത്. സാധാരണക്കാരായ 5,000 രോഗികൾക്കെങ്കിലും ആദ്യവർഷം ഈ സേവനം പ്രയോജനപ്പെടുത്താൻ കഴിയുമെന്നാണ് കരുതുന്നതെന്നും ഡോ. പ്രതാപ് കുമാർ പറഞ്ഞു.