- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'പണം ഇന്നയച്ചാലേ എനിക്ക് ഉറങ്ങാൻ കഴിയൂ,,,എന്റെ പേര് ആരോടും വെളിപ്പെടുത്തരുത്': ബാങ്ക് ഉദ്യോഗസ്ഥരോട് ഇങ്ങനെ ചട്ടം കെട്ടിയെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം നൽകിയ ബീഡി തൊഴിലാളിയെ കണ്ടെത്തി; തോട്ടട അവേര സ്വദേശി ജനാർദ്ദനൻ പറഞ്ഞത് ഇങ്ങനെ
കണ്ണൂർ: കണ്ണൂരിൽ ബീഡി തൊഴിലാളിയായ ഒരാൾ തന്റെ അക്കൗണ്ടിലുണ്ടായിരുന്ന 200850 രൂപയിൽ നിന്ന് രണ്ട് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് ഈ പ്രതിസന്ധി ഘട്ടത്തിൽ നാടിന്റെ നന്മ പ്രസരിപ്പിക്കുന്ന വാർത്തയായിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ എടുത്ത് പറയുകയും ചെയ്തു. ആ പണം അയച്ചയാൾ വെറുമൊരു ബീഡി തൊഴിലാളിയാണ്. പിന്നീട് ഒരു ആവശ്യത്തിന് ഈ സമ്പാദ്യം മുഴുവൻ നൽകിയാൽ എന്ത് ചെയ്യുമെന്നതിനും അദ്ദേഹത്തിന് മറുപടിയുണ്ടായിരുന്നു. തനിക്കൊരു ജോലിയുണ്ടെന്നും, ഭിന്നശേഷിക്കാരുടെ പെൻഷനുണ്ടെന്നും അദ്ദേഹം മറുപടി നൽകിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. രണ്ട് ലക്ഷം രൂപ സംഭാവന ചെയ്ത് പേര് വെളിപ്പെടുത്താതിരുന്ന ബീഡി തൊഴിലാളിയെ ഒടുവിൽ മാധ്യമ പ്രവർത്തകർ കണ്ടെത്തി.
തോട്ടട അവേര സ്വദേശിയും ബീഡി തൊഴിലാളിയുമായ ജനാർദ്ദനനാണ് കാരുണ്യത്തിന്റെ പ്രതിരൂപമായി മാറിയ ആ മനുഷ്യൻ. കഴിഞ്ഞ ദിവസമാണ് കേരള ബാങ്ക് കണ്ണൂർ ശാഖയിൽ വയോധികനും ഭിന്നശേഷിക്കാരനുമായ ഇയാളെത്തിയത്.തന്റെ അക്കൗണ്ടിൽ എത്ര പണമുണ്ടെന്ന് അന്വേഷിച്ചു. 2,008 50 രൂപയുണ്ടെന്ന് ബാങ്ക് ജീവനക്കാർ പറഞ്ഞതോടെ അതിൽ രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ പറയുകയായിരുന്നു അക്കൗണ്ടിൽ ബാക്കിയായി 850 രൂപ മാത്രമേ ഉണ്ടാകുകയുള്ളുവെന്ന് ബാങ്ക് ജീവനക്കാർ പറഞ്ഞപ്പോൾ സാരമില്ല താൻ ബീഡി തൊഴിലാളിയാണ് ആഴ്ചയിൽ ആയിരം രൂപയോളം വരുമാനം ലഭിക്കുന്നുണ്ട്. ജിവിക്കാൻ അതു മതിയെന്ന മറുപടിയാണ് നൽകിയത്.
രണ്ട് ലക്ഷം രൂപ സംഭാവന ചെയ്ത ശേഷം തന്റെ പേരോ വിലാസമോ വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ മടങ്ങിയത്. എന്നാൽ തിങ്കളാഴ്ച്ച രാവിലെ ഒരു സ്വകാര്യ ചാനൽ ഈ മനുഷ്യനെ കണ്ടെത്തി ചാനലുകാരെ കണ്ടതോടെ വീടിനകത്തേക്ക് ഓടിക്കയറിയെങ്കിലും ചാനലുകാരുടെ നിർബന്ധത്തിന് വഴങ്ങി അഭിമുഖം നൽകാൻ തയ്യാറാവുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാക്സിനേഷൻ ചാലഞ്ചിൽ പങ്കാളിയായാണ് താൻ പണം നൽകിയതെന്ന് ജനാർദ്ദനൻ പറഞ്ഞു.
കേന്ദ്ര സർക്കാർ വാക്സിന് പണമീടാക്കി മുഖ്യമന്ത്രിയെ വെട്ടിലാക്കാനാണ് ശ്രമിച്ചത്. അതോടെയാണ് പണം നൽകണമെന്ന് തീരുമാനിച്ചത്. ഞാനൊരു യഥാർത്ഥ കമ്യുണിസ്റ്റാണ്...നുറുശതമാനം കമ്യുണിസ്റ്റായിട്ടില്ല...അമ്പതു ശതമാനമേ ആയിട്ടുള്ളു. സ്വന്തം ജീവൻ പാർട്ടിക്ക് ദാനം ചെയ്യുമ്പോഴെ ഒരാൾ നൂറ് ശതമാനം കമ്യുണിസ്റ്റാകുകയുള്ളു. അതിനുള്ള അവസരം തനിക്ക് ലഭിച്ചിട്ടില്ല. പാർട്ടിക്കായി ജീവൻ കൊടുക്കാനും താൻ തയ്യാറാണെന്ന് ജനാർദ്ദനൻ പറഞ്ഞു.
35 വർഷം ദിനേശ് ബീഡി കമ്പനിയിൽ ജോലി ചെയ്തു. പത്ത് വർഷമായി വീട്ടിൽ നിന്നും തന്നെ ജോലി ചെയ്യുകയാണ് 3000-3500 ബീഡി വരെ തെറുക്കും. തന്റെ സമ്പാദ്യം കൂടാതെ ഭാര്യ മരിച്ചപ്പോൾ ലഭിച്ച ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള തുകയും ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്നു. അതിൽ നിന്നുള്ള തുകയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതെന്നും ജനാർദ്ദനൻ പറഞ്ഞു. താൻ ഭിന്നശേഷിക്കാരനാണ്. ഇടതു ചെവി പുർണമായും കേൾക്കില്ല: വലതു ചെവിയിൽ പല തവണ ശസ്ത്രക്രിയ നടത്തി. ക്ഷയരോഗം ബാധിച്ച് കുറച്ചു കാലം ചികിത്സയിലായിരുന്നു. അന്ന് ഡോക്ടർമാരും ആശുപത്രി ജീവനക്കാരും കാണിച്ച കരുതൽ തന്റെ മനസിലുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ അതുകൂടി കാരണമായിട്ടുണ്ടെന്ന് ജനാർദ്ദനൻ പറഞ്ഞു.
പുറംലോകമറിഞ്ഞത് സുന്ദർരാജിന്റെ കുറിപ്പിലൂടെ
കണ്ണൂരിൽ ബാങ്ക് ഉദ്യോഗസ്ഥനായ സി പി സുന്ദർരാജ് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പാണ് ഈ സംഭവത്തെ കൂടുതൽ ശ്രദ്ധേയമാക്കിയത്. സാധാരണക്കാരനായ, അവശനായ ഒരു മനുഷ്യൻ ബാങ്കിലേക്കു കയറിവന്ന് ചോദിച്ചു: എന്റെ അക്കൗണ്ടിൽ എത്ര രൂപയുണ്ടെന്നു പറയാമോ? 2,00,850 രൂപയുണ്ടെന്ന ഉദ്യോഗസ്ഥന്റെ മറുപടിക്കു പിന്നാലേ അടുത്ത നിർദ്ദേശമെത്തി- അതിൽ രണ്ടു ലക്ഷം രൂപ കോവിഡ് വാക്സീൻ വാങ്ങാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകണം. 'ആദ്യം അമ്പരപ്പായിരുന്നു, പിന്നെ ഞങ്ങളെപോലെയുള്ള ഉദ്യോഗസ്ഥരൊക്കെ ആ മനുഷ്യന്റെ മുന്നിൽ എത്ര ചെറുതാണെന്ന് ഓർത്തുപോയി''- സൗന്ദർ രാജ് പറഞ്ഞു.
ബാങ്കിലേക്കു വന്ന ആ മനുഷ്യനോട് സൗന്ദർരാജ് വിശദമായി സംസാരിച്ചു. 'കാണുമ്പോൾതന്നെ അവശത തോന്നുന്ന ഒരാൾ. കുറച്ചു സംസാരിച്ചപ്പോൾ ജീവിക്കാൻ മറ്റു ചുറ്റുപാടുകൾ ഒന്നും ഇല്ലെന്നും മനസ്സിലായി. വേണ്ടത്ര ആലോചന ഇല്ലാതെ എടുത്ത തീരുമാനം ആണെങ്കിലോ എന്നുകരുതി ഒരു ലക്ഷം ഇപ്പോഴും ബാക്കി അൽപം കഴിഞ്ഞും അയച്ചാൽ പോരെ എന്നു ചോദിച്ചു. നിങ്ങൾക്ക് പൈസ ആവശ്യമായി വന്നാലോ എന്നും ഓർമിപ്പിച്ചു'-സൗന്ദർരാജ് കുറിച്ചു.
എനിക്ക് ജീവിക്കാൻ ഇപ്പോൾ യാതൊരു ബുദ്ധിമുട്ടും ഇല്ല. വികലാംഗ പെൻഷൻ കിട്ടുന്നുണ്ട്. കൂടാതെ ബീഡി തെറുപ്പും ഉണ്ട്. അതിനു ആഴ്ചയിൽ 1000 രൂപ വരെ കിട്ടാറുണ്ട്. എനിക്ക് ജീവിക്കാൻ അതു തന്നെ ധാരാളം. മുഖ്യമന്ത്രി ഇന്നലെ ഈ കാര്യം പറഞ്ഞപ്പോൾ എടുത്ത തീരുമാനമാണ്. വളരെ ആലോചിച്ചു തന്നെ. പണം ഇന്നയച്ചാലേ എനിക്ക് ഉറങ്ങാൻ കഴിയൂ. എന്റെ പേര് ആരോടും വെളിപ്പെടുത്തരുത്'-പ്രായമായ ആ മനുഷ്യന്റെ മറുപടി ഇങ്ങനെ. അക്കൗണ്ടിലുള്ള പണം മുഴുവനായി കൈമാറുകയാണ്. ബന്ധുക്കളെ അറിയിക്കണോ എന്നതടക്കം ചർച്ചയായി. പ്രായമായയാൾ നിലപാടിൽ ഉറച്ചുനിന്നു. എന്റെ പണം അയയ്ക്കുന്നതിൽ നിങ്ങൾക്കെന്താ പ്രശ്നമെന്ന് അൽപം ദേഷ്യപ്പെടുകയും ചെയ്തു. അനാവശ്യ ചോദ്യം ചോദിക്കേണ്ടിയിരുന്നില്ല എന്ന് അദ്ദേഹത്തിന്റെ കാരുണ്യമുള്ള മുഖഭാവം കണ്ടപ്പോൾ ഉദ്യോഗസ്ഥർക്കു മനസിലായി. നിരവധി പാവപ്പെട്ട മനുഷ്യർക്ക് താങ്ങാകാൻ ആ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അവർ കൈമാറി.