ദോഹ: ഖത്തർ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രവാസികൾക്കായി കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന മൂന്നാമത് കായികമേള 'എക്‌സ്പാറ്റ് സ്‌പോട്ടീവ് 2019' ലേക്കുള്ള ടീം രജിസ്‌ട്രേഷൻ ആരംഭിച്ചതായി കൾച്ചറൽ ഫോറം ഭാഭാരവാഹികൾ അറിയിച്ചു. ഫെബ്രുവരി രണ്ടാം വാരം നടക്കുന്ന മത്സരം മൂന്ന് വിഭാഗങ്ങളിലായാണ് നടക്കുക.

ഗ്രൂപ്പ് എ: 20 മുതൽ 30 വയസ്സ് വരെയുള്ളവർ, ഗ്രൂപ്പ് ബി: 30 വയസ്സിന് മുകളിലുള്ളവർ, ഗ്രൂപ്പ് സി: വനിത എന്നിങ്ങനെ 3 വിഭാഗങ്ങളിലാണ് മൽസരം. 20 വയസ്സിന് മുകളിലുള്ള വനിതകൾക്കാണ് മൽസരങ്ങളിൽ പങ്കെടുക്കാവുന്നത്.

ഗ്രൂപ്പ് എ വിഭാഗത്തിൽ ഓട്ടം 100, 200, 1500 മീറ്റർ, 4×100 മീറ്റർ റിലെ, ലോങ്ങ്ജംബ്, ഹൈജംബ്, എന്നീ മത്സരങ്ങളും ഗ്രൂപ്പ് ബി വിഭാഗത്തിൽ 100, 200, 800 മീറ്റർ ഓട്ടം, 4×100 മീറ്റർ റിലെ, ജാവലിൻ, ഷോട്പുട്ട്, ആംറസലിങ്ങ് എബൗ എയ്റ്റി, ബിലോ എയ്റ്റിഎന്നീ മത്സരങ്ങളുമാണ് ഉണ്ടാവുക. വനിതകൾക്കായി (ഗ്രൂപ്പ് സി) 100 മീറ്റർ ഓട്ടം, 200 മീറ്റർ ഓട്ടം, 4×100 മീറ്റർ റിലെ, ലോങ്ങ്ജംബ്, കമ്പവലി, ജാവലിൻ, ഷോട്പുട്ട്, ആംറസലിങ്ങ് എബൗ എയ്റ്റി, ബിലോ എയ്റ്റി എന്നീ മത്സരങ്ങളും നടക്കും.

വോളീബോൾ, ബാഡ്മിന്റൺ (ഡബിൾസ്), കമ്പവലി, പെനാൽറ്റി ഷൂട്ടൗട്ട് എന്നീ മത്സരങ്ങളും 'എക്‌സ്പാന്റ് സ്‌പോട്ടീവി'ന്റെ ഭാഗമായി നടക്കും. മൽസരത്തിൽ പങ്കെടുക്കുന്നവർക്ക് ഖത്തർ ഐഡി നിർബന്ധമായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.

രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 66931871/50853891 എന്നീ നമ്പറുകളിലോ expatssportev@gmail.com എന്ന ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാം. കഴിഞ്ഞ വർഷം ഖത്തർ സ്പോർട്സ് ക്ലബ്, അൽ സദ്ദ് സ്പോർട്സ് ക്ലബ്, ശാന്തി നികേതൻ ഇന്ത്യൻ സ്‌കൂൾ , ഹമദ് അക്വാറ്റിക് സെന്റർ എന്നിവിടങ്ങളിലായാണ് മൽസരങ്ങൾ നടന്നത്.

ആലോചന യോഗത്തിൽ കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ് അധ്യക്ഷത വഹിച്ചു . സ്പോർട്ടീവ് ജനറൽ കൺവീനർ തസീൻ അമീൻ പരിപാടികൾ വിശദീകരിച്ചു .
ജനറൽ സെക്രട്ടറിമാരായ സാദിഖലി സി , മജീദലി , സെക്രട്ടറിമാരായ മുഹമ്മദ് കുഞ്ഞി , അലവിക്കുട്ടി , സജ്ന സാക്കി , ആബിദ , റുബീന എന്നിവർ സംസാരിച്ചു .