ന്യൂഡൽഹി: കേരളത്തിലെ കോടതികളിലെ മാദ്ധ്യമവിലക്കുമായി ബന്ധപ്പെട്ട കേസുകൾ എത്രയും വേഗം തീർപ്പാക്കാൻ സുപ്രീംകോടതി നിർദ്ദേശം. കേസുകൾ തീർപ്പാക്കുന്നതിന് ഹൈക്കോടതിയെ ചുമതലപ്പെടുത്തണമെന്ന് രജിസ്ട്രാർ ആവശ്യപ്പെട്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന്റെ ആവശ്യമില്ലെന്ന് സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

ഇപ്പോഴത്തെ കേസിൽ ഹൈക്കോടതിയുടെ തീരുമാനം വന്ന ശേഷം ഇടപെടാമെന്ന് ചീഫ് ജസറ്റിസ് ടി.എസ്.താക്കൂർ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസ് നീട്ടിക്കൊണ്ടു പോകുന്നതിൽ അതൃപ്തി രേഖപ്പെടുത്തിയ ഡിവിഷൻ ബെഞ്ച് പ്രശ്‌നങ്ങൾ പരിഹരിക്കാൻ വേണ്ട എല്ലാ നടപടികളും സ്വീകരിക്കാനും നിർദേശിച്ചിട്ടുണ്ട്.

പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതപ്പെടുത്തിയാൽ മതിയാവുമെന്നും ഹൈക്കോടതി കേസ് പരിഹരിച്ച ശേഷം ആവശ്യമായ നിർദ്ദേശങ്ങൾ നൽകാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കാൻ ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് മന്ദഗതിയിലുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് കേരള പത്രപ്രവർത്തക യൂണിയന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. കേസ് ജനുവരി രണ്ടാം വാരം വീണ്ടും പരിഗണിക്കും.

ഹൈക്കോടതിയിലെ മീഡിയാ റൂം തുറക്കണമെന്നും മാദ്ധ്യമ പ്രവർത്തകരെ കോടതികളിൽ വാർത്ത റിപ്പോർട്ട് ചെയ്യാൻ അനുവദിക്കണമെന്നുമാണ് പത്രപ്രവർത്തക യൂണിയന്റെ ആവശ്യം. ഹൈക്കോടതിയിലെ സർക്കാർ പ്‌ളീഡർ ധനേഷ് മാത്യൂ മാഞ്ഞൂരാൻ യുവതിയെ കയറിപ്പിടിച്ചുവെന്ന കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് അഭിഭാഷകരും മാദ്ധ്യമ പ്രവർത്തകരും തമ്മിൽ സംഘർഷം തുടങ്ങുകയും അത് സംസ്ഥാനത്തെ കോടതികളിൽ രൂക്ഷമായ വിഷയമായി മാറുകയുമായിരുന്നു.