മോദി സർക്കാരിന്റെ മാധ്യമ നിയന്ത്രണങ്ങൾക്കെതിരേ അന്ന് എംപിയായിരുന്നപ്പോൾ പ്രതികരിച്ചു; എം.ബി രാജേഷ് സ്പീക്കറായപ്പോൾ ഇന്ന് നിയമസഭയിലും നിയന്ത്രണം; നിലപാടിലെ വൈരുദ്ധ്യത്തിൽ വിമർശനം; നിയമസഭയിൽ മാധ്യമവിലക്കില്ലെന്ന് പ്രതികരണം
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡൽഹി: സംസ്ഥാന നിയമസഭയിൽ മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പാർലമെന്റിൽ നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കിയ നിയന്ത്രണങ്ങൾക്ക് സമാനമാണെന്നും അന്ന് എം പി ആയിരിക്കെ പ്രതിരോധിച്ച എം ബി രാജേഷ് സ്പീക്കറായപ്പോൾ നിലപാടിൽ മാറ്റം വന്നെന്നും വിമർശനം. പാർലമെന്റിലെ പ്രതിഷേധങ്ങളും മറ്റും ലോക്സഭാ, രാജ്യസഭാ ടി.വികൾ കാണിക്കാൻ പാടില്ലെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചതിന് സമാനമാണ് കേരള നിയമസഭയിലെ നിയന്ത്രണങ്ങളെന്നാണ് വിമർശനം.
നിലവിലെ കേരള സ്പീക്കർ എം.ബി രാജേഷ് അന്ന് എംപിയായിരുന്നപ്പോൾ മോദി സർക്കാരിന്റെ മാധ്യമ നിയന്ത്രണങ്ങൾക്കെതിരേ നിലപാടെടുത്തിരുന്നു. കടുത്ത പ്രതിഷേധം ഉയർത്തുകയും ചെയ്തിരുന്നു. എന്നാൽ അദ്ദേഹം ഇന്ന് നിയമസഭാ സ്പീക്കർ ആയിരിക്കുമ്പോഴാണ് കടുത്ത മാധ്യമ നിയന്തണം ഏർപ്പെടുത്തിയിരിക്കുന്നത്.
തിങ്കളാഴ്ച നിയമസഭാ സമ്മേളനം തുടങ്ങിയപ്പോഴാണ് മാധ്യമങ്ങൾക്ക് സർക്കാർ അതി ശക്തമായ നിയന്ത്രണം ഏർപ്പെടുത്തിയത്. പ്രതിപക്ഷ പ്രതിഷേധം പുറത്തുവരാതിരിക്കാനാണ് ഇത്തരമൊരു നടപടിയെന്നായിരുന്നു ഇതിനെതിരേ ഉയർന്നുവന്ന ആരോപണം. നിയമസഭാ സമുച്ചയത്തിൽ പ്രവേശിക്കുന്നതിന് പാസ് കാണിക്കണമെന്നത് കാലങ്ങളായുള്ള കീഴ്വഴക്കമായിരുന്നു.
എന്നാൽ, സഭാ നടപടികൾ റിപ്പോർട്ട് ചെയ്യാൻ മീഡിയാ റൂമിൽ മാത്രം ഇരിക്കണമെന്നതാണ് പുതിയ സാഹചര്യം. ഇവിടെ നിന്ന് ക്യാന്റീനിലേക്കോ പ്രതിപക്ഷ നേതാവിന്റെ ഓഫീസിലേക്കോ മറ്റ് മന്ത്രിമാരുടെ ഓഫീസുകളിലേക്കോ പോകുന്നതിനും വിലക്കുണ്ട്. ചായ കുടിക്കാനുൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് പുറത്തേക്ക് പോകുന്നതിന് അടക്കം വാച്ച് ആൻഡ് വാർഡിന്റെ നിയന്ത്രണമുണ്ട്
സാധാരണഗതിയിൽ സഭ നിർത്തിവച്ചാൽ അതിന്റെ അനുരഞ്ജന ചർച്ചകൾ നടക്കുക സ്പീക്കറുടെ ഓഫീസിലാണ്. ചർച്ചയ്ക്കായി ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഇവിടേക്ക് എത്തുകയാണ് പതിവ്. ഇത്തരം സാഹചര്യങ്ങളിൽ മാധ്യമപ്രവർത്തകർക്ക് ഇവിടെയെത്താൻ അവസരം നൽകാറുണ്ട്. എന്നാൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ കാരണം മീഡിയ റൂമിൽ മാത്രമാണ് മാധ്യമപ്രവർത്തകർക്ക് ഇരിക്കാൻ കഴിയുന്നത്.
തിങ്കളാഴ്ച സഭ ആരംഭിച്ച ഉടനെ പ്രതിപക്ഷം ചോദ്യോത്തര വേളയിൽ തന്നെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. സഭ ടി.വിയിൽ ഇതിന്റെ ദൃശ്യങ്ങൾ കാണിച്ചില്ല. ഭരണപക്ഷ അംഗങ്ങളുടെ ദൃശ്യങ്ങൾ മാത്രമാണ് സംപ്രേഷണം ചെയ്തത്. പ്രതിപക്ഷ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യരുതെന്ന് സഭ ടി.വിക്ക് വാക്കാൽ നിർദേശവും നൽകിയിരുന്നു.
എന്നാൽ സഭയിൽ മാധ്യമ വിലക്കില്ലെന്നും മാധ്യമങ്ങളെ സഭയിൽ പ്രവേശിപ്പിക്കുന്നില്ലെയെന്നുമുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് സ്പീക്കർ എം.ബി രാജേഷ് പറഞ്ഞു. നിയഭസഭയിലെ ഒരു പ്രതിഷേധവും സഭാ ടി.വിയിൽ ഇതുവരെ കാണിച്ചിട്ടില്ല. സഭാ നടപടികൾ കാണിക്കുകയെന്നതാണ് സഭാ ടി.വിയുടെ രീതിയെന്നും സ്പീക്കർ പറഞ്ഞു.
ജീവനക്കാരുടെ ഉൾപ്പെടെ പാസ് പരിശോധിക്കാൻ വാച്ച് ആൻഡ് വാർഡിന് നിർദ്ദേശം നൽകിയിരുന്നു. അവർ പരിശോധന കർക്കശമാക്കിയതാണ് മാധ്യമപ്രവർത്തകർക്ക് ചില ബുദ്ധിമുട്ടുകളുണ്ടാക്കിയത്. ആ ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ പരിഹരിക്കാൻ ഇടപെട്ടു. രാവിലെ താത്കാലത്തേക്ക് ഉണ്ടായ ആ ബുദ്ധിമുട്ടിനെ മാധ്യമവിലക്കെന്ന് ചിത്രീകരിച്ചത് കടന്നുപോയെന്നും സ്പീക്കർ പറഞ്ഞു. മന്ത്രിമാരുടെയും സ്പീക്കറുടെയും പ്രതിപക്ഷ നേതാവിന്റെയും ഓഫീസുകളിൽ പോകാൻ പാസുള്ള ഒരു മാധ്യമപ്രവർത്തകനും തടസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാധ്യമങ്ങളെ നിയമസഭയിൽ പ്രവേശിപ്പിക്കുന്നില്ലെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. പാസുള്ള എല്ലാവരെയും പ്രവേശിപ്പിച്ചിട്ടുണ്ട്. നേരത്തെ എവിടെയെല്ലാം പോകാൻ സ്വാതന്ത്ര്യമുണ്ടോ അതുണ്ടായിരിക്കും. ക്യാമറ ക്രൂവിന് മീഡിയ റൂം വരെ പ്രവേശിപ്പിക്കൂ. അത് ഇന്ന് ഏർപ്പെടുത്തിയ നിയന്ത്രണമല്ലെന്നും സ്പീക്കർ പറഞ്ഞു.
മാധ്യമവിലക്ക് എന്ന് പറഞ്ഞ് ആർക്കെങ്കിലും പാസ് അനുവാദിക്കാതിരുന്നിട്ടുണ്ടോ? മാധ്യമപ്രവർത്തകരുടെ പാസ് പുതുക്കാനുള്ള എല്ലാ അപേക്ഷയും പുതുക്കി നൽകിയിട്ടുണ്ട്. ചിലർ പുതുക്കാൻ അപേക്ഷിച്ചിട്ടില്ല. തത്കാലം പഴയ പാസാണെങ്കിലും പ്രവേശിപ്പിക്കാൻ നിർദ്ദേശം നൽകിയിരുന്നു എന്നിട്ടാണ് മാധ്യമവിലക്കെന്ന് വാർത്ത നൽകിയത്.
പാസ് ഇന്ന് കർശനമായി ചോദിച്ചുട്ടുണ്ടാകും. മുഖംപരിചയം ഉണ്ടെങ്കിൽ പാസ് ചോദിക്കാതെ വിടുന്ന പതിവുണ്ട്. കർശനമായി ചോദിച്ചതിൽ മാധ്യമപ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടായി കാണും. പാസ് ചോദിക്കാൻ പാടില്ലെന്ന ശാഠ്യം വേണ്ട, പാസ് ചോദിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.
സഭാ നടപടികൾ ലഭ്യമാക്കുന്നത് സഭാ ടി വി വഴിയാണ്. ചാനൽ ക്യാമറ എല്ലായിടത്തും വേണമെന്ന് പറയുന്നത് ദുരൂഹമാണ്. ക്യാമറയ്ക്ക് എപ്പോഴും മീഡിയ റൂമിൽ മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളു. പാസ് അനുവദിച്ച എല്ലാ മാധ്യമപ്രവർത്തകരെയും ഇന്ന് നിയമസഭയിൽ പ്രവേശിപ്പിച്ചു. മാധ്യമ പ്രവർത്തകർക്ക് എന്ത് ചട്ട ലംഘനവും നടത്താവുന്ന ലൈസൻസ് ഉണ്ടെന്ന് കരുതരുത്.എം എൽ എ ഹോസ്റ്റലിലും നിയന്ത്രണം വേണം.
ഭരണ പക്ഷത്തേയും പ്രതിപക്ഷത്തേയും പ്രതിഷേധം ഇന്ന് കാണിച്ചിട്ടില്ല. സഭ ടി വി സഭയിലെ ലിസ്റ്റ് ചെയ്ത നടപടി കാണിക്കാനാണ്. സഭാ ടി വി പ്രവർത്തിക്കുന്നത് ലോക്സഭ ടി വി , രാജ്യസഭ ടി വി മാതൃകയിലാണ്. ചോദ്യോത്തര വേളയിൽ ചാനൽ ക്യാമറ അനുവദിക്കില്ല. സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യേണ്ട പലതും പുറത്തു പോകും. പ്രതിപക്ഷ നേതാവ് മൈക്ക് ആവശ്യപ്പെട്ടിട്ടില്ല, അതുകൊണ്ട് അദ്ദേഹത്തെ സഭാ ടിവിയിൽ കാണിച്ചില്ല. പാർലമെന്റിൽ തുടരുന്നതാണ് നിയമസഭയിലും തുടരുന്നത്. പെരുമാറ്റച്ചട്ടം 10 - പേജ് 148 - ( സഭയിൽ ബാഡ്ജും പ്ലക്കാർഡും ) പ്രദർശിപ്പിക്കാനാകില്ല എല്ലാ ദൃശ്യങ്ങളും കാണിക്കണമെന്ന മാധ്യമ സമ്മർദ്ദം നടപ്പാക്കാൻ സഭാ ചട്ടം അനുവദിക്കുന്നില്ല.
ചട്ട ലംഘനത്തിന് സഭാ അധ്യക്ഷന് കൂട്ടുനിൽക്കാനാകില്ല. മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ഗൗരവതരമാണ്. അത് സഭയുടെ പ്രിവിലേജിനെ ബാധിക്കും. പ്രസ് ഗ്യാലറിയിൽ നിന്ന് പകർത്തിയതായും പരാതി കിട്ടിയിട്ടുണ്ട്. അക്കാര്യം അന്വേഷിച്ച് നടപടിയെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സഭാ അംഗങ്ങൾ സഭയ്ക്കകത്ത് മൊബൈൽ ഉപയോഗിക്കാൻ പാടില്ലെന്നാണ് ചട്ടമെന്നും എം ബി രാജേഷ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ