- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ ഗെയിംസിനു പത്തു കോടി നൽകിയ സംഭവം; പത്രങ്ങളും ചാനലുകളും തിരുവഞ്ചൂരിന്റെ വാർത്താ സമ്മേളനം ബഹിഷ്‌കരിച്ചു; സ്വന്തം പേരു പറയാതെ മന്ത്രിയുടെ പേരിൽ വിശദീകരണവുമായി മനോരമയുടെ തടി തപ്പൽ
തിരു: ദേശീയ ഗെയിംസിന്റെ പ്രചാരണത്തിനായി നടത്തുന്ന 'റൺ കേരള റൺ' കൂട്ടയോട്ടത്തിന്റെപേരിൽ 'മലയാള മനോരമ'യ്ക്ക് 10.61 കോടി രൂപയുടെ കരാർ നൽകിയതിൽ പ്രതിഷേധം ശക്തം. സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മലയാളത്തിലെ മറ്റ് പ്രധാന മാദ്ധ്യമങ്ങൾ ബഹിഷ്‌കരണം തുടങ്ങി. ഇതിന്റെ ഭാഗമായി കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ വിളിച്ച വാർത്താസമ്മേളനം മാദ്ധ്യമങ
തിരു: ദേശീയ ഗെയിംസിന്റെ പ്രചാരണത്തിനായി നടത്തുന്ന 'റൺ കേരള റൺ' കൂട്ടയോട്ടത്തിന്റെപേരിൽ 'മലയാള മനോരമ'യ്ക്ക് 10.61 കോടി രൂപയുടെ കരാർ നൽകിയതിൽ പ്രതിഷേധം ശക്തം. സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മലയാളത്തിലെ മറ്റ് പ്രധാന മാദ്ധ്യമങ്ങൾ ബഹിഷ്‌കരണം തുടങ്ങി. ഇതിന്റെ ഭാഗമായി കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ വിളിച്ച വാർത്താസമ്മേളനം മാദ്ധ്യമങ്ങൾ ബഹിഷ്‌കരിച്ചു. റിപ്പോർട്ടർ ടിവി, ഏഷ്യാനെറ്റ് ന്യൂസ്, ഇന്ത്യാവിഷൻ, മാതൃഭൂമി ന്യൂസ് തുടങ്ങിയ ദൃശ്യമാദ്ധ്യമങ്ങളും കേരള കൗമുദി, മാദ്ധ്യമം, മാതൃഭൂമി, ദീപിക തുടങ്ങിയ പത്രങ്ങളും മന്ത്രിയുടെ വാർത്താസമ്മേളനത്തിന് എത്തിയില്ല.
ഒരുകോടി പേരെ പങ്കെടുപ്പിച്ച് സംസ്ഥാനത്തെ 7000 കേന്ദ്രങ്ങളിൽ കൂട്ടയോട്ടം സംഘടിപ്പിക്കാനാണ് മനോരമയ്ക്ക് കരാർ നൽകിയത്. വാർത്തയും പരസ്യവും നൽകി പരിപാടി വിജയമാക്കാനെന്ന പേരിലാണ് കോടികൾ നൽകുന്നത്. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജനകീയപിന്തുണയോടെ സംഘടിപ്പിക്കാവുന്ന കൂട്ടയോട്ടത്തിന്റെ സംഘാടനത്തിന് മനോരമയെ കണ്ടെത്തിയതാണ് വിവാദമാകുന്നത്. രാഷ്ട്രീയ വിവാദങ്ങളിൽ സർക്കാരിന് പിന്തുണയ്ക്കുന്നതിനാണ് മനോരമയ്ക്ക് പണം നൽകിയതെന്ന ആക്ഷേപവും ശക്തമാണ്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ തന്നെ ഇക്കാര്യം ഉന്നയിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് മാദ്ധ്യമങ്ങളും മന്ത്രിയുടെ വാർത്താ സമ്മേളനം ബഹിഷ്‌കരിച്ചത്.
ടെൻഡറിൽ കുറഞ്ഞ തുക ക്വോട്ട് ചെയ്തുകൊണ്ടാണ് മനോരമയ്ക്ക് കരാർ നൽകിയതെന്നാണ് മന്ത്രിയുടെ ന്യായീകരണം. എന്നാൽ, ജനകീയ പങ്കാളിത്തത്തോടെ നടത്തേണ്ട ദേശീയ ഗെയിംസിന്റെ പ്രചാരണപരിപാടി സ്വകാര്യ മാദ്ധ്യമസ്ഥാപനത്തെ ഏൽപ്പിക്കുന്നതെന്തിനെന്ന ചോദ്യവും പ്രസക്തമാണ്. സ്പോർട്സ് കൗൺസിൽ പോലുള്ള ഏജൻസികളെ കരാർ ഏൽപ്പിക്കണമായിരുന്നു എന്നായിരുന്നു നിർദ്ദേശങ്ങൾ. ഇതെല്ലാം അവഗണിച്ചാണ് മനോരമയെ കൂട്ടയോട്ട നടത്തിപ്പ് ഏൽപ്പിച്ചത്.
ദേശീയ ഗെയിംസ് സെക്രട്ടറിയറ്റ് സംഘടിപ്പിക്കുന്ന കൂട്ടയോട്ടത്തിന്റെ മറ്റ് മാദ്ധ്യമങ്ങളുടെ എതിർപ്പ് അവഗണിച്ചാണ് മനോരമയ്ക്ക ്കരാർ നൽകിയത്. പ്രതിഷേധങ്ങൾ കണക്കിലെടുക്കേണ്ടെന്ന സർക്കാർ നിർദ്ദേശത്തെത്തുടർന്നാണ് കരാർ ഉറപ്പിച്ചത്. കഴിഞ്ഞ 16ന് ചേർന്ന ഗെയിംസ് പബ്ലിസിറ്റി കമ്മിറ്റിയുടെ കോർ ഗ്രൂപ്പ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തർക്കമുണ്ടായത്. കൂട്ടയോട്ടത്തിന് പശ്ചാത്തലമൊരുക്കാൻ 4.49 കോടിരൂപയും പ്രചാരണത്തിന് 6.12 കോടിയുമാണ് നീക്കിവച്ചിരിക്കുന്നത്. മറ്റ് മാദ്ധ്യമങ്ങൾക്ക് പരസ്യം നൽകാനുള്ള തുകയും ഇതിൽപ്പെടുമെങ്കിലും അതിലും ഉയർന്നവിഹിതം മനോരമയ്ക്ക് ലഭിക്കും.
മനോരമയുടെ 11 യൂണിറ്റുകളിലെ ഡിവിഷണൽ മേധാവികളുടെ നേതൃത്വത്തിലുള്ള ജില്ലാതല സമിതികളാണ് കൂട്ടയോട്ടം ആസൂത്രണം ചെയ്ത് വിജയിപ്പിക്കുമെന്നാണ് പ്രോജക്ട് റിപ്പോർട്ട്. കാസർകോട്, വയനാട്, ഇടുക്കി ജില്ലകൾ സമീപ യൂണിറ്റിന്റെ കീഴിലായിരിക്കും കൂട്ടയോട്ടം നടത്തുക. ജില്ലാതല സിമിതിയുടെ കീഴിൽ നാലുമുതൽ എട്ടുവരെ സോണുകൾ പ്രവർത്തിക്കും. ഇതിന്റെ ചുമതല പത്രത്തിന്റെ സർക്കുലേഷൻ ഇൻസ്‌പെക്ടർമാർക്കും പ്രാദേശികലേഖകർക്കുമാണ്. പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയതിനുമാത്രം രണ്ടു കോടിയാണ് നൽകുന്നത്.
അതിനിടെ റൺ കേരള റൺ നടത്തിപ്പുചുമതല മലയാള മനോരമയുടെ ആഭിമുഖ്യത്തിലുള്ള ജംക്ഷൻ കെയ്ക്കു നൽകിയത് നിയമങ്ങളും ചട്ടങ്ങളും പൂർണമായി പാലിച്ചു പരസ്യ ടെൻഡറിലൂടെയായിരുന്നെന്നു മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ വിശദീകരിച്ചു. പരസ്യ ടെൻഡർ ഓഗസ്റ്റ് 25നു പ്രമുഖ മാദ്ധ്യമങ്ങളിലും ദേശീയ ഗെയിംസ് വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിരുന്നു. മൂന്നുതവണ തീയതി നീട്ടി നൽകി.
ആദ്യ ടെൻഡറിൽ അഞ്ചു കമ്പനികൾ പങ്കെടുത്തിരുന്നു. സർക്കാർ പരിപാടിയുടെ രൂപരേഖ വിശദീകരിച്ചതിനുശേഷം അന്തിമ ടെൻഡറിൽ ജംക്ഷൻ കെയും മറ്റൊരു ഏജൻസിയും മാത്രമാണു യോഗ്യത നേടി എത്തിയത്. ജംക്ഷൻ കെ 10.6 കോടി രൂപ ആവശ്യപ്പെടുകയും നിബന്ധനകൾ അംഗീകരിക്കുകയും ചെയ്തു. മറ്റേ കമ്പനി അതിന്റെ ഇരട്ടിയിലേറെയായ 22.5 കോടിയാണ് ആവശ്യപ്പെട്ടത്. കുറഞ്ഞ തുക ആവശ്യപ്പെട്ട ജംക്ഷൻ കെയ്ക്ക് നവംബർ 20നാണു കരാർ നൽകിയത്.
ദീപശിഖാ റാലി, മൈനർ ആക്ടിവേഷൻ തുടങ്ങിയ പരിപാടികളുടെ ടെൻഡറുകളിലും ജംക്ഷൻ കെ പങ്കെടുത്തെങ്കിലും മറ്റു സ്ഥാപനങ്ങളെക്കാൾ കൂടുതൽ തുക ടെൻഡറിൽ രേഖപ്പെടുത്തിയതിനാൽ അവരെ ഒഴിവാക്കി. മൂന്നു മാസത്തെ സമയമെടുത്താണു ടെൻഡർ നടപടികൾ പൂർത്തിയാക്കിയത്. അപ്പോഴൊന്നും ആരും അവകാശവാദവുമായി എത്തിയിട്ടില്ല. ടെൻഡർ കരാർപ്രകാരം പരിപാടി സംഘടിപ്പിക്കുന്നതിനും വിവിധ മാദ്ധ്യമങ്ങളിലെ പരസ്യപ്രചാരണത്തിനും ഉൾപ്പെടെയുള്ള തുകയാണു 10.6 കോടി രൂപ. ഇതിൽ പകുതിയും പല മാദ്ധ്യമങ്ങളിൽ പരസ്യം നൽകാനുള്ള തുകയാണ്.
ദേശീയ ഗെയിംസിന്റെ ചട്ടങ്ങൾപ്രകാരമാണു മാദ്ധ്യമങ്ങളിൽ പരസ്യം നൽകുക. ഇതിനു സർക്കാർ നിരക്കാണ് എല്ലാ മാദ്ധ്യമങ്ങൾക്കും നൽകുക. ടെൻഡർ നടപടികൾ ഉൾപ്പെടെ വിവരങ്ങളെല്ലാം ദേശീയ ഗെയിംസിന്റെ വെബ്‌സൈറ്റിലുണ്ടെന്നും ആർക്കു വേണമെങ്കിലും പരിശോധിക്കാമെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. വിസ്‌ക്രാഫ്റ്റ്, ബെന്നറ്റ് കോൾമാൻ (ടൈംസ് ഓഫ് ഇന്ത്യ), പർസെപ്റ്റ്, ഇംപ്രസാരിയോ തുടങ്ങിയ കമ്പനികളും വിവിധ ടെൻഡറുകളിൽ പങ്കെടുത്തു.
ഒരു പത്രസ്ഥാപനത്തിനു പത്തു കോടിയിലേറെ രൂപ നൽകാനുള്ള സർക്കാർതീരുമാനം ദുരൂഹമാണെന്ന പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം. ദേശീയ ഗെയിംസിനു മുന്നോടിയായി 20നു നടക്കുന്ന റൺ കേരള റൺ രാജ്യാന്തരശ്രദ്ധ പിടിച്ചുപറ്റുമെന്നു തിരുവഞ്ചൂർ പറഞ്ഞു. സച്ചിൻ തെൻഡുൽക്കർ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കുന്ന പരിപാടിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു. മുഴുവൻ കേരളീയരെയും പങ്കെടുപ്പിക്കാനാണു സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.