- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീഡിയാ വൺ ചാനൽ വിലക്കിൽ തീരുമാനം വൈകിപ്പിക്കാൻ കേന്ദ്ര സർക്കാർ; സംപ്രേഷണ വിലക്കിൽ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ കൂടുതൽ സമയം വേണമെന്ന് സർക്കാർ അഭിഭാഷകൻ; വേനലവധി വരെ ഹർജിയിൽ അന്തിമ തീർപ്പിന് സാധ്യത കുറവ്; നീട്ടിവയ്ക്കൽ കത്ത് ചർച്ചയാകുമ്പോൾ
ന്യൂഡൽഹി: മീഡിയ വൺ സംപ്രേഷണ വിലക്കിൽ സുപ്രീംകോടതി തീരുമാനം വൈകും. സംപ്രേഷണ വിലക്ക് ചോദ്യം ചെയ്തുള്ള ഹർജികളുടെ മറുപടി സത്യവാങ്മൂലത്തെ സംബന്ധിച്ച നിർദ്ദേശങ്ങളൊന്നും വകുപ്പിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് സർക്കാർ അഭിഭാഷകൻ. അതിനാൽ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ രണ്ടാഴ്ചത്തെ സമയം കൂടി തേടി സർക്കാർ അഭിഭാഷകൻ അമരീഷ് കുമാർ സുപ്രീം കോടതി രജിസ്ട്രാർക്ക് കത്തു നൽകി.
ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, സൂര്യ കാന്ത്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് മറ്റന്നാൾ മീഡിയ വൺ സംപ്രേഷണ വിലക്കുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹർജികൾ പരിഗണിക്കുന്നത് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ കത്ത് നൽകിയത്. ഇത് കേന്ദ്ര സർക്കാരിന്റെ തന്ത്രമാണെന്നും സൂചനയുണ്ട്.
മറുപടി സത്യവാങ്മൂലത്തിന്റെ ഉള്ളടക്കം തീരുമാനിക്കേണ്ടത് ഉന്നതങ്ങളിലാണെന്ന് ആയിരുന്നു കഴിഞ്ഞ തവണ ഹർജി നീട്ടിവയ്ക്കാൻ നൽകിയ അപേക്ഷയിൽ കേന്ദ്രം വ്യക്തമാക്കിയിരുന്നത്. മെയ് 20 ന് സുപ്രീം കോടതി വേനൽ അവധിക്കായി അടയ്ക്കും. ജൂലൈ പതിനൊന്നിന് മാത്രമേ വേനൽ അവധി കഴിഞ്ഞ് കോടതി തുറക്കുകയുള്ളു. അതിനാൽ കേന്ദ്ര സർക്കാർ അഭിഭാഷകന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചാൽ ഹർജികൾ ഇനി ജൂലൈയിൽ മാത്രമേ പരിഗണനയ്ക്ക് വരാൻ സാധ്യത ഉള്ളു.
മീഡിയവൺ ചാനൽ മാനേജ്‌മെന്റ്, എഡിറ്റർ പ്രമോദ് രാമൻ, കേരള പത്രപ്രവർത്തക യൂണിയൻ തുടങ്ങിയവരുടെ ഹർജികൾ കഴിഞ്ഞ ഏപ്രിൽ നാലിന് സുപ്രീം കോടതി പരിഗണിച്ചിരുന്നു. ഹൈക്കോടതി ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചിരുന്നത്. അന്ന് കേന്ദ്രം കേസിൽ മറുപടി സമർപ്പിക്കാൻ നാലാഴ്ചത്തെ സാവകാശം തേടിയതോടെയാണ് കേസ് ഈ മാസത്തേക്ക് മാറ്റിയത്.
ചാനലിന്റെ പ്രവർത്തനം വിലക്കിയ നടപടി മാർച്ച് പതിനഞ്ചിന് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. മുദ്രവച്ച കവറുകളിൽ രേഖകളും റിപ്പോർട്ടുകളും അടക്കം സമർപ്പിക്കുന്നതിന്റെ സാധുത പരിശോധിക്കുമെന്നും സുപ്രീംകോടതി സൂചിപ്പിച്ചിരുന്നു. മാർച്ച് 15 ന് കേസ് പരിഗണിച്ചപ്പോൾ മാർച്ച് 30 നുള്ളിൽ കേന്ദ്രത്തോട് മറുപടി നൽകാൻ സുപ്രിം കോടതി ആവശ്യപ്പെട്ടെങ്കിലും ഇതിന് കൂടുതൽ സമയം കേന്ദ്രം ചോദിച്ചതോടെയാണ് ഒരു മാസത്തേക്ക് സമയം നൽകിയത്.
മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്കിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി കേന്ദ്രസർക്കാരിന് നോട്ടീസയച്ചത്. ഹർജിയുടെ പകർപ്പ് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകർക്ക് കൈമാറാൻ പത്രപ്രവർത്തക യൂണിയന് കോടതി അനുമതി നൽകിയിരുന്നു. മീഡിയ വൺ നൽകിയ ഹർജികൾക്കൊപ്പമാണ് പത്രപ്രവർത്തക യൂണിയന്റെ ഹർജിയും കോടതി പരിഗണിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ